Faith And Reason

നൈജീരിയയിൽ ക്രൈസ്തവ വിശ്വാസിയെ എട്ടു വയസ്സുള്ള തീവ്രവാദി കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത്

സ്വന്തം ലേഖകന്‍ 23-01-2020 - Thursday

അബൂജ: നൈജീരിയയിൽ ക്രൈസ്തവ വിശ്വാസിയെ എട്ട് വയസ്സുള്ള ബാലനായ തീവ്രവാദി വെടിവെച്ചു കൊല്ലുന്ന ഞെട്ടിക്കുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമമായ അമാഖ് ന്യൂസ് ഏജൻസി പുറത്തുവിട്ടു. ഇതുവരെ ഒഴുക്കിയ ചോരയ്ക്ക് പ്രതികാരം ചെയ്യാതെ, തങ്ങൾ ക്രൈസ്തവരെ കൊല്ലുന്നത് അവസാനിപ്പിക്കില്ലെന്ന് ബാലൻ വീഡിയോയിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏതാണ്ട് എട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ക്രൂരകൃത്യം ചെയ്യുന്ന ബാലൻ, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ സംഘടനയിലെ അംഗമാണ്. ജിഹാദി സംഘടനകളുടെ വിവരങ്ങൾ ശേഖരിക്കുന്ന സൈറ്റ് ഇൻറലിജൻസ് ഗ്രൂപ്പാണ് വീഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ അസന്മാർഗ്ഗികതയ്ക്ക് അവസാനമില്ലെന്ന് സംഭവം സൂചിപ്പിക്കുന്നതായി സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പിന്റെ അധ്യക്ഷ റീത്താ കാറ്റ്സ് പറഞ്ഞു. വടക്കു കിഴക്കൻ നൈജീരിയയിൽ ചിത്രീകരിച്ച വീഡിയോയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടിരിക്കുന്നതെന്നു റീത്താ കാറ്റ്സ് വെളിപ്പെടുത്തി. വീഡിയോയിലെ ബാലൻ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസിന്റെ അംഗമാണെന്നും അവർ കൂട്ടിച്ചേർത്തു. ബോക്കോ ഹറാം തീവ്രവാദ സംഘടനയിൽ നിന്ന് പിരിഞ്ഞു പോയവർ രൂപം കൊടുത്തതാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ്.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ 11ന് ക്രൈസ്തവരെ കഴുത്തറുത്തു കൊലപ്പെടുത്തിയത് ഈ തീവ്രവാദ സംഘടനയായിരിന്നു. തങ്ങളുടെ നേതാക്കളെ അമേരിക്ക കൊന്നതിന് പ്രതികാരമായിട്ടാണ് ക്രൈസ്തവരെ വധിച്ചതെന്നാണ് അന്ന് സംഘടന പറഞ്ഞത്. ക്രിസ്തുമസ് ദിനത്തില്‍ ഏഴോളം ക്രൈസ്തവരെ ബൊക്കോ ഹറാമും കൊലപ്പെടുത്തിയിരുന്നു. അതേസമയം നൈജീരിയയിലെ ക്രൈസ്തവരുടെ അവസ്ഥ ഓരോ ദിവസവും അതികഠിനമായി കൊണ്ടിരിക്കുകയാണ്. നൈജീരിയന്‍ സംസ്ഥാനമായ അഡമാവയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ (സി.എ.എന്‍) ചെയര്‍മാനും, നൈജീരിയയിലെ ബ്രദറന്‍ സഭയുടെ (ഇ.വൈ.എന്‍) നേതാവുമായ റവ. ലാവന്‍ അന്‍ഡിമിയെ ജനുവരി 20നാണ് ബൊക്കോഹറാം തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 22