News

എലിസബത്ത് രാജ്ഞിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

സ്വന്തം ലേഖകന്‍ 22-04-2016 - Friday

2016 ഏപ്രിൽ 21, വ്യാഴാഴ്ച എലിസബത്ത് രാജ്ഞിക്ക് 90 വയസ് തികഞ്ഞു. രാജ്ഞിയുടെ വത്തിക്കാൻ സന്ദർശനങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

2014 ഏപ്രിൽ 3-ാം തിയതിയാണ് എലിസബത്ത് രാജ്ഞി അവസാനമായി വത്തിക്കാനിലെത്തിയത്. ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു മടങ്ങിയ രാജ്ഞി, അന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.

1951-ലാണ് എലിസബത്ത് രാജ്ഞി ആദ്യമായി വത്തിക്കാനിൽ ഒരു മാർപാപ്പയെ സന്ദർശിച്ചത്. പയസ് പന്ത്രണ്ടാം മാർപാപ്പയുടെ കാലഘട്ടത്തിലാണ് ആ സന്ദർശനം ഉണ്ടായത്. വെസ്റ്റ് മിൻസ്റ്ററിലെ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ കോർമാക് മർഫി ഓകോന്നർ ആ സമയം റോമിലെ വെനറബിൾ ഇംഗ്ലീഷ് കോളേജിൽ വൈദിക വിദ്യാർത്ഥിയായിരുന്നു. രാജകുമാരിയുടെ അന്നത്തെ സന്ദർശനവും അഭിപ്രായങ്ങളും അദ്ദേഹം ഇപ്പോഴും ഓർക്കുന്നു. 'ബക്കിംഹാം കൊട്ടാരമെല്ലാം വളരെ വലുതാണ്. പക്ഷേ, വത്തിക്കാനുമായി താരതമ്യം ചെയ്യാനാവില്ല.' വത്തിക്കാൻ കണ്ടു കഴിഞ്ഞപ്പോൾ രാജകുമാരി പറഞ്ഞ വാക്കുകള്‍ കർദ്ദിനാൾ ഇപ്പോളും ഓർക്കുന്നു.

രാജ്ഞിയുടെ അടുത്ത സന്ദർശനം 1961- ലായിരുന്നു. അന്നത്തെ മാർപാപ്പ ജോൺ 23- മൻ രാജ്ഞിയെ സ്വീകരിച്ചു. അന്ന് രാജ്ഞിയെ എല്ലാവിധ ബഹുമതിയോടും കൂടിയാണ് പിതാവ് സ്വീകരിച്ചത്. വത്തിക്കാൻ കൊട്ടാരത്തിന്റെ നവോത്ഥാന കാലഘട്ടത്തിലെ ഗാംഭീര്യം രാജ്ഞിയെയും മറ്റ് ഇംഗ്ലീഷ് അനുചരന്മാരെയും അത്ഭുതപ്പെടുത്തുകയുണ്ടായി.

അന്തരിച്ച മുൻ ആൾട്രീൻ ചാം പ്രഭു, ജോൺഗ്രിഗ് മറ്റൊരു വിധത്തിലാണ് അന്നത്തെ രാജ്ഞിയുടെ സ്വീകരണത്തെ വിലയിരുത്തിയത്. സെന്റ് പീറ്റേർസിൽ നടന്ന ചടങ്ങുകൾ, ഒരു കുടുംബത്തിന്റെ ഒരുമിച്ചുകൂടൽ പോലെ എളിമയുള്ളതായിരുന്നുവെന്നും ജോൺ XXIII - മൻ മാർപാപ്പ ഒരു ഗ്രാമീണ പുരോഹിതനെ പോലെ ശുദ്ധനായിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

1980 ഒക്ടോബറിലും 2000 ഒക്ടോബറിലും എലിസബത്ത്‌ രാജ്ഞി ജോൺ പോൾ രണ്ടാമൻ മാർപാപ്പായെ വത്തിക്കാനിൽ സന്ദർശിച്ചു. 2010 സെപ്റ്റംബറിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പക്ക്‌ രാജ്ഞി ആതിഥ്യമരുളി.