Social Media - 2024

കൊറോണാ നാളുകളില്‍ കുമ്പസാരത്തിനായി എന്തു ചെയ്യും? ഉത്തരമിതാ..!

ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് 23-03-2020 - Monday

ഈ നാളുകളിൽ, പ്രത്യേകിച്ച് ഈ നോമ്പുകാലത്ത് പരിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കാത്തതിന്റെ വലിയ വിഷമം വിശ്വാസികൾക്ക് ഉണ്ട്. ചാനലുകളിൽ കൂടിയുള്ള വിശുദ്ധ കുർബ്ബാന ഇതിന് ഒരു പരിധി വരെ അവർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ വിശ്വാസികളെ സംബന്ധിച്ച് ഏറെ വേദനാജനകമായി അവശേഷിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഈ നാളുകളിൽ കുമ്പസാരിക്കാൻ സാധ്യതയില്ല എന്നതാണ്. ഈ അവസ്ഥയ്ക്കു എന്തെങ്കിലും ഒരു പ്രതിവിധിയുണ്ടോ എന്നത് അവർ അന്വേഷിക്കുന്നു.

വിശുദ്ധ തോമസ് അക്വീനാസ്സിന്റെ ഒരു പ്രബോധനം സഭ അംഗീകരിച്ചതാണ്. അത് ഇപ്രകാരമാണ്, "ഒരു പാപി അനുതപിക്കുന്ന സമയത്ത് തന്നെ ദൈവം പാപങ്ങൾ ക്ഷമിക്കുന്നു. കുമ്പസാരം വരെ നോക്കിയിരിക്കേണ്ട കാര്യം ദൈവത്തിനില്ല. എന്നാൽ ആ അനുതാപത്തിൽ ഇപ്രകാരം അടങ്ങിയിട്ടുണ്ട്. ഏറ്റം അടുത്ത സമയത്ത് ഞാൻ കുമ്പസാരിച്ചു കൊള്ളാം". ഈശോയുടെ രക്ഷാകർമ്മത്തിന്റെ യോഗ്യത വഴിയാണ് നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നുവെന്ന് നമുക്കറിയാം. ആ കൃപ കുമ്പസാരം എന്ന കൂദാശ വഴി അവിടുന്ന് നമുക്ക് നൽകുന്നു. എന്നാൽ അനുതാപം ഉണ്ടായിരിയ്ക്കുകയും കുമ്പസാരിക്കുവാൻ ഒരു സാധ്യതയും നിലവിൽ ഇല്ലാതിരിക്കുകയും ചെയ്താൽ ദൈവത്തിന് പാപം നേരിട്ട് ക്ഷമിക്കുവാൻ കഴിയും എന്നാണ് വിശുദ്ധ തോമസ് അക്വീനാസ് പ്രബോധിപ്പിക്കുന്നത്.

ഈ ഒരു തിരിച്ചറിവ് നമുക്ക് പല കാരണങ്ങൾകൊണ്ടും പ്രയോജനകരമാണ്. നാം ഒരു പാപം ചെയ്താൽ, പ്രത്യേകിച്ച് മാരക പാപം ചെയ്താൽ ദൈവത്തോടുള്ള നമ്മുടെ ബന്ധം നഷ്ടപ്പെടുന്നു. അതിന്റെ പരിണിത ഫലങ്ങൾ പലതാണല്ലോ. അനുതപിക്കാതെ ഈ അവസ്ഥയിൽ മരണമടഞ്ഞാൽ നാം നിത്യനരകത്തിന് അർഹരായിതീരും. അതുപോലെ ഭൗതികമായ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനും ഇത് തടസ്സം സൃഷ്ടിക്കും. എന്നാൽ പാപം ചെയ്തതിന് ശേഷം ഉടൻ തന്നെ അനുതപിക്കാൻ കഴിഞ്ഞാൽ നാം നിത്യജീവനിലേയ്ക്ക് വീണ്ടും പ്രവേശിയ്ക്കും, ദൈവാനുഗ്രഹങ്ങൾക്ക് സാധ്യതയുള്ളവർ ആവുകയും ചെയ്യും. നിരാശ കൂടാതെ ആത്മവിശ്വാസത്തോടെ ജീവിക്കുകയും ചെയ്യാം. ഈ കൊറോണ സമയത്ത് മാത്രമല്ല ഏതു സമയത്തും വിശ്വാസികൾ അനുവർത്തിക്കേണ്ട ഒരു നിലപാടാണിത്.

CCC 1457 ഇപ്രകാരം പഠിപ്പിക്കുന്നു, "മാരകപാപം ചെയ്തിട്ടുള്ള ഒരു വ്യക്തിയും, ആദ്യമായി കൗദാശികമായ പാപപൊറുതി കൂടാതെ അഗാധമായ മനസ്താപം തോന്നിയാൽ പോലും കുർബാന സ്വീകരിക്കരുത്. *എന്നാൽ കുമ്പസാരിക്കാൻ പോകാനുള്ള സാധ്യതയില്ലാതിരിയ്ക്കുകയും കുർബ്ബാന സ്വീകരിക്കുന്നതിന് ഗൗരവാഹമായ കാരണമുണ്ടായിരിയ്ക്കുകയും ചെയ്താൽ ആ വ്യക്തിയ്ക്ക് കുർബ്ബാന സ്വീകരിയ്ക്കാം".* ഇവിടെ സൂചിപ്പിക്കുന്ന കാരണം എന്തുമായി കൊള്ളട്ടെ, കുമ്പസാരിക്കാൻ സാഹചര്യമില്ലാത്ത സമയത്ത് പാപങ്ങൾ ക്ഷമിക്കപ്പെടാനുള്ള സാധ്യതയെ കുറിച്ചാണല്ലോ ഈ പ്രബോധനം സൂചിപ്പിക്കുന്നത്.

നമുക്ക് ഈ സമയത്ത് ചെയ്യാവുന്ന ചില പ്രധാന കാര്യങ്ങൾ ഉണ്ട്. ഒരു ദിവസം തന്നെ പല പ്രാവശ്യം പാപങ്ങളെക്കുറിച്ചോർത്ത് അനുതപിക്കുകയാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. പര സ്നേഹപ്രവൃത്തികളും പ്രാർത്ഥനകളും ഒക്കെ വഴി ലഘു പാപത്തിൽ നിന്ന് മോചനം നേടുകയാണ് മറ്റൊരു മാർഗ്ഗം. ഇനി എന്നാണ് കുമ്പസാരം എന്നറിവില്ലാത്തതു കൊണ്ട് മറന്നു പോകാതിരിക്കാനായി ഗൗരവമായി തോന്നുന്ന പാപങ്ങൾ വിവേകപൂർവ്വം കുറിച്ചു വയ്ക്കുന്നതും ഉചിതമായിരിയ്ക്കും. ധാരാളം ദൈവസ്നേഹപ്രകരണങ്ങൾ നടത്തുന്നത് ഈ സമയത്ത് ഏറ്റം അവസരോചിതമായ കാര്യമായിരിക്കും. പാപം ചെയ്യാതിരിക്കാനായി തീക്ഷ്ണമായി അദ്ധ്വാനിയ്ക്കുകയാണ് ഈ സമയത്ത് ഏറ്റം ശ്രദ്ധിക്കേണ്ട കാര്യം.

ഒരർത്ഥത്തിൽ, കമ്പസാരം ഉണ്ടല്ലോ എന്നോർത്ത് പുണ്യം ചെയ്യുന്നതിൽ അലസത കാട്ടുകയും ലാഘവത്വത്തോടെ പാപം ചെയ്യുകയും ചെയ്തിരുന്ന മനുഷ്യപ്രകൃതിയ്ക്ക് തന്നിൽ നൽകപ്പെട്ടിരിക്കുന്ന ശക്തി മുഴുവൻ പുറത്തെടുത്ത് പാപത്തിനെതിരെ യുദ്ധം ചെയ്യുവാൻ ഈ കൊറോണ സമയങ്ങൾ അവസരം ഒരുക്കുന്നു. ഈ നല്ല രീതി നഷ്ടപ്പെടുത്താതിരുന്നാൽ ഭാവിയിലും അത് നമുക്ക് വളരെ ഉപകാരപ്രദമായിരിക്കും. കുമ്പസാരിക്കുവാൻ സാധ്യതയില്ലാതിരുന്ന സമയം പാപം വെറുത്തുപേക്ഷിക്കുവാൻ സവിശേഷമായി ഇടവരുത്തി എന്നത് ഒരർത്ഥത്തിൽ ഒരു വലിയ നന്മ തന്നെയല്ലേ?

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »