Faith And Reason

അദൃശ്യ ശത്രുവിനോടുള്ള പോരാട്ടത്തില്‍ പ്രാര്‍ത്ഥന അനിവാര്യം: ട്രംപിന്റെ ഈസ്റ്റര്‍ സന്ദേശം

സ്വന്തം ലേഖകന്‍ 12-04-2020 - Sunday

വാഷിംഗ്‌ടണ്‍ ഡി.സി: ദുഃഖവെള്ളിയുടേയും ഈസ്റ്ററിന്റേയും പ്രാധാന്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതീക്ഷാ നിര്‍ഭരമായ ഈസ്റ്റര്‍ സന്ദേശം. ഈ വിശുദ്ധ കാലത്ത് അമേരിക്ക ഒരു അദൃശ്യ ശത്രുവിനോടുള്ള പോരാട്ടത്തിലാണെന്നും, അതിനു പ്രാര്‍ത്ഥന അനിവാര്യമാണെന്നും അന്ധകാരത്തിന്റേതായ ഈ സമയത്തെ രാഷ്ട്രം അതിജീവിക്കുമെന്നും ദുഃഖവെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് നടത്തിയ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. ഇക്കൊല്ലം ഈസ്റ്റര്‍ ദിനത്തില്‍ പതിവനുസരിച്ചുള്ള കൂട്ടായ്മകള്‍ സാധ്യമല്ലെങ്കിലും വിശുദ്ധ കാലത്ത് പ്രാര്‍ത്ഥനയിലും, വിചിന്തനത്തിലും ചിലവഴിച്ചുകൊണ്ട് ദൈവവുമായി വ്യക്തിപരമായി കൂടുതല്‍ അടുക്കാമെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു.

കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്‍മാരേയും, ഡോക്ടര്‍മാരേയും, നേഴ്സുമാരേയും അഭിനന്ദിക്കുവാനും ട്രംപ് മറന്നില്ല. “അന്ധകാരം ഭൂമിയേയും കൂരിരുട്ട് ജനതകളേയും മൂടും, എന്നാല്‍ കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും” എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ (ഏശയ്യാ 60: 2) ഉദ്ധരിച്ച അദ്ദേഹം സമൂഹത്തിന് ഒരു നല്ല ഈസ്റ്റര്‍ ആശംസിച്ചു. തനിക്കും കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പിന്നാലെ വചനപ്രഘോഷകനായ ഹാരി ജാക്സണെ ട്രംപ് സന്ദേശത്തിനായി ക്ഷണിച്ചു.

നമ്മുടെ പാപങ്ങള്‍ക്ക് ക്രിസ്തു പരിഹാരമായി നിന്ന ദുഃഖവെള്ളിയാഴ്ച ക്രിസ്തീയ വിശ്വാസത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നാണെന്നും എന്നാല്‍ പുനരുത്ഥാനം നമ്മുടെ വിജയമാണെന്നും ഹാരി തന്റെ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീര്‍ത്തനപുസ്തകത്തില്‍ നിന്നുള്ള വചനഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രസിഡന്‍റിനെയും അമേരിക്കയും അനുഗ്രഹിക്കുന്നു എന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »