Faith And Reason - 2024

പൊതു ബലിയര്‍പ്പണമില്ലെങ്കിലും ദിവ്യകാരുണ്യം നല്‍കും: അമേരിക്കന്‍ രൂപതയുടെ തീരുമാനം

സ്വന്തം ലേഖകന്‍ 19-03-2020 - Thursday

ഫോര്‍ട്ട്‌ വേര്‍ത്ത്: പൊതു ജനപങ്കാളിത്തതോടെയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണമില്ലെങ്കിലും വൈദികര്‍ അര്‍പ്പിക്കുന്ന സ്വകാര്യ കുര്‍ബാനക്ക് ശേഷം ദേവാലയത്തിന് പുറത്ത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് ഒരുക്കത്തോടെ വന്ന വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യം നല്‍കുമെന്ന് അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ ഫോര്‍ട്ട്‌ വേര്‍ത്ത് രൂപത അധ്യക്ഷന്‍ ബിഷപ്പ് മൈക്കേല്‍ ഓള്‍സണ്‍. കൊറോണ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശമനുസരിച്ചാണ് വിശുദ്ധ കുര്‍ബാന സ്വകാര്യമായി അര്‍പ്പിക്കുന്നതെന്നും വൈദികരുമായും പ്രാദേശിക സംസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥരുമായും മതിയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ദേവാലയത്തിന് പുറത്ത് ദിവ്യകാരുണ്യം കൊടുക്കുവാന്‍ തീരുമാനിച്ചതെന്നും ഇന്നലെ പുറത്തുവിട്ട ഇടയലേഖനത്തിലൂടെ ബിഷപ്പ് അറിയിച്ചു.

ബലിയര്‍പ്പണത്തിന് ശേഷം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ സ്വന്തം വാഹനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സുരക്ഷിതമായ ദൂരപരിധി പാലിച്ചു കൊണ്ട് നില്‍ക്കുന്നവര്‍ക്കും ദിവ്യകാരുണ്യം കൈയില്‍ നല്‍കും. എന്നാല്‍ കാറിന്റെ വിന്‍ഡോയിലൂടെ നല്‍കില്ല. വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് വരുന്നവര്‍ തടിച്ചുകൂടി നില്‍ക്കരുതെന്നും ദിവ്യകാരുണ്യ സ്വീകരണം നടത്തിയവര്‍ അവിടെ നില്‍ക്കാതെ സുരക്ഷിതമായ സ്ഥലത്ത് പോയി കൃതജ്ഞത അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ആളുകളെ തടിച്ചുകൂടി നില്‍ക്കുവാന്‍ അനുവദിക്കാതെ സുരക്ഷിതമായ ദൂരപരിധി പാലിച്ചുകൊണ്ട് ദേവാലയത്തിനുള്ളില്‍ ദിവ്യകാരുണ്യം നല്‍കുമെന്നും മെത്രാന്‍ പറഞ്ഞു. പത്തിലധികം ആളുകള്‍ ഒരുമിക്കുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന ഡിസീസ് കണ്ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ കേന്ദ്രങ്ങളുടെ നിര്‍ദ്ദേശം പാലിച്ച് അമേരിക്കയില്‍ നൂറിലധികം രൂപതകളാണ് വിശുദ്ധ കുര്‍ബാനയിലെ പൊതുജന പങ്കാളിത്തം ഒഴിവാക്കിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »