Youth Zone

സ്കൂളുകളില്‍ തത്സമയ അള്‍ട്രാസൗണ്ട് സ്കാനിംഗ്: പ്രോലൈഫ് പ്രചാരണത്തിന് സ്വീകാര്യതയേറുന്നു

സ്വന്തം ലേഖകന്‍ 06-03-2020 - Friday

ഒമാഹ: ഗര്‍ഭഛിദ്രത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതിനായി അബോര്‍ഷന്‍ ചെയ്ത ഭ്രൂണങ്ങളുടെ ഭീതിജനകമായ ചിത്രങ്ങള്‍ക്ക് പകരം ഗര്‍ഭസ്ഥ ശിശുവിന്റെ ആന്തരിക അവസ്ഥ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുത്തു കൊണ്ട് പ്രോലൈഫ് പ്രവര്‍ത്തകരുടെ വേറിട്ട പ്രചരണം. അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തിലെ ഒമാഹ പട്ടണത്തിലെ ‘ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രി’യിലെ സന്നദ്ധ പ്രവര്‍ത്തകരാണ് പ്രോലൈഫ് പ്രചരണത്തിന് വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ചത്. ഗര്‍ഭവതിയായ സ്ത്രീയെ സ്കാനിംഗിന് വിധേയമാക്കി ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ഹൃദയ സ്പന്ദനവും ചലനവും അള്‍ട്രാസൗണ്ട് സാങ്കേതികവിദ്യയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തത്സമയം പ്രദര്‍ശിപ്പിച്ചത് നിരവധി കുട്ടികളെ ജീവന്റെ വക്താക്കളാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒമാഹയിലെ സ്കട്ട് കത്തോലിക്കാ ഹൈസ്കൂളില്‍ നടത്തിയ പ്രദര്‍ശനം നിരവധി കുട്ടികളാണ് വീക്ഷിച്ചത്. മെട്രോ ഏരിയയിലെ കത്തോലിക്കാ സ്കൂളുകളിലേയും, സ്വകാര്യ സ്കൂളുകളിലേയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പ്രദര്‍ശനം നടത്തുന്നത്. സ്കൂളുകളിലെ തങ്ങളുടെ പ്രദര്‍ശനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ‘ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രിയുടെ ഡയറക്ടറായ നിക്കി ഷേഫര്‍ വ്യക്തമാക്കി. അതിരൂപതയുടെ പിന്തുണയും ഈ പ്രചാരണത്തിനുണ്ടെന്ന് ഒമാഹ അതിരൂപതാ ചാന്‍സിലര്‍ ടിം മക്നെയില്‍ പറഞ്ഞു. അള്‍ട്രാസൗണ്ട് സ്കാനിംഗ് സാങ്കേതിക വിദഗ്ദരുടേയും, ഗര്‍ഭവതികളായ സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് പ്രോലൈഫ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. 2012-ല്‍ ഷേഫര്‍ കുടുംബമാണ് ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രി സ്ഥാപിച്ചത്.

ഇതിനു മുന്‍പ് പൊതുസ്ഥലങ്ങളിലും കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും ‘ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രി’യുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരിപാടി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് അബോര്‍ഷനെതിരെയുള്ള ബോധവത്കരണത്തില്‍ അള്‍ട്രാസൗണ്ട് സാങ്കേതിക വിദ്യയുടെ പരസ്യ പ്രദര്‍ശനത്തിനു സ്വീകാര്യതയേറി തുടങ്ങിയത്. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ടൈംസ് സ്ക്വയറില്‍ ഫോക്കസ് ഓണ്‍ ദി ഫാമിലി സംഘടിപ്പിച്ച തത്സമയ അള്‍ട്രാസൗണ്ട് സംപ്രേഷണം വീക്ഷിച്ചത് ഇരുപതിനായിരത്തോളം ആളുകളായിരിന്നു. സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ (സി.ഡി.സി) യുടെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ ഗര്‍ഭഛിദ്ര നിരക്കുകളില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. 2007-2016 കാലയളവില്‍ 24% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 12