Faith And Reason

'ഇത് ക്രിസ്തുവിലേക്ക് തിരിയേണ്ട സമയം': അമേരിക്കന്‍ തെരുവിലിറങ്ങിയുള്ള യുവാവിന്റെ വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍ 29-03-2020 - Sunday

ന്യൂ ഓർലിയൻസ്: പ്രതിരോധിക്കുവാന്‍ കഴിയാത്ത വിധം അതിവേഗത്തില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ തെരുവില്‍ ചാക്ക് ധരിച്ച് അനുതാപത്തിനുള്ള മുറവിളി കൂട്ടുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇത് ആത്മാവിന്റെ രക്ഷക്കായി അനുതപിച്ചു ക്രിസ്തുവിലേക്ക് തിരിയേണ്ട സമയമാണെന്നും മദ്യത്തോടും മയക്കുമരുന്നിനോടും ലൈംഗികാസക്തിയോടും എന്നെന്നേക്കുമായി വിടപറയേണ്ട അവസരമാണെന്നും പറഞ്ഞു നീങ്ങുന്ന അജ്ഞാതനായ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അനുതാപത്തിനായുള്ള ആഹ്വാനം ഉറച്ച ശബ്ദത്തില്‍ മുഴക്കുന്ന യുവാവിന്റെ പേരോ അദ്ദേഹം നടന്നു നീങ്ങുന്നോ സ്ഥലമോ വ്യക്തമല്ലെങ്കിലും വിവിധ പേജുകളില്‍ നിന്നായി ലക്ഷകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വിവിധ തിന്മകളെയും ധാര്‍മ്മിക അധഃപതനങ്ങളെയും യുവാവ് പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. മദ്യത്തോടും മയക്കുമരുന്നിനോടും ലൈംഗീകാസക്തിയോടും ജീവിതത്തിലെ മറ്റെല്ലാ അധാർമികതകളോടുമുള്ള നമ്മുടെ താൽപര്യങ്ങൾക്ക് പരിഹാരം ചെയ്യാനുള്ള സമയമാണിത്. ചെയ്തുപോയ ആഭിചാരകർമങ്ങളുടെയും തെറ്റായ മതചിന്തകളുടെയും പേരിൽ ഹൃദയംതുറന്ന് പശ്ചാത്തപിക്കാൻ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. സമയം അതിക്രമിച്ചിട്ടും നിങ്ങൾ ഉറങ്ങുകയാണെങ്കിൽ എത്രയും പെട്ടന്ന് ഉണർന്ന് ദൈവസന്നിധിയിലേക്ക് തിരിയണം, ചെയ്തുപോയ തെറ്റുകൾക്ക് പശ്ചാത്തപിച്ച് മാപ്പപേക്ഷിക്കണം. അവിടുത്തെ കരുണയ്ക്കായി ഹൃദയം തുറന്ന് യാചിക്കണം.

നമ്മുടെ പാപങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ കുരിശിൽ സമർപ്പിച്ചവനാണ് നമ്മുടെ ക്രിസ്തു. അവിടുത്തെ സഹനങ്ങളോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു. അവിടുത്തെ ശരീരവും രക്തവും നൽകികൊണ്ടാണ് അവിടുന്ന് നമുക്ക് നിത്യജീവൻ നൽകിയത്. അതിനാൽ എത്രയും പെട്ടന്ന് പാപ ബന്ധനങ്ങളില്‍ നിന്നു തെന്നിമാറി അവിടുന്നിലേക്ക് തിരിയേണ്ട സമയമാണ്. ഇത്തരത്തിലുള്ള വാക്കുകളുമായാണ് യുവാവ് നടന്നു നീങ്ങുന്നത്.

തെരുവില്‍ അധികം ആളുകള്‍ ഇല്ലെങ്കിലും യുവാവിന്റെ സന്ദേശത്തിന് കാലിക പ്രസക്തി ഏറെയാണെന്ന് സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന കമന്റുകളില്‍ ഭൂരിഭാഗം പേരും കുറിച്ചു. അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തുള്ള പ്രധാന തുറമുഖ നഗരമായ ന്യൂ ഓർലിയൻസിലെ തെരുവിലാണ് യുവാവിന്റെ ശക്തമായ സുവിശേഷയാത്രയെന്ന് സൂചനയുണ്ട്. റോഹന്‍ പട്ടേല്‍ എന്ന പ്രൊഫൈലില്‍ നിന്നു മാത്രം 1,20,000 ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പ്രൊഫൈലില്‍ 13 ലക്ഷം ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ നൂറുകണക്കിന് പേജുകള്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »