India - 2024

രക്ഷകന്റെ ജനന തിരുനാള്‍ കൊണ്ടാടുവാന്‍ നാടും നഗരവും ഒരുങ്ങി

സ്വന്തം ലേഖകന്‍ 23-12-2019 - Monday

കൊച്ചി: തന്നെ തന്നെ ശൂന്യവത്ക്കരിച്ചു കൊണ്ട് മനുഷ്യാവതാരം ചെയ്ത ലോക രക്ഷകന്റെ ജനന തിരുനാള്‍ കൊണ്ടാടുവാന്‍ നാടും നഗരവും ഒരുങ്ങി. വിവിധ സ്ഥലങ്ങളില്‍ ഈ ദിവസങ്ങളില്‍ കരോള്‍ നടന്നു. കാരള്‍ ഗാനങ്ങള്‍ മുഴങ്ങി തുടങ്ങിയതോടെ ക്രിസ്തുമസ് രാവുകള്‍ക്ക് കൂടുതല്‍ പകിട്ടേകി വീടുകളില്‍ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ ഓര്‍മ്മ പുതുക്കി പൂല്‍ക്കൂടുകളും ഒരുങ്ങി കഴിഞ്ഞു. നോമ്പിന്റെ പുണ്യ ദിനങ്ങള്‍ സമാപിക്കുവാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ വിവിധ ദേവാലയങ്ങളില്‍ പൊതുവായ കുമ്പസാരത്തിന് അവസരം ക്രമീകരിച്ചിട്ടുണ്ട്. ആയിരങ്ങളാണ് ഈ ദിവസങ്ങളില്‍ അനുരഞ്ജന കൂദാശ സ്വീകരിച്ചത്.

അതേസമയം ക്രിസ്തുമസ് മാര്‍ക്കറ്റുകളും സജീവമാണ്. വൈവിധ്യമാര്‍ന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത ഉണ്ണിയേശുവിന്റെ തിരുപിറവി ചിത്രീകരിക്കുന്ന രൂപങ്ങളുടെ വില്‍പ്പന മാര്‍ക്കറ്റുകളില്‍ തകൃതയായി നടക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ കുടുംബങ്ങളാണ് മിക്ക സ്ഥലങ്ങളിലും ക്രിസ്മസിനുവേണ്ടി ഉണ്ണിയേശുവിന്റെ രൂപങ്ങളുടെ നിര്‍മാണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്നത്. പാതയോരത്തെ വില്‍പ്പനയ്ക്ക് പുറമെ സൈക്കളില്‍ വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പ്പന നടത്തുന്നവരുമുണ്ട് ഇവരുടെ കൂട്ടത്തില്‍.


Related Articles »