Youth Zone - 2024

വരുന്നു പശ്ചിമേഷ്യയിലെ ക്രൈസ്തവർക്ക് വേണ്ടി ആഗോള യുവജന സമ്മേളനം

സ്വന്തം ലേഖകന്‍ 29-02-2020 - Saturday

ജോര്‍ദാന്‍: ലോക യുവജന സമ്മേളനത്തിന് സമാനമായി സിറിയ മുതൽ സൊമാലിയ വരെയുള്ള കത്തോലിക്ക യുവ സമൂഹത്തിനായി പ്രാദേശിക യുവജന സമ്മേളനം നടത്താനായുള്ള നിർദ്ദേശം പശ്ചിമേഷ്യയിൽ നിന്നുള്ള മെത്രാന്മാർ മുന്നോട്ടുവെച്ചു. പശ്ചിമേഷ്യയിലെ ആദ്യത്തെ യുവജനസമ്മേളനം ജോർദാനിലായിരിക്കും നടക്കുകയെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് അറിയിച്ചിരിക്കുകയാണ്. ഫെബ്രുവരി 17- 20 തീയതികളില്‍ റോമിൽ നടന്ന അറബ് പ്രദേശങ്ങളിലെ ലാറ്റിൻ മെത്രാന്മാരുടെ സമ്മേളനത്തിൽ യുവജന സമ്മേളനത്തെ പറ്റി ചർച്ച നടന്നിരുന്നു. ഈജിപ്ത്, ലെബനോൻ, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാർ ചർച്ചയിൽ പങ്കെടുത്തു. പ്ലീനറി കൂടിക്കാഴ്ചയുടെ ഭാഗമായാണ് പ്രസ്തുത പ്രദേശങ്ങളിൽ നിന്നുള്ള മെത്രാന്മാർ റോമിലെത്തിയത്.

ഇതിനിടയിൽ അവർ ഫ്രാൻസിസ് മാർപാപ്പയുമായും വത്തിക്കാൻ കൂരിയയിലെ വിവിധ തിരുസംഘങ്ങളുടെ തലവൻമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അറബ് യുവജന സമ്മേളനത്തെ പറ്റി ലത്തീൻ പാത്രിയർക്കീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ലെബനോനിൽ നടക്കുന്ന ലത്തീൻ മെത്രാന്മാരുടെ സമ്മേളനത്തിൽ വിഷയം വീണ്ടും ചർച്ച ചെയ്യുമെന്ന് പറഞ്ഞിരുന്നു. മൂന്നു വർഷത്തിലൊരിക്കലാണ് കത്തോലിക്ക യുവജനങ്ങളുടെ ഒത്തുചേരലായ ലോക യുവജനസമ്മേളനം നടക്കുന്നത്. 1985ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ആദ്യത്തെ യുവജന സമ്മേളനത്തിന് തുടക്കമിട്ടത്.

പ്രാദേശിക യുവജന സമ്മേളനങ്ങൾ തൊണ്ണൂറുകളുടെ അവസാന പാദത്തിലാണ് ആരംഭിച്ചത്. 2021ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ യുവജനസമ്മേളനം മെത്രാന്മാർ അസൗകര്യം അറിയിച്ചത് മൂലം റദ്ദാക്കിയിരുന്നു. 2006ന് ശേഷം പശ്ചിമേഷ്യയിലെ ജസ്യൂട്ട് പ്രൊവിൻസും ചെറിയതോതിലുള്ള യുവജന സമ്മേളനങ്ങൾ നടത്തി വരുന്നുണ്ട്. 2022 പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലായിരിക്കും അടുത്ത ലോക യുവജനസമ്മേളനം നടക്കുക. 'മറിയം എഴുന്നേറ്റു തിടുക്കത്തിൽ പുറപ്പെട്ടു' എന്നതാണ് പോർച്ചുഗലിൽ നടക്കാനിരിക്കുന്ന യുവജന സമ്മേളനത്തിന്റെ പ്രമേയം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 12