Faith And Reason - 2024

ഈസ്റ്റര്‍ കുര്‍ബാനയിലെ പങ്കാളിത്തം ഓൺലൈനായി: ചിത്രം പങ്കുവെച്ച് ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ്

സ്വന്തം ലേഖകന്‍ 16-04-2020 - Thursday

കാലിഫോര്‍ണിയ: കൊറോണ പശ്ചാത്തലത്തില്‍ ഈസ്റ്റര്‍ വിശുദ്ധ കുര്‍ബാനയില്‍ നേരിട്ടു പങ്കെടുക്കുവാന്‍ സാധിച്ചില്ലെങ്കിലും ബലി മുടക്കാതെ പ്രമുഖ ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റും ഭാര്യയും. കൊറോണ കാലത്തു തങ്ങളുടെ വിശ്വാസത്തിന് യാതൊരു മങ്ങലുമേറ്റിട്ടില്ലായെന്നു സൂചിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരുന്ന ചിത്രം താരം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റു ചെയ്യുകയായിരിന്നു. കാലിഫോര്‍ണിയായിലെ സാന്താ മോണിക്ക കത്തോലിക്ക ദേവാലയത്തിൽ നിന്നുള്ള ബലി അര്‍പ്പണത്തിന്റെ തത്സമയ സംപ്രേക്ഷണത്തിലാണ് താരദമ്പതികള്‍ പങ്കുചേര്‍ന്നത്. ‘ലെറ്റ് അസ് പ്രേ; ഹി ഈസ് റൈസൺ’ എന്നുള്ള ചിത്രവും ഈസ്റ്റർ ദിനത്തിൽ ഇരുവരും ഒരുമിച്ചു പാചകം ചെയ്യുന്നതും ഈസ്റ്റർ മുട്ട തയ്യാറാക്കുന്നതും അടക്കമുള്ള ചിത്രങ്ങളും പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ ക്രിസ് പ്രാറ്റ് അനേകം വേദികളില്‍ തന്റെ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുണ്ട്. അമേരിക്കയിലെ ഡിസ്നിലാൻഡ് എല്ലാവർഷവും സംഘടിപ്പിക്കുന്ന പരമ്പരാഗതമായ ദീപം തെളിയിക്കൽ ചടങ്ങില്‍ ലൂക്കായുടെ സുവിശേഷം വായിച്ച്, യേശുവിന്റെ സ്നേഹത്തെ പ്രകീർത്തിച്ചായിരിന്നു അദ്ദേഹം സന്ദേശം നല്‍കിയത്. ‘MTV ജനറേഷന്‍ അവാര്‍ഡ്’ നിശയില്‍വച്ച് ഒരു നല്ല ജീവിതത്തിനു വേണ്ട തന്റെ 9 നിയമങ്ങളെ കുറിച്ച് ക്രിസ് പ്രാറ്റ് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരിന്നു. 'യേശു നിന്നെ സ്നേഹിക്കുന്നു' എന്ന വാചകം ടീ ഷര്‍ട്ടില്‍ രേഖപ്പെടുത്തിക്കൊണ്ട് നടന്നു പോകുന്ന താരത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയായില്‍ വൈറലായിരിന്നു. ‘ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സി’, ‘ജുറാസിക് വേള്‍ഡ് തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ സിനിമകളിലെ അഭിനയമാണ് ക്രിസ് പ്രാറ്റിനെ ആഗോള തലത്തില്‍ തന്നെ പ്രശസ്തനാക്കിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »