Faith And Reason - 2024

ടൂറിൻ തിരുക്കച്ച വീണ്ടും പൊതുവേദിയിൽ പ്രദര്‍ശനത്തിന്

സ്വന്തം ലേഖകന്‍ 02-01-2020 - Thursday

ടൂറിന്‍: യേശുവിന്റെ ശരീരം കല്ലറയിൽ പൊതിഞ്ഞ് സംസ്കരിക്കുവാൻ ഉപയോഗിച്ചുവെന്ന് കാലാകാലങ്ങളായി വിശ്വസിക്കപ്പെടുന്ന തിരുക്കച്ചയുടെ അസാധാരണ പ്രദർശനം ഡിസംബർ മാസം ഇറ്റാലിയൻ നഗരമായ ടൂറിനിൽ നടക്കും. കത്തോലിക്കാ പ്രസ്ഥാനമായ തേയ്സയുടെ ഭാഗമായ യൂറോപ്യൻ യുവജനങ്ങളുടെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചായിരിക്കും പ്രദർശനം നടക്കുക. പോളണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന തേയ്സെ യുവജനങ്ങളുടെ ഈ വർഷത്തെ വാർഷിക സമ്മേളനത്തിൽ വച്ച് ടൂറിൻ ആർച്ച് ബിഷപ്പ് സെസാരെ നോസിഗ്ലിയയാണ് 2020 ഡിസംബർ മാസം തിരുക്കച്ച പ്രദർശനം നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്.

'പിൽഗ്രിമേജ് ഓഫ് ട്രസ്റ്റ് ഓൺ എർത്ത്' എന്നാണ് പോളണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന വാർഷിക സമ്മേളനത്തിന്റെ പേര്. കഴിഞ്ഞ പത്തൊന്‍പതു വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ടൂറിൻ തിരുക്കച്ചയുടെ പൊതു പ്രദർശനം നടക്കുന്നത്. തിരുക്കച്ച സംബന്ധിച്ച് കത്തോലിക്കാസഭ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെങ്കിലും ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെയുള്ള നിരവധി മാർപാപ്പമാർ ടൂറിൻ തിരുക്കച്ചയുടെ പ്രദർശനം കാണാൻ പലപ്പോഴായി എത്തിയിട്ടുണ്ട്. 2015 ലാണ് ഫ്രാൻസിസ് മാർപാപ്പ ടൂറിൻ തിരുക്കച്ച കാണാനെത്തിയത്.

തിരുക്കച്ചയുടെ മുന്‍പില്‍ ഏതാനും നിമിഷം മാർപാപ്പ അന്ന് മൗനമായി പ്രാർത്ഥിച്ചു. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രതീകമെന്നു തിരുക്കച്ചയെ ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചപ്പോള്‍ ക്രൂശിലേറിയ മനുഷ്യന്റെ രക്തത്താൽ എഴുതപ്പെട്ട വസ്ത്രമെന്നായിരിന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പ നല്കിയ വിശേഷണം. ടൂറിനിലെ തിരുക്കച്ചയിൽ പതിഞ്ഞ മനുഷ്യരൂപം ക്രൂശിലേറ്റപ്പെട്ട യേശുവിന്‍റേത് തന്നെയെന്ന് അടിവരയിടുന്ന റിപ്പോര്‍ട്ടുമായി വിവിധ ഗവേഷക സംഘങ്ങള്‍ രംഗത്തെത്തിയിരിന്നു. 2019 ജനുവരി മാസത്തില്‍ ഇറ്റാലിയന്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലത്തേത്.

യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുക്കച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ.

More Archives >>

Page 1 of 21