Faith And Reason - 2024

ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്ക കമ്പനികളുടെ മുന്നേറ്റം

സ്വന്തം ലേഖകന്‍ 16-02-2020 - Sunday

വാഷിംഗ്‌ടണ്‍ ഡി.സി: പാശ്ചാത്യ രാജ്യങ്ങള്‍ മതനിരപേക്ഷത എന്ന പേരില്‍ തൊഴില്‍സ്ഥലങ്ങളില്‍ നിന്നും ദൈവ വിശ്വാസത്തെ പുറത്താക്കുവാന്‍ ശ്രമം നടത്തുമ്പോള്‍ ജോലിസ്ഥലത്ത് വിശ്വാസപരമായ പ്രകടനങ്ങള്‍ക്ക് അനുവാദം നല്‍കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പ്രവണത അമേരിക്കയില്‍ കൂടിക്കൊണ്ടിരിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍. തൊഴിലാളികളുടെ ദൈവവിശ്വാസത്തെ പിന്തുണക്കുന്ന കമ്പനികളുടെ എണ്ണം കൂടിവരികയാണ്. അമേരിക്കയിലെ ഏറ്റവും വലിയ 100 കമ്പനികളുടെ ‘ഫോര്‍ച്ച്യൂണ്‍ 100’ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നവയില്‍ 20 ശതമാനം കമ്പനികളും തങ്ങളുടെ തൊഴിലിടങ്ങളില്‍ ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ തൊഴിലാളി കൂട്ടായ്മകളും, സാഹചര്യങ്ങളും നിലവില്‍ വരുത്തിക്കഴിഞ്ഞതായി അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലിടങ്ങളിലെ മതസ്വാതന്ത്ര്യത്തെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്‌ ‘റിലീജിയസ് ഫ്രീഡം ആന്‍ഡ്‌ ബിസിനസ്സ് ഫൗണ്ടേഷന്‍’. തങ്ങളുടെ വിവിധ വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന അതേ പ്രാധാന്യം തന്നെ ജോലിക്കാരുടെ മതവിശ്വാസത്തിനും നല്‍കുന്ന പ്രവണത അമേരിക്കന്‍ കോര്‍പ്പറേറ്റ് ലോകത്ത് കൂടിവരികയാണെന്ന് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റായ ബ്രയാന്‍ ഗ്രിം ഫോര്‍ച്ച്യൂണ്‍ 100 റാംങ്കിങ്ങിനെ കുറിച്ചുള്ള വിശകലനത്തിന്റെ അവതാരികയില്‍ എഴുതിയിട്ടുണ്ട്. തൊഴിലാളികളുടെ വിശ്വാസ ജീവിതത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ ടൈസണ്‍ ഫുഡ്സ്, ഇന്റല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കാണ് ഫൗണ്ടേഷന്റെ ‘റിലീജിയസ് ഇക്വിറ്റി ഡൈവേഴ്സിറ്റി ആന്‍ഡ്‌ ഇന്‍ക്ലൂഷന്‍’ (ആര്‍.ഇ.ഡി.ഐ) സൂചികയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 13-14 തിയതികളിലായി അമേരിക്കയിലെ 'ബുഷ്‌ സ്കൂള്‍ ഓഫ് ബിസിനസ്സി'ലെ കത്തോലിക്ക യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ആദ്യമായി ‘വിശ്വാസത്തില്‍ അധിഷ്ഠിതമായ തൊഴിലാളി റിസോഴ്സ് കൂട്ടായ്മകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ കോണ്‍ഫറന്‍സും റിലീജിയസ് ഫ്രീഡം ആന്‍ഡ്‌ ബിസിനസ്സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരിന്നു. അമേരിക്കയിലെ വിവിധ കോര്‍പ്പറേറ്റ് കമ്പനികളിലെ എംപ്ലോയി റിസോഴ്സ് ലീഡേഴ്സിന് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുവാനുള്ള ഒരു വേദികൂടിയായിരുന്നു കോണ്‍ഫറന്‍സ്. തൊഴിലാളികളുടെ വംശം, ലിംഗം, ലൈംഗീക ആഭിമുഖ്യം ഇവക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് അവരുടെ ദൈവ വിശ്വാസപരമായ ആഭിമുഖ്യവുമെന്ന് കോര്‍പ്പറേറ്റ് കമ്പനികള്‍ ഇപ്പോള്‍ മനസ്സിലാക്കി തുടങ്ങിയതായി ബ്രയാന്‍ ഗ്രിം വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »