Friday Mirror

വധഭീഷണിയെ അതിജീവിച്ച് ബാലചന്ദ്രൻ പീറ്ററായ ജീവിതസാക്ഷ്യം

പീറ്റര്‍ കെ‌ വി 03-04-2020 - Friday

"മാതാവിൻ്റെ ഉദരത്തിൽ ആയിരിക്കുമ്പോൾത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തൻ്റെ കൃപയാൽ അവിടുന്ന് എന്നെ വിളിച്ചു" (ഗലാ 1:1 5 ).

പ്രിയപ്പെട്ടവരേ, പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിൽ, ഹൈന്ദവ സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ചുവളർന്ന എന്‍റെ പേര് ബാലചന്ദ്രൻ എന്നായിരുന്നു. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതാണ് എൻ്റെ കുടുംബം. ഏതാണ്ട് ഇരുപത് തൊന്നു വയസ്സ് പ്രായമായിരുന്ന അവസരത്തിൽ ചീത്ത കൂട്ടുകെട്ടിൽപ്പെട്ട് മദ്യപാനത്തിലും പുകവലിക്കും മ്ലേച്ഛ പാപങ്ങൾക്കും ഞാൻ അടിമയായിത്തീർന്നു.

ഇങ്ങനെയിരിക്കെ 1996 -ൽ ഞാൻ വചനോത്സവം മാസിക വായിക്കാൻ ഇടയായി. യേശുവിനെ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടാൻ ഇടവരുത്തിയ സംഭവമായിരുന്നു ഇത്. പോട്ടയിലും മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലും ധ്യാനം കൂടി ദൈവാനുഭവം സിദ്ധിച്ചിട്ടുള്ള ഹൈന്ദവ സഹോദരങ്ങളുടെ സാക്ഷ്യങ്ങൾ ഈ മാസികയിൽ വായിക്കാനിടയായി. ഇതിലൂടെ യേശുവിനെ കൂടുതലായി അറിയാനുള്ള ഒരു ആഗ്രഹം എന്നിലേക്ക് കടന്നുവന്നു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോയി ഒരു ധ്യാനത്തിൽ സംബന്ധിക്കണം എന്ന ശക്തമായ ആഗ്രഹവും എനിക്കുണ്ടായി.

വീട്ടുകാർ അറിയാതെ 1996 ൽ ഡിവൈനിലെ ഒരാഴ്ചത്തെ ധ്യാനത്തിൽ ഞാൻ സംബന്ധിച്ചു. ബഹുമാനപ്പെട്ട പനയ്ക്കൽ അച്ഛൻ്റെ വചന ശുശ്രൂഷയിലെ ആദ്യദിവസം തന്നെ കർത്താവ് എന്നോട് സംസാരിച്ചു: "ഭയപ്പെടേണ്ട, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എൻ്റെ താണ് (ഏശയ്യ : 4 3 :1). ക്രൂശിതനായ യേശുവിനെ നോക്കി ഞാൻ ഹൃദയം നുറുങ്ങി കണ്ണീരോടെ വിളിക്കാൻ തുടങ്ങി. 'അങ്ങ് എന്നെ ഇത്രയും സ്‌നേഹിക്കാൻ പാപിയായ എനിക്ക് എന്തു യോഗ്യതയാണുള്ളത്? തുടർന്നുള്ള ധ്യാന ദിവസങ്ങളിൽ വളരെ ശ്രദ്ധയോടെ ദൈവവചനം ശ്രവിച്ചു. മദ്യപാനം, പുകവലി, മ്ലേച്ഛകൃത്യങ്ങൾ, വിഗ്രഹാരാധന എന്നിവയെല്ലാം പാപമാണെന്ന് എനിക്ക് മനസ്സിലായി.

അവയെല്ലാം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. എൻ്റെ അച്ഛൻ്റെ നിര്‍ബന്ധത്തിനു വഴങ്ങി അമ്പലത്തിൽ പോയി അന്യ ദൈവന്മാരെ വിളിച്ചു ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. എന്നാൽ നിയമാവർത്തന പുസ്തകത്തിൽ ഇപ്രകാരം നാം വായിക്കുന്നു: 'ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. (നിയമ 5 :7-9 ). അന്യദൈവങ്ങളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

"ആകയാൽ യേശു കർത്താവാണെന്ന് ഏറ്റു പറയുകയും ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷ പ്രാപിക്കും . (റോമ 10 :9 ). എൻ്റെ പാപങ്ങളെയോർത്ത് കണ്ണീരോടെ അനുതപിച്ചുകൊണ്ട് , അവയെല്ലാം വെറുത്തുപേക്ഷിച്ച് , വിശ്വാസമുള്ള ഹൃദയത്തോടെ യേശുവിനെ എൻ്റെ ജീവിതത്തിൻ്റെ മുഴുവൻ രക്ഷകനായി ഞാൻ സ്വീകരിച്ചു. ധ്യാനത്തിൻ്റെ അവസാനത്തെ ദിനത്തിൽ, പരിശുദ്ധാത്മാഭിഷേക പ്രാർത്ഥനയുടെ സമയത്ത് പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്ന അനുഭവവും എനിക്കുണ്ടായി.

ധ്യാനം കഴിഞ്ഞു എൻ്റെ ഭവനത്തിൽ ഞാൻ തിരിച്ചെത്തിയപ്പോൾ അച്ഛൻ എന്നെ ചീത്ത പറഞ്ഞു. ചില വർഗ്ഗീയ സംഘക്കാർ വന്ന് തല്ലാൻ തുടങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: "ഇനി യേശുവിനെ വിളിക്കാനും ധ്യാനം കൂടാനും പോയാൽ ഞങ്ങൾ നിന്നെ കൊന്നു കളയും ." വീട്ടിൽ, ബൈബിൾ വായിച്ച് ഞാൻ പ്രാർത്ഥിക്കാൻ ആരംഭിച്ചു. അച്ഛൻ കഠിനമായി ശകാരിച്ചു: ബൈബിൾ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി. അയൽപക്കത്തുള്ള ഒരു ക്രൈസ്തവ ഭവനത്തിൽ പോയി ഞാൻ ജപമാലയിൽ പങ്കെടുത്തു. ഇതറിഞ്ഞ അച്ഛൻ അവിടെയും എന്നെ ഭീഷണിപ്പെടുത്തി.

അങ്ങനെയിരിക്കെ വീട്ടുകാരറിയാതെ പാലക്കാട്ടുള്ള ഒരു ധ്യാന കേന്ദ്രത്തിൽ ഒരു ദിവസത്തെ പ്രാർത്ഥനാ പ്രോഗ്രാമിൽ ഞാൻ പങ്കെടുത്തു. അവിടെവച്ചു ഞാൻ യേശുവിനോട് പറഞ്ഞു: " ഈശോയെ, ഞാൻ നിനക്കുവേണ്ടി, നിന്നോടൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു" പ്രാർത്ഥനയിൽ പങ്കെടുത്ത വിവരം അച്ഛനിൽ നിന്നും മറച്ചു വയ്ക്കാനായില്ല. വീട്ടിൽ തിരിച്ചു വന്നപ്പോൾ അച്ഛൻ ഇപ്രകാരം പറഞ്ഞു: "ഇനി നീ യേശുവിനെ വിളിക്കുകയോ, ധ്യാനകേന്ദ്രങ്ങളിലോ, പള്ളികളിലോ പോവുകയോ ചെയ്യരുത്. നിനക്ക് യേശുവാണ് വലുതെങ്കിൽ നിൻ്റെ മാതാപിതാക്കളും സഹോദരങ്ങളും നിനക്കില്ല; അവർ മരിച്ചുപോയി എന്നു കരുതിയാൽ മതി. യേശുവിൻ്റെ അടുക്കൽ ഇനിമേൽ പോവുകയില്ലായെങ്കിൽ നിനക്ക് ഈ വീട്ടിൽ തുടർന്നും താമസിക്കാം."

ഞാൻ പറഞ്ഞു: "ഞാൻ യേശുവിൻ്റെ സ്നേഹം രുചിച്ചു അനുഭവിച്ചറിഞ്ഞതാണ്. എനിക്കത് നിഷേധിക്കാൻ പറ്റില്ല. എനിക്ക് വലുത് യേശുവാണ്. ഞാൻ ഇത് ഉച്ചരിച്ച ദിവസം അച്ഛൻ പറഞ്ഞു: "ഇറങ്ങെടാ ഈ വീട്ടിൽ നിന്ന്; ഇനിമേൽ ഈ വീടിൻ്റെ പടി ചവിട്ടരുത്. വീട്ടിൽ നിന്ന് പോകരുതെന്ന് 'അമ്മ എന്നോട് കരഞ്ഞപേക്ഷിച്ചു. എങ്കിലും യേശുവിനെ രക്ഷകനായി സ്വീകരിച്ചതിൻ്റെ പേരിൽ അച്ഛൻ എന്നെ വീട്ടിൽ നിന്നും ആട്ടിപ്പുറത്താക്കി. വചനം പറയുന്നു " എൻ്റെ നാമം നിമിത്തം സർവ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും." (മത്തായി 24 : 9 ).

വീട്ടിൽ നിന്നും ഞാൻ നേരെ പോയത് മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലേയ്ക്കാണ്. 1998 -ലെ ഒരാഴ്ചത്തെ ധ്യാനത്തിൽ ഞാൻ വീണ്ടും പങ്കെടുത്തു. അഭിഷേക ആരാധനയുടെ സമയത്ത് കണ്ണീരോടെ ഈശോയോട് പ്രാർത്ഥിച്ചു: " ഈശോയെ, നിന്നെ എൻ്റെ ജീവിതത്തിൽ രക്ഷകനായി സ്വീകരിച്ചത് എൻ്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അതിൻ്റെ പേരിൽ എൻ്റെ ഭവനത്തിൽ നിന്ന് എന്നെ പുറത്താക്കിയിരുന്നു. നീയും എന്നെ ഉപേക്ഷിച്ചു കളഞ്ഞാൽ ഞാൻ തികച്ചും അനാഥനാകും".

കണ്ണീർ നിറഞ്ഞ എൻ്റെ നിലവിളി യേശു കേട്ടു. തിരുവചനത്തിലൂടെ അവിടന്ന് എന്നോട് ഇപ്രകാരം സംസാരിച്ചു. "അവൻ എൻ്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും. അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ഉത്തരമരുളും.; അവൻ്റെ കഷ്ടതയിൽ ഞാൻ അവനോട് ചേർന്നു നിൽക്കും. ഞാൻ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും." (സങ്കീ. 91 : 14 -15 ).

ഒരാഴ്ചത്തെ ധ്യാനം കഴിഞ്ഞപ്പോൾ ഡിവൈനിൽ തന്നെ താമസിച്ചു പ്രേഷിതവേല ചെയ്യാനുള്ള ആഗ്രഹം എനിക്കുണ്ടായി. ഡയറക്ടർ അച്ഛനെ പോയിക്കണ്ടു. 1998 മുതൽ 2003 വരെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തു. ഡിവൈൻ ബൈബിൾ കോളേജിൽ ചേർന്നു പഠിക്കുവാനുള്ള അവസരം ലഭിക്കുകയും ഉണ്ടായി. മാമോദീസ സ്വീകരിച്ചു കത്തോലിക്കാസഭയിൽ അംഗമായി ചേരാനുള്ള ആഗ്രഹം എന്നിൽ ജനിച്ചു. തുടർന്ന് പീറ്റർ എന്ന പേര് സ്വീകരിച്ചുകൊണ്ട് , സ്നാനപ്പെട്ട് സഭയിൽ അംഗമായി.

വിശുദ്ധ കുർബാനയിലൂടെ യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചു. "ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നു പോയി. ഇതാ പുതിയത് വന്നു കഴിഞ്ഞു." (2 കൊറി : 5 : 17 ). ദൈവമായ കർത്താവ് അരുളിച്ചെയ്തു: "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; അവനെ ചേർന്ന ഇണയെ ഞാൻ നൽകും." (ഉത്പ : 2 : 18 ). ഞാൻ ഏകനായിരിക്കുന്നത് കർത്താവ് ഇഷ്ടപ്പെടായ്കയാൽ ജൂലി എന്ന ദൈവമകളെ ഭാര്യയായിത്തന്നു എന്നെ അനുഗ്രഹിച്ചു. തുടർന്ന് ദൈവദാനം എന്ന നിലയിൽ രണ്ടാൺമക്കളും ഞങ്ങൾക്കുണ്ടായി.

എനിക്ക് ഒരു വാഹനവും ഡ്രൈവ് ചെയ്യാൻ അറിയില്ലായിരുന്നു. ഞാൻ ഡ്രൈവിംഗ് സ്‌കൂളിൽ പോയിട്ടുണ്ട്. എങ്കിലും ഡ്രൈവിംഗ് വശമാക്കാൻ സാധിച്ചിരുന്നില്ല. പരിശുദ്ധാത്മാവിനോട് ഞാൻ നിരന്തരം പ്രാർത്ഥിച്ചു. എല്ലാവിധ വാഹനങ്ങളും ഡ്രൈവ് ചെയ്യാനുള്ള കഴിവ് അവിടുന്നെനിക്ക് നൽകി. എല്ലാ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെയും ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും എനിക്ക് ലഭിച്ചു. തുടർന്ന് ഒരു ഡ്രൈവർ ജോലി തരപ്പെടുത്തിത്തന്നു കർത്താവ് എന്നെ അനുഗ്രഹിച്ചു. "നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും" (മത്താ 6 : 33 ).

ഇങ്ങനെ നിരവധി അനുഗ്രഹങ്ങൾ കർത്താവ് ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ചു. അവിടുന്ന് ഇപ്പോഴും ഞങ്ങളോടുകൂടി ഉള്ളതായി ഞങ്ങൾക്കറിയാം. "കർത്താവേ, ഞാൻ പൂര്ണഹൃദയത്തോടെ അങ്ങേയ്ക്കു നന്ദി പറയുന്നു; ദേവന്മാരുടെ മുമ്പിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും. ഞാൻ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരെ ശിരസ്സു നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയേയും ഓർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. " (സങ്കീ 138 : 1 - 2 ).

നമ്മൾ അറിഞ്ഞ യേശുവിനെ നാം മറ്റുള്ളവരുടെ മുമ്പിൽ സാക്ഷ്യപ്പെടുത്തണം. കർത്താവ് എൻ്റെ ജീവിതത്തിൽ നൽകിയ അനുഗ്രഹങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു സാക്ഷ്യപ്പെടുത്തുമ്പോൾ അവിടെ നാലുകാര്യങ്ങൾ സംഭവിക്കുമെന്ന് പരിശുദ്ധാത്മാവ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.

1 . മറ്റുള്ളവരുടെ മുമ്പിൽ ഞാൻ യേശുവിനെ ഏറ്റുപറഞ്ഞു സാക്ഷ്യപ്പെടുത്തുമ്പോൾ അവിടുന്ന് എന്നേയും ഏറ്റുപറയും. "മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ ഞാനും തള്ളിപ്പറയും." (മത്താ 10 :32 -33 ).

2 .കർത്താവിനെ ഞാൻ ഏറ്റുപറഞ്ഞു സാക്ഷ്യപ്പെടുത്തുമ്പോൾ അവിടുന്ന് എനിക്ക് തൻ്റെ കൃപ തരുന്നു."എന്നാൽ, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: "നിനക്ക് എൻ്റെ കൃപ മതി; എന്തെന്നാൽ, ബലഹീനതയിലാണ് എൻ്റെ ശക്തി പൂർണമായി പ്രകടമാകുന്നത്.." (2 കൊറി 12 : 9 ).

3 . എൻ്റെ ദൈവാനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ അവർക്ക് വിശ്വാസം എന്ന ദാനം ദൈവത്തിൽ നിന്ന് ലഭിക്കുന്നു." ആകയാൽ വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്" (റോമാ 10 :17 ).

4 . എൻ്റെ ദൈവാനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ ദൈവനാമം ഉപരിയായി മഹത്വപ്പെടുത്തുന്നു. "അപ്രകാരം, മനുഷ്യർ നിങ്ങളുടെ സത്‌പ്രവൃത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ" (മത്ത 9 : 16 ).

കര്‍ത്താവായ ക്രിസ്തുവിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ‍


Related Articles »