Social Media

ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാര്‍ രൂപതയുടെ പ്രസക്തി: മാര്‍ ജോസഫ് പവ്വത്തില്‍ എഴുതുന്നു

മാര്‍ ജോസഫ് പവ്വത്തില്‍ 07-02-2020 - Friday

ഈ കാലഘട്ടത്തിലെ ഏറ്റം അടിസ്ഥാനപരമായ പ്രബോധനരേഖകളാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമുക്ക് നല്‍കിയിട്ടുളളത്. പക്ഷേ പലരും ഈ രേഖകള്‍ പഠിക്കുകയും കൗണ്‍സില്‍ പ്രബോധനങ്ങള്ക്കനുസരിച്ച് തങ്ങളുടെ മനോഭാവങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. കൗണ്‍സിലിനു ശേഷം 20 വര്‍ഷം കഴിഞ്ഞപ്പോള്‍ 1985 ഡിസംബറില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഒരു അസാധാരണ “സിനഡു സമ്മേളനം” വിളിച്ചു കൂട്ടി. വിശ്വാസികളുടെയിടയില്‍ വേണ്ടത്ര ബോധവല്‍ക്കരണം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നതായിരുന്നു അവരുടെ കണ്ടെത്തല്‍. ആ സിനഡില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ പിതാവ് ചൂണ്ടികാട്ടിയ ഒരു കാര്യം കൗണ്‍സില്‍ രേഖകളിലൂടെയെല്ലാം കടന്നുപോകുന്ന രജതരേഖ സഭ ഒരു കൂട്ടായ്മയാണ് എന്ന ആശയമാണെന്നതായിരുന്നു.

ഈ കൂട്ടായ്മ വ്യക്തികളുടേതു മാത്രമല്ല, തിരുസ്സഭ സഭകളുടെ കൂട്ടായ്മയുമാണ് എന്ന ചിന്തയാണ് പലര്‍ക്കും പിടികിട്ടാതെ പോയത്. ഈ സത്യം പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയതിനാലാണ് കേരളത്തിന് പുറത്തുളള സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷയ്ക്കായി വേണ്ട ക്രമീകരണം ചെയ്യുന്നതിനെക്കുറിച്ച് പ്രശ്‌നങ്ങളുണ്ടായത്. അതുമനസ്സിലാക്കി 1987 മേയ്യ് 28-ാംതിയതി, കല്യാണ്‍ രൂപതയുടെ സ്ഥാപനത്തിനു മുന്‍പായി, ഇന്‍ഡ്യയിലെ എല്ലാ മെത്രാന്മാര്‍ക്കുമായി പരിശുദ്ധ പിതാവ് ഒരു കത്ത് എഴുതുകയുണ്ടായി. അതില്‍ സീറോമലബാര്‍ വിശ്വാസികള്‍ക്ക് അവരുടെ പാരമ്പര്യത്തിന് അനുസൃതമായ അജപാലനശുശ്രൂഷ ആവശ്യമാണെന്നും ബോംബെ പൂനാ-നാസിക്ക് പ്രദേശത്ത് അനേകം സീറോമലബാറുകാര്‍ ഉളളതുകൊണ്ട് അവിടെ ഒരു രൂപത-കല്യാണ്‍-ഉടനെ സ്ഥാപിക്കുന്നതാണ് എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു വച്ചു.

അത് എല്ലാവര്‍ക്കും സ്വീകാര്യമാക്കാന്‍ വേണ്ടതു ചെയ്യാന്‍ ഉപദേശിച്ചു കൊണ്ട് മെത്രാന്മാര്‍ക്ക് പരിശുദ്ധ പിതാവ് ഇങ്ങനെ എഴുതി:

In stating the above, after much prayer and reflection, I have every confidence that it will be given the full support of all the Bishops of the country, and that you will do everything possible to educate and form your priests, religious and faithful to accept and cooperate fully in its implementation”. ബോധവല്‍ക്കരണമാണ് വേണ്ട വിധത്തില്‍ എല്ലായിടത്തും നടക്കാതെ പോയത്.

വത്തിക്കാന്‍ കൗണ്‍സിലിന്റെ സുപ്രധാന നിഗമനങ്ങള്‍ ‍

വത്തിക്കാന്‍ കൗണ്‍സില്‍ ആദ്യമായി പ്രസിദ്ധീകരിച്ച രണ്ടു രേഖകളില്‍ ഒന്ന് ആരാധനക്രമത്തെക്കുറിച്ചുളളതായിരുന്നു. ഈ രേഖയില്‍ “റീത്ത്” എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് “ആരാധനക്രമം”എന്നായിരിക്കാം. പക്ഷേ ആരാധനക്രമം സഭാജീവിതത്തിന്റെ കേന്ദ്രമാണ് അത് സഭയെ രൂപപ്പെടുത്തുന്നതും സഭയുടെ ആത്മാവിഷ്‌ക്കാരവുമാണ്. കൗണ്‍സിലിന്റെ മറ്റു രേഖകളില്‍ തന്നെ “റീത്ത്” എന്ന പദം സഭയുടെ അന്തസത്തയായ ആരാധനയും, ആദ്ധ്യാത്മികതയും, ദൈവശാസ്ത്രവും, ശിക്ഷണക്രമവും എല്ലാം ചേര്‍ന്ന യാഥാര്‍ത്ഥ്യത്തെ അര്‍ത്ഥമാക്കുന്നുണ്ട്. അതുകൊണ്ട് ഈ രേഖയില്‍ റീത്തിനെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്:

ഈ അതി പരിശുദ്ധ സൂനഹദോസ്, പാരമ്പര്യം വിശ്വസ്തതാപൂര്‍വ്വം അനുസ്മരിച്ചുകൊണ്ട്, നിയമപരമായി അംഗീകൃതമായ എല്ലാ റീത്തുകളെയും തുല്യമായ അവകാശവും ബഹുമാനവും ഉളളവയായി പരിശുദ്ധ സഭാമാതാവ് പരിഗണിക്കുന്നുവെന്നു പ്രഖ്യാപിക്കുന്നു”(SC-3) എല്ലാ റീത്തുകളെയും തുല്യമായി പരിഗണിക്കുന്നുവെന്നത് സുപ്രധാനമായ ഒരു പ്രസ്താവനയാണ്.

സഭ ഒന്നേയുളളൂ, വ്യക്തിസഭകള്‍ പോലെയുളള വേര്‍തിരിവു വേണ്ട എന്നു ചിന്തിക്കുന്നവരുണ്ട്. അതിനുളള വ്യക്തമായ മറുപടി കൗണ്‍സില്‍ പൗര്യസ്ത സഭകളെക്കുറിച്ചുളള ഡിക്രിയില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്: തിരുസ്സഭ സഭകളുടെ കൂട്ടായ്മയാണ് എന്ന് പിതാക്കന്മാര്‍ ഇതില്‍ തീര്‍ത്തും വ്യക്തമാക്കുന്നു- “മിശിഹായുടെ നിഗൂഡശരീരവും വിശുദ്ധവും കാതോലികവുമായ തിരുസ്സഭ ഒരേ വിശ്വാസത്തിലും ഒരേ കൂദാശകളാലും ഒരേ ഭരണത്താലും പരിശുദ്ധാത്മാവില്‍ സജീവമായി സംയോജിക്കപ്പെട്ട്, ഹയരാര്‍ക്കിയാല്‍ വിവിധ സമൂഹങ്ങളായി സംഘടിക്കപ്പെട്ട വ്യക്തിസഭകള്‍, അഥവാ റീത്തുകളായിത്തീര്‍ന്നിരിക്കുന്ന വിശ്വാസികളുടെ ഗണമാണ് (OE-2). സഭ സഭകളുടെ കൂട്ടായ്മയാണ് എന്ന വ്യക്തമായ പ്രബോധനമാണ് ഇവിടെ നല്‍കപ്പെടുക. “റീത്ത്” എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഈ വിഭാഗങ്ങള്‍ കേവലം പ്രാദേശികമോ വംശീയമോ ആയ സമൂഹങ്ങളല്ലെന്നും ഉറപ്പിക്കാം.

ഈ വൈവിധ്യം സഭയെ ബലഹീനമാക്കുകയല്ല അതിനെ ശക്തമാക്കുന്നു എന്നാണ് പിതാക്കന്മാരുടെ നിലപാട്. “സഭയിലെ വൈവിധ്യം ഐക്യം ഹനിക്കുകയല്ല, പ്രത്യുത അതിനെ കൂടുതല്‍ സ്പഷ്ടമാക്കുകയാണ്. ഓരോ വ്യക്തിസഭയുടെയും അഥവാ റീത്തിന്റെയും പാരമ്പര്യങ്ങള്‍ ഭദ്രമായും അഭംഗുരമായും നിലനില്‍ക്കണമെന്നതാണ് കത്തോലിക്കാസഭയുടെ ലക്ഷ്യം” (OE-2). മാനുഷികമായ വീഴ്ച്ചകള്‍ അവിടെയും ഇവിടെയും ഉണ്ടാകാം പക്ഷേ സഭയിലെ വൈവിധ്യവും ഐക്യവും വിവിധസഭാപാരമ്പര്യങ്ങളുടെ സംയോജനമായതുകൊണ്ട് അത് ഐക്യത്തെ ആത്യന്തികമായി ശക്തിപ്പെടുത്തുകയാണ്. കൗണ്‍സിലിന്റെ ആ കാഴ്ച്ചപ്പാട് നാം അംഗീകരിക്കുകയാണ് വേണ്ടത്. ഒരു “സുവിശേഷ”മാണ് നാലു സുവിശേഷഗ്രന്ഥങ്ങളായി രൂപം കൊണ്ടത്. ആ വൈവിധ്യം മിശിഹാരഹസ്യത്തിന്റെ ആഴത്തെയാണ് വെളിവാക്കുന്നത്.

കൗണ്‍സില്‍ പിതാക്കന്മാര്‍ ഉറപ്പിച്ചു പ്രഖ്യാപിച്ച ഒരു കാര്യം ഈ സഭകള്‍ക്കെല്ലാം തുല്യമാഹാത്മ്യമാണുളളത് എന്നതായിരുന്നു ഇതു ചിലര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുളളതാകാം. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന പാശ്ചാത്യസഭ, പീഡനങ്ങള്‍ക്ക് ഇരയാകുന്ന ബലഹീനമായ ചെറു പൗര്യസ്ത്യ സഭകള്‍, ഇവയെങ്ങനെയാണ് തുല്യമാകുന്നത് എന്ന് പെട്ടന്നു തോന്നാം. പക്ഷേ ശ്ലൈഹിക പാരമ്പര്യങ്ങള്‍ തുല്യമാണ് എന്നുളളത് സഭയുടെ എന്നുമുളള നിലപാടാണ്. വി. മര്‍ക്കോസ് എഴുതിയ സുവിശേഷം ചെറുതാണ്, അതുകൊണ്ട് അതിന് മൂല്യം കുറവാണെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? സഭയുടെ ആദിമുതലുളള ബോധ്യമാണ് വത്തിക്കാന്‍ കൗണ്‍സില്‍ ആവര്‍ത്തിക്കുന്നത് “ഇപ്രകാരമുളള പൗര്യസ്ത്യ വ്യക്തിസഭകള്‍ റീത്തുകള്‍ എന്ന് പറയപ്പെടുന്നു.

റീത്തിന്റെ കാര്യത്തില്‍ അവയിലൊന്നും മറ്റുളളവയെക്കാള്‍ ഉല്‍കൃഷ്ടമല്ല അവ ഒരേ അവകാശങ്ങളനുഭവിക്കുന്നു. ഒരേ കടമകള്‍ക്കു ബോധ്യസ്ഥരാകുന്നു റോമാ മാര്‍പ്പാപ്പയുടെ ശിക്ഷണത്തില്‍ ലോകം മുഴുവന്‍ സുവിശേഷം പ്രസംഗിക്കുന്ന (MK16/15) കാര്യത്തിലും അങ്ങനെ തന്നെ” (OE-3). അതായത് ലോകം മുഴുവനിലും അജപാലനശുശ്രൂഷ നടത്താനും പ്രേഷിതപ്രവര്‍ത്തനത്തിലേര്‍പ്പെടാനും എല്ലാ സഭകള്‍ക്കും അവകാശമുണ്ട്, കടമയുണ്ട്.

പൗരസ്ത്യസഭകളുടെ ആരാധനക്രമത്തിന്റെയും ആദ്ധ്യാത്മികതയുടെയും സമ്പന്നത എടുത്തു പറഞ്ഞുകൊണ്ടു കൗണ്‍സില്‍ ശക്തമായ പറയുന്നത് ഇങ്ങനെ: ഇക്കാരണത്താല്‍ ഈ സൂനഹദോസ് സഗൗരവം പ്രഖ്യാപിക്കുന്നു: പടിഞ്ഞാറന്‍ സഭകളെപ്പോലെ തന്നെ കിഴക്കന്‍ സഭകളും സ്വന്തം ശിക്ഷണരീതികളില്‍ ഭരിക്കപ്പെടുന്നതിനുളള അവകാശവും കടമയും അര്‍ഹിക്കുന്നു (OE-5). ബ്രിട്ടണിലെ രൂപത സീറോമലബാര്‍ സിനഡിന്റെ ഭാഗമായിരിക്കും, രൂപതാദ്ധ്യക്ഷന്‍ സീറോമലബാര്‍ സഭയുടെ അംഗമായിരിക്കും സിനഡിനോട് ഉത്തരവാദിത്വവും ഉണ്ടായിരിക്കും.

സ്വന്തം റീത്ത് പരിപാലിക്കാന്‍ ലോകത്തില്‍ എവിടെയായിരുന്നാലും വിശ്വാസികള്‍ക്ക് ചുമതലയുണ്ടെന്ന് കൗണ്‍സില്‍ സംശയാതീതമായ രീതിയില്‍ പഠിപ്പിക്കുന്നുണ്ട്. എല്ലാ കത്തോലിക്കരും ഓരോ കത്തോലിക്കാ വ്യക്തിയും, അകത്തോലിക്കാ സഭയിലോ സമൂഹത്തിലോ മാമ്മോദീസാ സ്വീകരിച്ചു കത്തോലിക്കാ കൂട്ടായ്മയുടെ പൂര്‍ണതയിലേക്ക് വരുന്നുവരും ലോകത്തിലെവിടെയായാലും സ്വന്തം റീത്ത് നിലനിറുത്തുകയും അതുസംരക്ഷിക്കുകയും കഴിവിനൊത്ത് അത് പാലിക്കുകയും ചെയ്യണം (OE-4).

ഇതു സാധിക്കണമെങ്കില്‍ വ്യക്തിസഭകളുടെ പൈതൃകം കൈമാറാന്‍ പ്രാപ്തിയുളള അജപാലകരും ക്രമീകരണങ്ങളുമെല്ലാം ഉണ്ടാകണം. ഇതു വേണമെന്നു തന്നെ കൗണ്‍സില്‍ എടുത്ത് പറയുന്നുണ്ട്. അതിനാല്‍ ലോകം മുഴുവനിലും എല്ലാ വ്യക്തിസഭകളുടെയും സംരക്ഷണത്തിനു വേണ്ടവ സജ്ജീകരിയ്‌ക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം വിശ്വാസികളുടെ ആത്മീയ നന്മയ്ക്ക് ആവശ്യമായ ഇടങ്ങളില്‍ ഇടവകകളും സ്വന്തം ഹയരാര്‍ക്കിയും സ്ഥാപിക്കണം” (OE-4).

ഈ സംരംഭത്തില്‍ ലത്തീന്‍ പിതാക്കന്മാരും സഹകരിക്കണമെന്നാണ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്. മറ്റു റീത്തുകാര്‍ ഉളളയിടത്ത് സ്ഥലത്തെ മെത്രാന്‍, അവര്‍ക്ക് ചേരുന്ന അജപാലന ശുശ്രൂഷ ലഭിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണം. മറ്റു റീത്തുകളില്‍പ്പെട്ടവര്‍ ഉളളിടത്ത് അവരുടെ ആദ്ധ്യാത്മികാവശ്യങ്ങള്‍ക്കു വേണ്ടി മെത്രാന്മാര്‍ സംവിധാനങ്ങള്‍ ഉണ്ടാക്കണം. അവരുടെതായ റീത്തിലെ വൈദികര്‍ വഴിയോ; ഇടവകള്‍ സ്ഥാപിച്ചോ അഥവാ വേണ്ട അധികാരങ്ങളോടു കൂടിയ എപ്പിസ്‌കോപ്പല്‍ വികാരിമാര്‍ വഴിയോ ഇതു ചെയ്യണം. ആവശ്യമെങ്കില്‍ മെത്രാന്‍ പദവി അവര്‍ക്ക് നല്‍കികൊണ്ടോ അല്ലെങ്കില്‍ മെത്രാന്മാര്‍ തന്നെ മറ്റു റീത്തുകളുടെ മെത്രാനടുത്ത ജോലികള്‍ നിര്‍വഹിച്ചു കൊണ്ടോ ഇതിനു സാധിക്കും ഇവയെല്ലാം പ്രത്യേക കാരണങ്ങളാല്‍ അസാധ്യമെന്ന് ശ്ലൈഹികസിംഹാസനത്തിന്റെ തീരുമാനമനുസരിച്ചു വിധിക്കുന്നെങ്കില്‍ വിഭിന്ന റീത്തുകള്‍ക്കു വേണ്ടി ഹയരാര്‍ക്കികള്‍ സ്ഥാപിക്കേണ്ടതാണ് (C.D- 23). പരിശുദ്ധ സിംഹാസനത്തിന്റെ ഇപ്പറഞ്ഞ തീരുമാനമനുസരിച്ചാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ സ്ഥാപിതമാകുന്നത്.

ക്രൈസ്തവ ജീവിതം സഭയോടൊത്തുളള ജീവിതം ‍

നാം യഥാര്‍ത്ഥ ക്രിസ്തു ശിഷ്യരാകുന്നത് അവിടുത്തേ കല്‍പ്പനകള്‍ നിറവേറ്റി അവിടുത്തെ അനുഗമിക്കുന്നതിലുടെയാണ്. ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നത് നിങ്ങള്‍ ചെയ്യുമെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ് (Jn15/14) എന്ന സത്യം നാം മനസ്സിലാക്കണം. ഇന്ന് ഈശോയുടെ സാന്നിധ്യവും മാര്‍ഗ്ഗനിര്‍ദ്ദേശവും നമുക്ക് ലഭിക്കുന്നത് സഭയിലൂടെയാണ്. സഭയുടെ മാര്‍ഗ്ഗദര്‍ശനം സര്‍വ്വാത്മനാ സ്വീകരിച്ച് സഭയോടൊത്ത് ജീവിക്കുകയാണ് ക്രൈസ്തവധര്‍മ്മം.

സഭയുടെ ഏറ്റം ആധികാരികമായ സ്വരമാണ് സാര്‍വ്വത്രികസൂനഹദോസിലൂടെ നമുക്ക് ലഭിക്കുന്നത്. സൂനഹദോസിന്റെ (കൗണ്‍സിലിന്റെ) മാര്‍ഗ്ഗദര്‍ശനം ഇക്കാര്യത്തില്‍ കൃത്യമാണ്: തിരുസ്സഭ സഭകളുടെ കൂട്ടായ്മ്മയാണ്, വൈവിധ്യം സഭയെ ബലപ്പെടുത്തുന്നു. വ്യക്തിസഭകള്‍ക്ക് അജപാലനരംഗത്തും പ്രേഷിതരംഗത്തും തുല്യഅവകാശവുമാണുളളത് വ്യക്തിസഭയിലെ അംഗങ്ങള്‍ ലോകത്തെവിടെയായിരുന്നാലും അവരുടെ പ്രത്യേക പാരമ്പര്യം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ എല്ലാവര്‍ക്കും കടമയുണ്ട്. ആവശ്യമുളളിടത്ത് വ്യക്തിസഭകളുടെ മെത്രാന്മാരെ നിയമിക്കാന്‍ പരിശുദ്ധ സിംഹാസനത്തിന് അധികാരമുണ്ട്. ഇതെല്ലാമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തികഞ്ഞ ആധികാരികതയോടെ നമ്മെ പഠിപ്പിച്ചത്.

ഇന്നിപ്പോള്‍ ബ്രിട്ടണിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി പരിശുദ്ധപിതാവ് ഒരു രൂപത സ്ഥാപിക്കുകയും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെ അതിന്റെ മെത്രാനായി നിയോഗിക്കുകയും ചെയ്തിരിക്കുന്നതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കാനും അദ്ദേഹത്തോടു സഹകരിക്കാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. മെത്രാന്‍ തന്റെ ശുശ്രൂഷയിലൂടെ ദൈവജനത്തെ നയിക്കാന്‍ ദൈവത്താല്‍ നിയുക്തനാണ്. അദ്ദേഹം ശ്ലീഹന്മാരുടെ പിന്‍ഗാമിയാണ്. അദ്ദേഹത്തോട് ചേര്‍ന്ന് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ക്രൈസ്തവത്വം പ്രകടമാവുക.

സീറോമലബാര്‍സഭയുടെ ആരാധനയുടെയും ആദ്ധ്യാത്മികതയുടെയും പൈതൃകം നന്നായി മനസ്സിലാക്കാനും അതിനനുസൃതമായ ജീവിതശൈലി രൂപപ്പെടുത്താനായിരിക്കണം പുതിയ രൂപതയുടെ ശ്രമം. ആ ബോധവല്‍ക്കരണത്തില്‍ എല്ലാവരും പങ്കു ചേരണം. കുടുംബങ്ങളില്‍ ആ വിശ്വാസപൈതൃകം കൈമാറാന്‍ മാതാപിതാക്കള്‍ പ്രാപ്തരാകണം, വിദ്യാലയങ്ങളും അതിന് സഹായകമാകണം. കെ.സി എസ്.എല്ലും, മിഷന്‍ലീഗും, യുവദീപ്തിയും പോലുളള സംഘടനകളും വിശ്വാസം പങ്കുവച്ചുറപ്പാക്കുന്ന വേദികളാക്കണം.

വൈവിധ്യത്തിലെ ഐക്യം ബ്രിട്ടണില്‍ പ്രേഷിതസാക്ഷ്യം ‍

ബ്രിട്ടണില്‍ റോമന്‍ “റീത്തിനു” പുറമെ സീറോമലബാര്‍ “റീത്തും” സന്നിഹിതമാവുകയാണ്. വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ന്യായമായ വ്യത്യസ്ത്ഥത ദൃശ്യമാകുമ്പോള്‍ ബ്രിട്ടണിലെ സഭ കൂടുതല്‍ മനോഹരമാവുകയാണ്. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുളള പുഷ്പങ്ങള്‍ വിരിയിക്കുന്ന ഒരു പൂന്തോട്ടം പോലെ വിശ്വാസികളുടെ സമൂഹം അവിടെ കൂടുതല്‍ ശ്രദ്ധേയമാവുകയാണ് ചെയ്യുക. ഓരോ വ്യക്തിസഭയിലെയും അംഗങ്ങള്‍ അവരവരുടെ പാരമ്പര്യങ്ങളോടു വിശ്വസ്ഥത പുലര്‍ത്തുമ്പോഴാണ് അതു സാധ്യമാവുക. ഒരു സഭ മറ്റൊരു സഭയുടെ പകര്‍പ്പാകുമ്പോള്‍ വൈവിധ്യത്തിന്റെ മനോഹാരിത നഷ്ടപ്പെടുകയാണെന്നോര്‍ക്കണം.

വൈവിധ്യം പോലെ തന്നെ ഐക്യത്തിനും പ്രാധാന്യം നല്‍കുന്നതാണ് സഭയിലെ ശൈലി. പരസ്പരസമ്പര്‍ക്കം പുലര്‍ത്താനും പൊതുകാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ബ്രിട്ടണിലെ സീറോമലബാര്‍ സഭ എപ്പോഴും സന്നദ്ധമായിരിക്കണം. നാമെല്ലാവരും മിശിഹായുടെ ശരീരത്തിലെ അവയവങ്ങളാണെന്നതു മറക്കാന്‍ പാടില്ല. പരസ്പരം അംഗീകരിക്കാനും സമഭാവനയോടെ പെരുമാറാനും എല്ലാവര്‍ക്കും കഴിയണം.

നാനാത്വത്തിലെ ഈ ഗാഢമായ ഐക്യം ഇന്നത്തെ വിഭാഗീയതയുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും സാഹചര്യങ്ങളില്‍ ശക്തമായ ഒരു എതിര്‍ സാക്ഷ്യമായിരിക്കും. ആദിമകാല ക്രൈസ്തവരെക്കണ്ട മറ്റുളളവര്‍ ആ ക്രൈസ്തവരെ കുറിച്ച് “നോക്കൂ, അവര്‍ എങ്ങനെ പരസ്പരം സ്‌നേഹിക്കുന്നു” എന്നു പറയുമായിരുന്നതായി കേട്ടിട്ടുണ്ട്. അത്തരമൊരു സാക്ഷ്യം ഗ്രേറ്റ് ബ്രിട്ടണിലെ കത്തോലിക്കര്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അതു വലിയ പ്രേഷിത സാക്ഷ്യമായിരിക്കും.


Related Articles »