Faith And Reason

നൈജീരിയയിലെ ക്രൈസ്തവ നരഹത്യ കണ്ടില്ലെന്ന് നടിച്ച് മലയാള മാധ്യമങ്ങള്‍: റിപ്പോര്‍ട്ട് ചെയ്തത് ദീപിക മാത്രം

സ്വന്തം ലേഖകന്‍ 28-12-2019 - Saturday

കൊച്ചി: ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയയില്‍ നടന്ന അതിക്രൂരമായ ക്രൈസ്തവ നരഹത്യ കണ്ടില്ലെന്ന്‍ നടിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍. ക്രൈസ്തവ സഭകളുടെ ഓരോ ചലനവും ഒപ്പിയെടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന മലയാള മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കാണിച്ച നിസംഗത ഗുരുതരമായ അജണ്ടയുടെ ഭാഗമാണെന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആഫ്രിക്കന്‍ വിഭാഗം ഇസ്ലാമിക് സ്റ്റേറ്റ്സ് ആഫ്രിക്കന്‍ പ്രോവിന്‍സ് ( ISWAP) ആണ് ക്രൈസ്തവ കൂട്ടക്കുരുതി നടത്തിയത്. തടവില്‍ പാര്‍പ്പിച്ചിരിന്ന 11 ബന്ദികളെ തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരിന്നു.

നൈജീരിയായിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് പിന്നാലെ രാജ്യത്തെ ഏറ്റവും സര്‍ക്കുലേഷനുള്ള പത്രങ്ങളായ നൈജീരിയന്‍ ട്രൈബ്യൂണ്‍, ദ പഞ്ച് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിന് പിന്നാലെ ലോകത്തെ മുന്‍ നിര മാധ്യമങ്ങളായ ബി‌ബി‌സി, അല്‍ ജസീറ, ന്യൂയോര്‍ക്ക് ടൈംസ്, ഫോക്സ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളില്‍ അതീവ പ്രാധാന്യത്തോടെ വാര്‍ത്തയായി. എന്നാല്‍ ദീപിക ഒഴികെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചില്ല. ഈ നിലപാടിലൂടെ വ്യക്തമാകുന്നത് മാധ്യമ ഭീകരതയാണെന്നാണ് മിക്കവരും സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തുന്നത്.

ക്രൈസ്തവരെ തടവില്‍ പാര്‍പ്പിച്ചിരിന്ന ഇസ്ളാമിക തീവ്രവാദികള്‍ ക്രിസ്തുമസ് ദിനത്തിലാണ് പതിനൊന്നോളം ക്രൈസ്തവരെ കൊലപ്പെടുത്തിയതെന്നത് വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വാർത്താ ഏജൻസി അമാഖ് ന്യൂസ് ഏജൻസി വിശ്വാസികളെ തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ വ്യാഴാഴ്ച പുറത്തു വിട്ടിരിന്നു. ഐഎസ് തലവന്മാരായ അബൂബക്കര്‍ അല്‍ ബാഗ്ദാദി, അബ്ദുള്‍ഹസന്‍ അല്‍ മുജാഹിര്‍ എന്നിവര്‍ വധിക്കപ്പെട്ടതിനു പ്രതികാരമാണിതെന്ന് തീവ്രവാദികള്‍ പ്രസ്താവിച്ചതും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മുന്പു തങ്ങളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് തടവുകാര്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ എന്ന സംഘടനയോട് അഭ്യര്‍ഥിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്.

അതീവ ദയനീയമായ നരഹത്യ നടന്നിട്ടും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും നിശബ്ദത പാലിക്കുന്ന മലയാള മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയണമെന്ന അഭിപ്രായമാണ് നവമാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്നത്. ചില വാര്‍ത്തകള്‍ക്ക് അതീവ പ്രാധാന്യം നല്‍കുകയും ക്രൈസ്തവ നരഹത്യ അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ബന്ധിത മൌനം പാലിക്കുകയും ചെയ്യുന്ന മലയാള മനോരമ, മാതൃഭൂമി, മംഗളം, മാധ്യമം അടക്കമുള്ള പത്രങ്ങളുടെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് ഓഫീസില്‍ വിളിച്ച് പ്രതിഷേധം അറിയിക്കുന്നവരും നിരവധിയാണ്.

More Archives >>

Page 1 of 20