Arts

ഇംഗ്ലണ്ടില്‍ പതിനാല് നൂറ്റാണ്ട് പഴക്കമുള്ള വിശുദ്ധയുടെ തിരുശേഷിപ്പിന് ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം

സ്വന്തം ലേഖകന്‍ 07-03-2020 - Saturday

ഫോക്സ്റ്റോണ്‍: ഇംഗ്ലണ്ടിലെ ഫോക്സ്റ്റോണില്‍ നിന്നും നൂറില്‍പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ ആംഗ്ലോസാക്സന്‍ രാജാവായ എതേല്‍ബെര്‍ട്ടിന്റെ ചെറുമകളും, ഇംഗ്ളണ്ടിലെ ആദ്യകാല വിശുദ്ധരില്‍ ഒരാളുമായ ഈന്‍സ്വൈത്തിന്റേതാണെന്ന് വിദഗ്ദര്‍. എ.ഡി. 660-ല്‍ ജീവിച്ചിരുന്ന വിശുദ്ധ ഈന്‍സ്വൈത്ത് തീരദേശ പട്ടണമായ ഫോക്സ്റ്റോണിന്റെ മാധ്യസ്ഥ വിശുദ്ധയായിരുന്നു. ഇംഗ്ലണ്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യകാല സന്യാസമൂഹങ്ങളിലൊന്നിന്റെ സ്ഥാപകയെന്ന് കരുതപ്പെടുന്ന ഈന്‍സ്വൈത്ത് തന്റെ ഇരുപതാമത്തെ വയസ്സിലാണ് മരണപ്പെടുന്നത്. തിരുശേഷിപ്പ് സ്ഥിരീകരിച്ചതോടെ നൂറ്റാണ്ടുകളായി മറഞ്ഞുകിടന്ന മറ്റൊരു വിശുദ്ധയുടെ ചരിത്രം മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.

1885-ല്‍ ഫോക്സ്റ്റോണ്‍ തുറമുഖത്തിനടുത്തുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ ഈന്‍സ്വൈത്തിന്റേയും നാമധേയത്തിലുള്ള ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ഈയം കൊണ്ടുള്ള പെട്ടിയില്‍ അടക്കം ചെയ്തിരുന്ന അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. ഒരു അസ്ഥികൂടത്തിന്റെ പകുതിയോളം വരുന്ന എല്ലിന്‍ കഷണങ്ങളായിരുന്നു തിരുശേഷിപ്പ്. നവോത്ഥാന കാലത്ത് നശിപ്പിക്കപ്പെടാതിരിക്കുവാനായിരിക്കണം ഇവ ഭിത്തിയില്‍ ഒളിച്ചുവെച്ചിരുന്നതെന്നാണ് കരുതുന്നന്നത്. ഇവ വിശുദ്ധ ഈന്‍സ്വൈത്തിന്റേതായി അനുമാനിക്കപ്പെട്ടിരുന്നുവെങ്കിലും അടുത്തകാലത്താണ് ഇവയില്‍ റേഡിയോ കാര്‍ബണ്‍ ടെസ്റ്റ്‌ നടത്തുവാന്‍ വിദഗ്ദര്‍ക്ക് കഴിഞ്ഞത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ നാഷണല്‍ ലോട്ടറി ഹെറിറ്റേജ് ഫണ്ടിന്റെ ഗ്രാന്റുപയോഗിച്ച് ഒരു സംഘം വിദഗ്ദര്‍ ദേവാലയത്തില്‍ ഒരു താല്‍ക്കാലിക ഗവേഷണകേന്ദ്രം സ്ഥാപിച്ച് അവശേഷിപ്പുകളില്‍ ആധികാരിക പഠനങ്ങള്‍ നടത്തുവാന്‍ ആരംഭിക്കുകയായിരിന്നു. പതിനേഴിനും ഇരുപതിനും ഇടക്കുള്ള ഒരു സ്ത്രീയുടേതാണെന്നും, പോഷകകുറവുകളൊന്നും ഇല്ലാത്തതിനാല്‍ ഒരു ഉന്നതകുലജാതയാണെന്നും പ്രാഥമിക വിശകലനങ്ങളില്‍ നിന്നും വ്യക്തമായി. അതിനാല്‍ ഈ അവശേഷിപ്പുകള്‍ വിശുദ്ധ ഈന്‍സ്വൈത്തിന്റേത് തന്നെയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

അവശേഷിപ്പുകളുടെ പഴക്കം നിശ്ചയിക്കുവാന്‍ ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വ്വകലാശാലയില്‍ നടത്തിയ റേഡിയോ കാര്‍ബ്ബണ്‍ ഡേറ്റിംഗില്‍ ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജീവിച്ചിരുന്ന ആളിന്റേതാണെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം ഇതുവരെയുള്ള പഠന വിവരങ്ങള്‍ സെന്റ്‌ മേരി സെന്റ്‌ ഈന്‍സ്വൈത്ത് ദേവാലയത്തില്‍വെച്ച് നടത്തുന്ന പരിപാടിയിലൂടെ പുറത്തുവിടുവാനാണ് ഗവേഷകരുടെ പദ്ധതി. ഡി.എന്‍.എ ടെസ്റ്റ്‌ പോലെയുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുവാനുള്ള പദ്ധതിയുമുണ്ട്. പുതിയ കണ്ടെത്തല്‍ ഇംഗ്ലണ്ടിലെ ആദ്യകാല വിശുദ്ധരില്‍ ഒരാളായ ഈന്‍സ്വൈത്തിന്റേ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടന പ്രവാഹത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »