Friday Mirror

ഈ മാര്‍പാപ്പമാര്‍ വത്തിക്കാനില്‍ നടത്തിയ ഭൂതോച്ചാടനങ്ങളുടെ ആരുമറിയാത്ത കഥ

സ്വന്തം ലേഖകന്‍ 19-02-2020 - Wednesday

ഒരു വ്യക്തിയെ പിശാചിന്റെ സ്വാധീനത്തില്‍ നിന്നും അവന്റെ ആധിപത്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി സഭ പരസ്യമായും രഹസ്യമായും യേശുവിന്റെ നാമത്തില്‍ നടത്തുന്ന ശുശ്രൂഷാകര്‍മ്മമാണ് ഭൂതോച്ചാടനം. വളരെ വ്യക്തമായി നിര്‍വചിക്കപ്പെട്ട നടപടിക്രമങ്ങളിലൂടെ പടിപടിയായിട്ടാണ് വൈദികര്‍ ഭൂതോച്ചാടനം വിജയകരമായി പൂര്‍ത്തിയാക്കുന്നത്. യഥാര്‍ത്ഥത്തില്‍ പിശാച് ബാധ വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് സംഭവിക്കുന്നതെന്നും, മനോരോഗമോ ശാരീരികമായ അസുഖങ്ങളോ അല്ലെന്ന് ഉറപ്പുവരുത്തുവാന്‍ നീണ്ട പരിശോധനകള്‍ ആവശ്യമാണെന്നും സഭ പറയുന്നു.

പിശാച് ബാധയില്‍ നിന്നോ, പൈശാചിക സ്വാധീനത്തില്‍ നിന്നോ, പിശാച് സൃഷ്ടിക്കുന്ന തിന്മയില്‍ നിന്നോ ഒരു വ്യക്തിയെ മോചിപ്പിക്കുന്നതിന് സഭയുടെ പരമാധികാരത്തോടെ മെത്രാനോ വൈദികനോ നടത്തുന്ന പൊതു പ്രാര്‍ത്ഥനയെന്നാണ് റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് ഭൂതോച്ചാടനത്തെ വിവരിക്കുന്നത്. ഭൂതോച്ചാടനം പ്രമേയമാക്കിയിട്ടുള്ള നിരവധി സിനിമകളും, കഥകളും നമ്മള്‍ കാണുകയും, വായിക്കുകയും ചെയ്തിട്ടുണ്ടാകുമെങ്കിലും മുന്‍പാപ്പമാരായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും, ബെനഡിക്ട് പതിനാറാമനും വത്തിക്കാനില്‍ ഭൂതോച്ചാടനം നടത്തിയിട്ടുള്ള കാര്യം നമ്മളില്‍ അധികമാരും അറിയുവാന്‍ സാധ്യതയില്ല.

You May Like: ‍ പിശാചുക്കളെ മനുഷ്യനിൽ നിന്നും പുറത്താക്കുന്നതെങ്ങനെ? ഭൂതോച്ചാടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ഇരുവരും നടത്തിയ ഭൂതോച്ചാടനത്തിനെക്കുറിച്ച് ഫാ. അമോര്‍ത്ത് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ ഭൂതോച്ചാടകന്‍ എന്നാണ് ഫാ. അമോര്‍ത്ത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെക്കുറിച്ച് പറയുന്നത്. 1982 മാര്‍ച്ച് 27നായിരിന്നു ഫാ. അമോര്‍ത്തിന്റെ അറിവില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആദ്യ ഭൂതോച്ചാടനം നടത്തിയത്. ഫ്രാന്‍സെസ്കാ ഫാബ്രിസി എന്ന പിശാച് ബാധിതയായ യുവതിയെ ഇറ്റലിയിലെ സ്പോലെറ്റോ ടൌണിലെ മെത്രാനായിരുന്ന ഒട്ടോറിനോ ആല്‍ബെര്‍ട്ടിയാണ് പാപ്പയുടെ അടുത്ത് കൊണ്ടുവന്നത്. പാപ്പയെ കണ്ട നിമിഷം തന്നെ ആ യുവതി നിലത്ത് കിടന്ന് പിടയുകയായിരുന്നു.

പാപ്പ തടയുവാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഫലമുണ്ടായില്ല. 'നാളെ ഞാന്‍ നിനക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാം' എന്ന് പാപ്പ പറഞ്ഞതോടെ യുവതി ശാന്തയായി. പാപ്പയുടെ വിജയകരമായ ഭൂതോച്ചാടനം വഴി പിശാച് ബാധയില്‍ നിന്നും മോചിതയായ ഫ്രാന്‍സെസ്കാ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പാപ്പയെ സന്ദര്‍ശിച്ചിരിന്നു. ഇതുപോലെ മുന്‍പ് താന്‍ കണ്ടിട്ടില്ലായെന്നും ഇത് ബൈബിളില്‍ പറഞ്ഞിരിക്കുന്ന രംഗം പോലെയായെന്നും സംഭവത്തെ ഉദ്ധരിച്ച് പാപ്പ പറഞ്ഞതായി അക്കാലത്തെ പേപ്പല്‍ ഹൗസ്ഹോള്‍ഡ്‌ തലവനായ ജാക്വസ് പോള്‍-മാര്‍ട്ടിന്റെ ഓര്‍മ്മക്കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. ഇത് സംഭവത്തിന്റെ ആധികാരികത ഉറപ്പിക്കുകയാണ്.

2000-ലെ തന്റെ ആഴ്ചതോറുമുള്ള പൊതു അഭിസംബോധനക്കിടയിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മറ്റൊരു ഭൂതോച്ചാടനം. വത്തിക്കാന്‍ സ്ക്വയറില്‍ എത്തിച്ച സബ്രീന എന്ന പിശാച് ബാധിതയായ സ്ത്രീ അവിടെ പ്രവേശിച്ച ഉടന്‍ തന്നെ പിറുപിറുക്കുവാനും പാപ്പക്ക് നേരെ കുതിക്കുവാനും തുടങ്ങി. പത്തോളം പേര്‍ ചേര്‍ന്നാണ് അവളെ പിടിച്ച് നിറുത്തിയത്. അത്രയ്ക്കു അക്രമാസക്തമായ അന്തരീക്ഷം. അവള്‍ വളരെ ഉച്ചത്തില്‍ യേശുവിനെ അവഹേളിക്കുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിന്നു. തന്റെ പൊതു അഭിസംബോധന കഴിഞ്ഞ ഉടന്‍ തന്നെ പാപ്പ സബ്രീനയെ കാണണമെന്നു ആവശ്യപ്പെട്ടു.

പാപ്പയെ കണ്ട ഉടനെ അവളുടെ കണ്ണുകള്‍ തിളങ്ങുകയും, 'എന്നെ വെറുതേ വിടൂ' എന്നു ആക്രോശിക്കുകയും ചെയ്തതായി ഫാ. അമോര്‍ത്ത് പറയുന്നു. അവിടെവെച്ച് തന്നെ പാപ്പ ഭൂതോച്ചാടനം നടത്തുകയായിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ പിശാചിനെ പൂര്‍ണ്ണമായും പുറത്താക്കുവാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് നിരവധി തവണ ഭൂതോച്ചാടനം നടത്തിയ ശേഷമാണ് പിശാച് പൂര്‍ണ്ണമായും പിന്‍വാങ്ങിയതെന്നും ഫാ. അമോര്‍ത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ മാത്രമല്ല, മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനെയും പിശാച് ഏറെ ഭയപ്പെട്ടിരുന്നതായി ഫാ. അമോര്‍ത്ത് പറഞ്ഞിട്ടുണ്ട്.

Must Read: ‍ സൂക്ഷിക്കുക; പ്രാർത്ഥനയിൽ നിന്ന് പിന്തിരിപ്പിക്കാൻ പിശാച് ഒരുക്കുന്ന നാലു കെണികൾ

2009 മെയ് മാസത്തില്‍ ജിയോവന്നി, മാര്‍ക്കോ എന്നീ രണ്ട് പുരുഷന്‍മാരെ ബെനഡിക്ട് പതിനാറാമന്റെ പൊതു അഭിസംബോധനക്കിടയില്‍ ഫാ. അമോര്‍ത്ത് വത്തിക്കാനിലേക്ക് കൊണ്ടുവരികയായിരുന്നു. പാപ്പ അവരുടെ സമീപത്തെത്തിയപ്പോള്‍ അവര്‍ പല്ല് ഞെരിക്കുവാനും നിലത്ത് വീണ് തല നിലത്തിടിക്കുവാനും തുടങ്ങി. ശരീരത്തെ സ്വന്തം പീഡിപ്പിക്കുന്ന അതികഠിനമായ അവസ്ഥ. അല്പം ദൂരെ നിന്നു പാപ്പ തന്റെ കരമുയര്‍ത്തി അവരെ അനുഗ്രഹിച്ചു. ആ നിമിഷം തന്നെ പിശാച് ബാധിതരായ ഇരുവരും ഏതാണ്ട് പത്തടിയോളം പിന്നോട്ടേക്ക് തെറിച്ചു വീഴുകയായിരുന്നു. പിശാച് അവരില്‍ നിന്നും പുറത്ത് വന്നപ്പോള്‍ അവര്‍ വിതുമ്പുകയായിരുന്നുവെന്നും ഫാ. ഗബ്രിയേല്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തി.

ലോകത്തിലെ പൈശാചിക സ്വാധീനത്തെ കുറിച്ചു ഫ്രാന്‍സിസ് പാപ്പയും കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാറുണ്ട്. പിശാചിന്റെ തന്ത്രങ്ങള്‍ വലുതാണെന്നും അതില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരവധി തവണ ഫ്രാന്‍സിസ് പാപ്പ ഉദ്ബോധിപ്പിച്ചിരിന്നു. നമ്മെ ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനിയുന്ന പിശാചിന്റെ കുടിലതയേ ചെറുക്കാന്‍ നമ്മുക്ക് പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ആയുധം ധരിക്കാം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »