India - 2024

ഇന്നും നിലനില്‍ക്കുന്ന അത്ഭുതമാണ് ഈശോ: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 23-12-2019 - Monday

പാലാ: പഴയനിയമത്തില്‍ മറഞ്ഞിരിക്കുന്ന ഈശോയെ തിരിച്ചറിയുകയും വരാനിരിക്കുന്ന രക്ഷകനെ കണ്ടെത്തുകയും ചെയ്ത സഭാപിതാക്കന്മാര്‍ പഠനവിഷയമാവണമെന്നും ഇന്നും നിലനില്‍ക്കുന്ന അത്ഭുതമാണ് ഈശോയെന്നും നാം ഇറങ്ങേണ്ട കുളവും കോരേണ്ട ജലവും ഈശോയാണെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത 37ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭാപിതാവായ ഇസഹാക്കിനെപ്പോലെ നൂറുമേനി വിതയ്ക്കുന്ന കര്‍ഷകനാകാനും വിശുദ്ധിയും സൗന്ദര്യവും കന്യാത്വവും നിറഞ്ഞുനിന്ന റബേക്കയെപ്പോലെ മാതൃകയാകാനും നമുക്കാവണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു

ഇസഹാക്കും റബേക്കയും തമ്മിലുള്ള വിവാഹം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടതായതുകൊണ്ടാണ് എല്ലാ സഭകളും ക്രൈസ്തവ വിവാഹത്തിന്റെ പ്രാര്‍ത്ഥനകളില്‍ ഇവരെ പരാമര്‍ശിക്കുന്നത്. കുടുംബജീവിതത്തിന്റെ സാരസംഗ്രഹം പരസ്പര സ്‌നേഹമാണ്. പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളില്‍ നിന്നാണ് ദൈവവിളി ഉണ്ടാകുന്നത്. സമര്‍പ്പണമാണ് സഭയെ നിലനിര്‍ത്തുന്നത്. മൂവായിരത്തില്‍പരം സമര്‍പ്പിതര്‍ക്കും രണ്ടായിരത്തില്‍പരം മിഷ്ണറിമാര്‍ക്കും അഞ്ഞൂറില്‍പരം വൈദികര്‍ക്കും 28 മെത്രാന്‍മാര്‍ക്കും ജന്മം നല്‍കിയ പാലാ രൂപത പ്രത്യേകം അനുഗ്രഹിക്കപ്പെട്ടതാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വാഗമണ്‍ മൗണ്ട് നെബോ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് വാഴചാരിക്കല്‍, എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, ഫാ. ജോണ്‍ എടേട്ട് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ മിനിസ്ട്രിയുടെ വാഗമണ്‍ മൗണ്ട് നെബോ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. തോമസ് വാഴചാരിക്കല്‍ എഴുതിയ ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ എന്ന പുസ്തക പരന്പരയുടെ പ്രകാശനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദ്യപ്രതി പാലാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലിനു നല്‍കി നിര്‍വഹിച്ചു.

പ്രഭാത കണ്‍വന്‍ഷനില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ബ്രദര്‍ ജോണ്‍ പോള്‍, ബ്രദര്‍ ബോണി മാടയ്ക്കല്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. സായാഹ്ന കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍, ഫാ. ജോര്‍ജ് വരകുകാലാപറന്പില്‍, ഫാ. കുര്യന്‍ പോളക്കാട്ട്, തുടങ്ങിയവര്‍ സഹകാര്‍മികരായി. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും


Related Articles »