Social Media - 2020

പതിനൊന്ന് വര്‍ഷം ദേവാലയത്തില്‍ നിന്ന് അകന്നു കഴിഞ്ഞ വ്യക്തിയെ ദേവാലയത്തിലെത്തിച്ച അനുഭവ സാക്ഷ്യം

ഫാ. ക്ലീറ്റസ് കാരക്കാടൻ 01-01-2020 - Wednesday

ഞാൻ നാട്ടിലെ ഒരു ദേവാലയത്തിലെ വികാരിയായി നിയമിതനായിട്ട്‌ ആഴ്ചകളെ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു. ഒരുദിവസം കുടുംബ യൂണിറ്റിലെ മാസയോഗം കഴിഞ്ഞ്‌ തിരമാലകൾ തഴുകുന്ന കടൽത്തീരത്തെ പഞ്ചാരമണലിൽ ഇടതൂർന്നുവളരുന്ന തെങ്ങുകൾക്കിടയിലൂടെ നടന്നുവരുമ്പോൾ ഒരുതെങ്ങിന്റെ ചുവട്ടിൽ രണ്ടു കൈകളുമില്ലാത്ത ഒരു ക്രൂശിതരൂപം കിടക്കുന്നതു കണ്ടു. ക്രൂശിതരൂപം തറച്ചിരുന്ന കുരിശ്‌ അതിലുണ്ടായിരുന്നില്ല. എന്റെ കൈകളിൽ ആ രൂപമെടുത്ത്‌ തലയുയർത്തി നോക്കുമ്പോൾ ആദ്യം കണ്ടത്‌ സമീപത്തായി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വിശുദ്ധ ഫ്രാൻസീസ്‌ സേവ്യറിന്റെ നാമധേയത്തിലുള്ള ഒരു പഴയ ദേവാലയമായിരുന്നു.

ഇടവകയിലെ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതാണ്‌ ആ ദേവാലയം. പിന്നീട്‌ ആ ദേവാലയം ഇടവകപ്പള്ളിക്ക്‌ കൊടുക്കുകയും ദേവാലയത്തിന്റെ സംരക്ഷണത്തിനായി ദേവാലയത്തിനടുത്തുള്ള തെങ്ങുകളുള്ള ഒരു പറമ്പും കൊടുത്തു. പുതിയ ഇടവകദേവാലയം റോഡിനുസമീപം പണിതപ്പോൾ പഴയ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ നടക്കാതിരിക്കുകയും ദേവാലയം വേണ്ട രീതിയിൽ സംരക്ഷിക്കാതിരിക്കുകയും ചെയ്തപ്പോൾ ദേവാലയത്തിന്റെ ആദ്യകാല ഉടമസ്ഥരായിരുന്ന കുടുംബത്തിലെ ഒരാൾ ദേവാലയവും സ്ഥലവും തിരിച്ചു കിട്ടുന്നതിനുവേണ്ടി കേസ്‌ കൊടുക്കുകയും ചെയ്തിരുന്നു.

കേസുള്ളതിനാൽ ആ പള്ളിയിൽ പോകുവാൻ പള്ളിക്കാര്യത്തിന്‌ അനുവാദമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധർ ആ പള്ളി കൈയ്യടക്കിവെച്ചിരുന്നു. വർഷങ്ങളോളം നീണ്ട നിയമയുദ്ധം തീർക്കാൻ രൂപതയിലെ പിതാക്കന്മാരും വൈദീകരും കൊല്ലങ്ങളോളം പരിഹാരചർച്ചകൾ നടത്തിയിട്ടും ഒരുപ്രതിവിധിയും ഉണ്ടായിരുന്നില്ല. മുൻപ്‌ ഇരുന്ന വൈദികരിൽ നിന്നും ഇടവകക്കാരിൽ നിന്നുമെല്ലാം ഈവക കാര്യങ്ങൾ ഞാൻ ഒരുപാടുകേട്ടിരുന്നു. ക്രൂശിതരൂപമെടുത്ത്‌ ഞാൻ പള്ളിമുറിയിലെ മേശപ്പുറത്തു കൊണ്ടുവന്നുവെച്ചു.

അനാഥമായിക്കിടന്ന ആ ക്രൂശിതരൂപം എന്റെ ഹൃദയത്തിൽ വല്ലാത്ത ഭാരമുണ്ടാക്കി. ഒരുനിമിഷം ആ ക്രൂശിതരൂപത്തെ നോക്കിയിട്ട്‌ ഞാൻ ചോദിച്ചു, “Tell me Jesus, What You want me to do?” ആ നിശബ്ദതയിൽ മനസ്സിലേക്ക്‌ വന്നത്‌ കേസുകൊടുത്ത വ്യക്തിയെക്കുറിച്ച്‌ ഞാൻ പറഞ്ഞുകേട്ട ചിലകാര്യങ്ങളായിരുന്നു. അദ്ദേഹം കഴിഞ്ഞ പതിനൊന്നു വർഷങ്ങളായി ഈ പള്ളിയിൽ വരാറില്ല. വേറെ പള്ളികളിലൊക്കെ ഞായറാഴചകളിൽ പോകാറുണ്ട്‌. വേദപാഠത്തിനു വരുന്ന പേരക്കുട്ടികളെ വിളിക്കാൻ വരുമ്പോൾ അദ്ദേഹം റോഡിനു സമീപംവന്നു കാത്തുനിൽക്കുകയാണു പതിവ്‌. ഒരിക്കലും ഈ പള്ളിയുടെ മുറ്റത്ത്‌ വരാറില്ല.

ഞാൻ മുറിയടച്ച്‌ പുറത്തിറങ്ങി അദ്ദേഹത്തിന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു. വീട്ടിൽ ചെന്നപ്പോൾ ഭാര്യ അത്ഭുതത്തോടെ എന്നെ സ്വീകരിച്ച്‌ വീടിനകത്ത്‌ ഇരുത്തി. അവർ അത്ഭുതപ്പെടാൻ കാരണമുണ്ട്‌. ഈ ഒരു കേസുകാരണം ആ കുടുംബം ഇടവകയിലെ പലകാര്യങ്ങളിൽ നിന്നും അകന്നുനിന്നിരുന്നു. വീടുവെഞ്ചരിക്കാതിരുന്ന അനുഭവവും ഉണ്ടായെന്ന് അവർ പറഞ്ഞു. ഭാര്യ പുറത്തേക്കിറങ്ങി ഭർത്താവിനെ വിളിച്ചുകൊണ്ടുവന്നു. എന്നെ കണ്ടമാത്രയിൽ രോഷാകുലനായ അയാൾ പറഞ്ഞു. “കേസ്‌ പിൻവലിക്കണമെന്നു പറയാൻ മെത്രാനച്ചൻ പറഞ്ഞുവിട്ടതാണെങ്കിൽ ഇവിടെയിരിക്കണമെന്നില്ല, എന്റെ കുടുംബം വിറ്റാണെങ്കിലും സുപ്രീം കോടതിയിലാണെങ്കിലും ഞാൻ ഈ കേസ്‌ നടത്തും.”

ഞാൻ ശാന്തനായി അദ്ദേഹത്തോടുപറഞ്ഞു. ചേട്ടാ, ഞാൻ ഈ കേസിനെക്കുറിച്ച്‌ സംസാരിക്കാൻ വന്നതല്ല. അക്കാര്യവുമായി ഞാൻ ഈവീട്ടിൽ ഒരിക്കലും വരുവാൻ ആഗ്രഹിക്കുന്നുമില്ല. തൽക്കാലം കേസ്‌ കേസിന്റെ വഴിക്ക്‌ പോകട്ടെ. ഞാൻ വന്നത്‌ ചേട്ടനെ പള്ളിയിലേക്ക്‌ വിളിക്കാനാണ്‌. ഈ ഇടവകയിലെ വൈദീകൻ എന്ന നിലയിൽ ഓരോ വ്യക്തിയും എനിക്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഈ ഇടവകദേവാലയം താങ്കളുടേതുകൂടിയാണ്‌. ഒരാൾ പള്ളിയിൽ വരുന്നില്ല എന്നറിയുന്നത്‌ വല്ലാത്ത മനോവിഷമം ഉണ്ടാക്കുന്നു. അതുകൊണ്ട്‌ പള്ളിയിൽ വരണം. പള്ളിക്കാര്യങ്ങളിലെല്ലാം ചേട്ടനും ഉണ്ടാകണം. ഇത്രയും പറഞ്ഞിട്ട്‌ ഞാൻ പള്ളിയിലേക്ക്‌ തിരിച്ചുപോയി.

കൃത്യം മൂന്നുദിവസം കഴിഞ്ഞ്‌ ഞായറാഴ്ച ബലിയർപ്പിക്കുവാൻ പള്ളിയിൽ വന്നപ്പോൾ ഇടവകക്കാരെ മുഴുവനും അത്ഭുതപ്പെടുത്തി ആ വ്യക്തി പള്ളിയിൽ നിൽക്കുന്നത്‌ ഞാൻ കണ്ടു. പള്ളിപിരിഞ്ഞപ്പോൾ അദ്ദേഹം ഒരു കത്ത്‌ എന്നെ ഏൽപ്പിച്ചു. ഞാൻ ആ കത്തുതുറന്നു വായിച്ചു. “നന്ദി, എന്നെ ദേവാലയത്തിലേക്ക്‌ തിരികെ വിളിച്ചതിന്‌. കഴിഞ്ഞ പതിനൊന്നുകൊല്ലമായി പള്ളിയും രൂപതയുമായി ബന്ധപ്പെട്ട ധാരാളംപേർ എന്റെ വീട്ടിൽ വന്നിരുന്നു. എല്ലാവരും ഭീഷണിയുടെയും അധികാരത്തിന്റെയും സ്വരത്തിൽ കേസിൽ നിന്നു പിന്മാറി പള്ളിയും സ്ഥലവും വിട്ടുകൊടുക്കുവാൻ മാത്രം എന്നോട്‌ പറഞ്ഞു. ആരും എന്നെ ദേവാലയത്തിലേക്കു വിളിച്ചില്ല. ആദ്യമായി

അച്ചൻ എന്നെ ദേവാലയത്തിലേക്കുവിളിച്ചു. ഞാൻ കേസിൽനിന്നു പിന്മാറുകയാണ്‌. കോടതിയിൽ കൊടുക്കുവാനുള്ള ഡ്രാഫ്റ്റ്‌ വക്കീൽ തയ്യാറാക്കിയിട്ടുണ്ട്‌. ഉടനെ കോടതിയിൽ അത്‌ അറിയിക്കുന്നതാണ്‌.”

ആ തകർന്നടിഞ്ഞ പള്ളിയുടെ സ്ഥാനത്ത്‌ ഇപ്പോൾ ഒരു കുരിശടി കടൽത്തീരത്ത്‌ പുതുതായി പണികഴിപ്പിച്ചിട്ടുണ്ട്‌. അവിടെ നോവേനയും പ്രാർത്ഥനയും നടക്കുന്നതും ധാരാളം പേർ അവിടെവന്ന് പ്രാർത്ഥിക്കുന്നതും കണ്ട്‌ കഴിഞ്ഞകൊല്ലം അദ്ദേഹം ദൈവസന്നിധിയിലേക്ക്‌ യാത്രയായി. കഴിഞ്ഞ ഇരുപതു വർഷക്കാലത്തെ വൈദീക ജീവിതത്തിനിടയിൽ ക്രിസ്തു ഉപകരണമാക്കിയ കുറെ കുഞ്ഞനുഭവങ്ങൾ നൽകുന്ന സംതൃപ്തിയുണ്ട്‌. അതുമാത്രമേയുള്ളു. ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »