India - 2024

പ്രതിരോധ പ്രവര്‍ത്തനത്തിന് രണ്ടായിരം പേരുടെ സംവിധാനവുമായി കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 25-03-2020 - Wednesday

കൊച്ചി: കോവിഡ് 19 ഗുരുതരമായ പടരുന്ന പശ്ചാത്തലത്തില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളുടെ സേവനം കോവിഡ് പ്രതിരോധത്തിനായി വിട്ടുനല്‍കുന്നതിനൊപ്പം, ജനങ്ങളുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്കു വിവിധ രീതിയില്‍ സഹായമൊരുക്കി ദേവാലയങ്ങളും അതിജീവനത്തില്‍ കൈകോര്‍ക്കുകയാണ്. കെസിബിസിയുടെ സാമൂഹ്യസേവന വിഭാഗത്തിനു കീഴിലുള്ള ദുരന്തനിവാരണ സംവിധാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരും ദിവസങ്ങളില്‍ സജീവമാകും. രണ്ടായിരത്തോളം പേരടങ്ങുന്നതാണു വിവിധ രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും സഹകരണത്തോടെ രൂപീകരിച്ച ഈ സംവിധാനം. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഇതിന്റെ സേവനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ ഈ ദിവസങ്ങളില്‍ നടക്കുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

ഓരോ ജില്ലയിലും ആവശ്യമുള്ള സ്ഥലങ്ങളില്‍ സഭയുടെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വിട്ടുനല്‍കുമെന്ന് കെ‌സി‌ബി‌സി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കിയിരിന്നു. കെസിബിസി ഹെല്‍ത്ത് കമ്മീഷനിലും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്റെ (ചായ്) കേരള ഘടകത്തിലും അംഗങ്ങളായി ആരോഗ്യമേഖലയില്‍ ചെറുതും വലുതുമായ 370 സ്ഥാപനങ്ങളാണുള്ളത്. മൂന്നു മെഡിക്കല്‍ കോളജുകളും, 400 കിടക്കകളിലധികമുള്ള 12ഉം 100400 കിടക്കകളുള്ള 52ഉം നൂറു വരെ കിടക്കകളുള്ള 93ഉം ആശുപത്രികളും ഇതില്‍ അംഗങ്ങളാണ്. കൂടാതെ ഡിസ്‌പെന്‍സറികളും സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ചായ് കേരളയുടെ ഭാഗമാണ്. ഇവയെല്ലാം വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ആവശ്യം പോലെ സഭ വിട്ടു നല്‍കും. സഭയുടെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ചു നിരവധി പേരാണ് നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »