News

പാപ്പയുടെ ഭാരത സന്ദർശനം ഉടന്‍: പ്രതീക്ഷ പ്രകടിപ്പിച്ച് കർദ്ദിനാൾ ഗ്രേഷ്യസ്

സ്വന്തം ലേഖകന്‍ 13-02-2020 - Thursday

ബെംഗളൂരു: ഫ്രാൻസിസ് മാർപാപ്പയുടെ ഭാരത സന്ദർശനം ഉടനെ നടക്കുമെന്ന സൂചനകൾ നല്‍കിക്കൊണ്ട് സി‌ബി‌സി‌ഐ പ്രസിഡന്റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇത് സംബന്ധിച്ചു ചർച്ചകൾ നടന്നു വരികയാണെന്നും ഭാരത സഭയുടെ ആവശ്യത്തിന് അനുകൂലമായ മനോഭാവമാണ് പ്രധാനമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടക്കുന്ന ദേശീയ മെത്രാൻ സമിതിയുടെ മുപ്പതിനാലാമതു പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പത്ര സമ്മേളനത്തിലാണ് കർദ്ദിനാൾ ഗ്രേഷ്യസ് ഇക്കാര്യം പ്രസ്താവിച്ചത്. പാപ്പയുടെ സന്ദർശനത്തിന് ഒരുക്കമായി ഇരുരാജ്യങ്ങളും തമ്മിൽ പ്രോട്ടോകോൾ നടപടികൾ പൂർത്തീകരിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്കി. സിനഡിനായി കഴിഞ്ഞ വര്‍ഷം റോമിലെത്തിയ കർദ്ദിനാൾ ഗ്രേഷ്യസിനോട് മാർപാപ്പ ഭാരത സന്ദര്‍ശനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ജനസംഖ്യയിൽ ചെറുതെങ്കിലും മുന്നൂറോളം വരുന്ന ബിഷപ്പുമാരുടെ കീഴിൽ രാജ്യത്തിൻറെ പുരോഗതിയ്ക്കായി പ്രയത്നിക്കുന്ന ഒരു സമൂഹമാണ് ക്രൈസ്തവരെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അന്‍പത്തിനാലായിരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ആറു കോടിയോളം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നു. ഇരുപതിനായിരം ആതുരാലയങ്ങളും സഭയുടേതായി പ്രവർത്തിക്കുന്നു. ഇതിനു പുറമെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി അരലക്ഷത്തിലധികം വൈദികരും ഒരു ലക്ഷത്തോളം സന്യസ്തരും ആയിരകണക്കിന് അല്മായരും വിവിധ സംഘടനകൾ വഴി സേവനമനുഷ്ഠിക്കുന്നുണ്ട്. ഭരണകൂടത്തിന്റെയും ഇതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സമാധാനപൂർണമായ അന്തരീക്ഷം സൃഷ്ടിക്കുവാനാണ് സഭയുടെ പരിശ്രമം. ലോകത്തിന്റെ ദീപവും ഭൂമിയുടെ ഉപ്പുമാകാൻ വിളിക്കപ്പെട്ടവരാണ്‌ ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു.

ജാതിമതഭേദമെന്യേ എല്ലാവരുമായി സൗഹൃദ സംഭാഷണത്തിനൊപ്പം സഞ്ചരിക്കാനായിരിക്കണം പരിശ്രമമെന്നു സിബിസിഐ ജനറൽ സെക്രട്ടറി ബിഷപ്പ് ജോഷ്വ ഇഗ്നാത്തിയോസ് പ്ളീനറി സമ്മേളനത്തെക്കുറിച്ചു പറഞ്ഞു. 'സംവാദം സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത' എന്നതാണു സമ്മേളനം ചര്‍ച്ചചെയ്യുന്ന വിഷയം. ഇന്ത്യയിലെ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആരംഭിച്ച സമ്മേളനം 19 വരെ നീളും. ദേശീയ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ അധ്യക്ഷതയിലാണ് സമ്മേളനം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »