Faith And Reason - 2024

വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യം ഏറ്റുപറഞ്ഞ് പ്രമുഖ പ്രൊട്ടസ്റ്റന്‍റ് പാസ്റ്റര്‍

സ്വന്തം ലേഖകന്‍ 23-01-2020 - Thursday

ഡെട്രോയിറ്റ്: വിശുദ്ധ കുര്‍ബാന പ്രതീകാത്മകമായ പ്രകടനം മാത്രമാണെന്ന പ്രൊട്ടസ്റ്റന്റ് വ്യാഖ്യാനത്തെ പരസ്യമായി തള്ളിക്കളഞ്ഞ് വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യത്തെ സാക്ഷ്യപ്പെടുത്തി പ്രമുഖ ഇവാഞ്ചലിക്കല്‍ സുവിശേഷക പ്രഘോഷകന്‍. ആഗോള തലത്തില്‍ തന്നെ പ്രസിദ്ധനായ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകനും മെഗാചര്‍ച്ച് പാസ്റ്ററുമായ ഫ്രാന്‍സിസ് ചാനാണ് ദിവ്യകാരുണ്യത്തെ സംബന്ധിച്ച കത്തോലിക്കാ പ്രബോധനത്തെ ഏറ്റുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സകലരും വിശുദ്ധ കുര്‍ബാനയെ അക്ഷരാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരവും രക്തവുമായിട്ടാണ് കണ്ടിരുന്നതെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും ഇത് അടുത്ത നാളുകളിലാണ് ബോധ്യപ്പെട്ടതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് വിശുദ്ധ കുര്‍ബാനയെ വെറും പ്രതീകമായി ചിത്രീകരിച്ചു തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബാനക്ക് സഭകള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാത്തതിനെ അപലപിച്ച ചാന്‍, മുന്‍പ് ദിവ്യകാരുണ്യത്തിനായിരുന്നു പ്രാധാന്യമെന്നും ആരോ ഇതിനിടയില്‍ ഒരു പ്രസംഗപീഠം വെച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. അക്ഷരാര്‍ത്ഥത്തില്‍ ഏതാണ്ട് മുപ്പതിനായിരത്തോളം സഭാ വിഭാഗങ്ങള്‍ ഉള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ദിവ്യകാരുണ്യത്തിന് പ്രാധാന്യം നല്‍കിയാല്‍ മാത്രമേ സഭകളുടെ ഐക്യം സാധ്യമാവുകയുള്ളുവെന്ന സൂചനയും അദ്ദേഹം പ്രസംഗത്തില്‍ നല്‍കി.

ഫ്രാന്‍സിസ് ചാന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ പോവുകയാണെന്ന ഉഹാപോഹങ്ങള്‍ ശക്തമായിരുന്നുവെങ്കിലും, പ്രതീക്ഷിച്ചതിലും കൂടുതല്‍ ആഴത്തിലാണ് കത്തോലിക്കാ വിശ്വാസം സ്വാധീനിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്കോയില്‍ ‘വീ ആര്‍ ചര്‍ച്ച്’ എന്ന കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കിവരികയാണ് ഫ്രാന്‍സിസ് ചാന്‍. അദ്ദേഹത്തിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഇതിനിടെ ചാനിന്റെ കണ്ടെത്തലിനു സമാനമായ പഠനത്തിലൂടെയാണ് താനും കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രാജ്ഞിയുടെ മുന്‍ ചാപ്ലൈനും ആംഗ്ലിക്കന്‍ ബിഷപ്പുമായി ഡോ. ഗാവിന്‍ ആഷെന്‍ഡെന്‍ രംഗത്തെത്തി.

Must Read: ‍ ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ പറ്റി പെന്തക്കോസ്ത പാസ്റ്റര്‍ നടത്തിയ പ്രഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

വിശുദ്ധ കുര്‍ബാന വഴിയായി വലിയ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്നും പെന്തക്കോസ്ത് സഭകളില്‍ നടക്കുന്നതിലും അധികം അത്ഭുതങ്ങള്‍ കത്തോലിക്ക സഭയില്‍ നടക്കുന്നതായും പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകന്‍ ബെന്നി ഹിന്‍ 2016-ല്‍ പ്രസ്താവിച്ചിരിന്നു. ഇതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിയിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »