Faith And Reason

ചൈനയില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ ദേവാലയങ്ങള്‍ക്ക് മുന്നില്‍ രാപ്പകല്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 03-03-2020 - Tuesday

ബെയ്ജിംഗ്: ചൈനയിലെ മിന്‍ഡോങ് രൂപതയില്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയ ദേവാലയങ്ങള്‍ക്ക് മുന്നില്‍ രാവും പകലും പ്രാര്‍ത്ഥനയുമായി ചൈനയിലെ കത്തോലിക്ക വിശ്വാസികള്‍. സായിഖി പട്ടണത്തിലെ ബുക്സിയ ഉള്‍പ്പടെയുള്ള ദേവാലയങ്ങള്‍ക്ക് മുന്നില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി ഇരിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഓണ്‍ലൈന്‍ മാഗസിനായ ബിറ്റര്‍ വിന്ററാണ് ചൈനീസ് സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങളുടേയും, ചൈനയിലെ വിശ്വാസി സമൂഹത്തിന്റെ തീക്ഷ്ണതയുടേയും നേര്‍സാക്ഷ്യമായ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 19ന് പുലര്‍ച്ചെ 4 മണിക്ക് സായിഖി പട്ടണത്തിലെ ബുക്സിയ ദേവാലയത്തിന് മുന്നില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രം ബിറ്റര്‍ വിന്റര്‍ പുറത്തുവിട്ടിരിന്നു. ഇരുട്ടില്‍ ചിത്രീകരിച്ച വീഡിയോയില്‍ വിശ്വാസികള്‍ മെഴുകുതിരിയും കത്തിച്ചു പിടിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുന്നത് കാണാം. ഹുവാന്‍ഹൌലി കത്തോലിക്കാ ദേവാലയത്തിന്റെ പ്രവേശനകവാടത്തില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് മുന്നില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രവും മാഗസിന്‍ പുറത്തുവിട്ടിട്ടുണ്ട്. ദേവാലയം അടച്ചു പൂട്ടിയതിനു ശേഷം സ്ഥാപിച്ചതാണ് ഈ നിരീക്ഷണ ക്യാമറകള്‍. ഡോങ്സാവോയിലെ കത്തോലിക്കാ ദേവാലയത്തിന്റെ അള്‍ത്താരയും മറ്റ് വിശുദ്ധ വസ്തുക്കളും സര്‍ക്കാര്‍ നീക്കം ചെയ്യുന്നതിന് മുന്‍പും പിന്‍പും ഉള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇതും വന്‍ തോതില്‍ പ്രചരിക്കുകയാണ്. മിന്‍ഡോങ് രൂപതയിലെ മുന്‍ മെത്രാനായിരുന്ന ബിഷപ്പ് വിന്‍സന്റ് ഗുവോ സിജിന്റെ അരമനയും സര്‍ക്കാര്‍ നേരത്തെ അടച്ചു പൂട്ടിയിരിന്നു. സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മാസങ്ങളോളമാണ് അദ്ദേഹം ഭവനരഹിതനായി കഴിഞ്ഞത്. 2018 സെപ്റ്റംബറില്‍ വത്തിക്കാനും ചൈനയും തമ്മില്‍ മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചുവെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചു പൂട്ടിയത്.

സര്‍ക്കാര്‍ അംഗീകൃത സഭയായ ചൈനീസ് പാട്രിയോട്ടിക് കത്തോലിക് അസോസിയേഷനില്‍ (സി.പി.സി.എ) അംഗമല്ലാത്ത പുരോഹിതരും, വിശ്വാസികളുമായി ബന്ധപ്പെട്ട ദേവാലയങ്ങളാണ് അടച്ചുപൂട്ടിയവയില്‍ ഭൂരിഭാഗവും. ഇക്കഴിഞ്ഞ ജനുവരി 16 വരെ ഫുജിയാന്‍ പ്രവിശ്യയിലെ ഫുവാ നഗരത്തിലെ പതിനാറോളം ദേവാലയങ്ങളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് ബിറ്റര്‍ വിന്റര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ അധോസഭയുടെ കീഴിലുള്ള ദേവാലയങ്ങളാണിത്. മിന്‍ഡോങ് രൂപതയ്ക്കു കീഴില്‍ തൊണ്ണൂറായിരത്തോളം വിശ്വാസികളും 69 വൈദികരുമാണുള്ളത്.


Related Articles »