Youth Zone - 2024

സ്കൂളുകളില്‍ പ്രത്യേക വിഭാഗത്തിനു മാത്രമായി മതപഠനം നടത്തരുത്: ഹൈക്കോടതി

25-01-2020 - Saturday

കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി മതപഠനം നടത്തരുതെന്നും ഹൈക്കോടതി. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരേ മണക്കാട് ഹിദായ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി തീരുമാനം. സ്‌കൂളുകള്‍ ഒരു മതത്തിനു മാത്രം പ്രത്യേക പ്രധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണെന്നു ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവില്‍ പറയുന്നു.

പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു മതവിഭാഗത്തെക്കുറിച്ചു മാത്രം ക്ലാസ് ലഭ്യമാക്കുന്നു. മറ്റ് മതങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നു. ഇതു ശരിയല്ല. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികള്‍ക്കു മതപഠനം സ്‌കൂളുകളില്‍നിന്നു ലഭ്യമാക്കാന്‍ ഭരണഘടനാപരമായി തന്നെ തടസമില്ല. എന്നാല്‍, മറ്റു മതങ്ങളെ തിരസ്‌കരിച്ച് ഒരു മതത്തിനെ മാത്രം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതി ഭരണഘടനാവിരുദ്ധമാണെന്നു കോടതി പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ മതപഠന, മതശിക്ഷണ ക്ലാസുകള്‍ നടത്തരുതെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കണം. ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കണം. സര്‍ക്കാരിന്റെയും സിബിഎസ്ഇയുടെയും അംഗീകാരമില്ലാതെ ഇസ്‌ലാം മതവിശ്വാസികള്‍ മാത്രമായ 200ഓളം വിദ്യാര്‍ഥികളെ ചേര്‍ത്തു പഠിപ്പിക്കുകയും പ്രത്യേക മതവിദ്യാഭ്യാസം നല്‍കുകയും ചെയ്തുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണു മണക്കാട്ടെ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്. 2017 മേയ് 31ലെ ഈ ഉത്തരവിനെതിരേയായിരുന്നു ഹര്‍ജി. മില്ലത്ത് ഫൗണ്ടേഷന്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ പാഠ്യക്രമമാണ് അവിടെ പിന്തുടര്‍ന്നിരുന്നതെന്ന സര്‍ക്കാര്‍ കണ്ടെത്തല്‍ ശരിയാണെന്നു കോടതി കണ്ടെത്തി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 11