Faith And Reason - 2024

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ബൈബിള്‍ വായനയില്‍ 54% വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 17-04-2020 - Friday

വാഷിംഗ്ടൺ ഡി.സി: കൊറോണ കാലത്ത് ബൈബിൾ വിൽപ്പനയിൽ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്ന ബൈബിള്‍ പ്രസാധകരുടെ വെളിപ്പെടുത്തലിന് പിന്നാലെ ദൈവവചനം വായിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായെന്ന് റിപ്പോർട്ടുകൾ. മഹാമാരിയുടെ കാലത്ത് ജനങ്ങൾ ദൈവവചനവുമായി കൂടുതൽ അടുക്കുന്നുവെന്ന റിപ്പോർട്ട് പ്രമുഖ ബൈബിൾ ആപ്ലിക്കേഷനായ ‘യു വേർഷ’നാണ് പുറത്തുവിട്ടത്. ദേവാലയങ്ങളിൽ പൊതുവായ തിരുക്കർമങ്ങൾക്ക് വിലക്കുകളില്ലാതിരുന്ന കഴിഞ്ഞ വർഷത്തെ വിശുദ്ധവാരത്തേക്കാൾ 54% വർദ്ധനവ് ബൈബിൾ വായനയുടെ കാര്യത്തിൽ ഇത്തവണ ഉണ്ടായെന്നാണ് ‘യൂ വേർഷൻ’ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈസ്റ്റർ ദിനത്തിലാണ് ഏറ്റവും കൂടുതൽ ബൈബിൾ വചനങ്ങൾ ഷെയർ ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷത്തെ വിശുദ്ധവാരത്തിൽ തങ്ങളുടെ ആപ്പ് ഉപയോഗിച്ച് വിശുദ്ധഗ്രന്ഥം വായിച്ചവരുടെ എണ്ണം 26.4 മില്യൻ ആയിരുന്നെങ്കിൽ ഇത്തവണ അത് 40.6 മില്യനായി വർദ്ധിച്ചുവെന്നാണ് ‘യൂ വേർഷൻ’ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ വിശുദ്ധവാരത്തിൽ 10.8 മില്യൻ വചനങ്ങള്‍ യൂവേര്‍ഷന്‍ ആപ്പ് മുഖാന്തിരം ഷെയർ ചെയ്യപ്പെട്ടപ്പോള്‍ ഇത്തവണ അത് 14. 1 മില്യനായി ഉയർന്നു. നാല്പത് ലക്ഷത്തിന്റെ വര്‍ദ്ധനവ്. നിരവധി ബൈബിള്‍ ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. ഇതില്‍ യൂവേര്‍ഷന്‍ മാത്രമാണ് കണക്കുകള്‍ പങ്കുവെച്ചിട്ടുള്ളത്. ഇത്തരത്തില്‍ മറ്റ് ആപ്പുകളുടെയും എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ വായനക്കാരുടെ എണ്ണം പതിമടങ്ങ് ആയി വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒക്ലഹോമയിലെ എഡ്മണ്ടിലെ ലൈഫ് ചര്‍ച്ചിലെ ബോബി ഗ്രൂനെവാള്‍ഡിന്റെ ആശയമായിരുന്നു യൂവേര്‍ഷന്‍ ബൈബിള്‍ ആപ്. ബൈബിള്‍ വായിക്കുവാനും, ശ്രവിക്കുവാനും വചനവിചിന്തനം നടത്തുവാനും ഈ ആപ്പിലൂടെ കഴിയും. ഐഫോണ്‍ ആപ്പ് സ്റ്റോറിലൂടെ ലോകത്തെ ആദ്യത്തെ ബൈബിള്‍ ആപ്ലിക്കേഷന്‍ എന്ന ഖ്യാതിയോടെ പുറത്തിറങ്ങിയ ഈ ആപ്പില്‍ 1343 ഭാഷകളിലായി 2,013 എഴുതപ്പെട്ട ബൈബിള്‍ വേര്‍ഷനുകളും, 417 ഭാഷകളിലായി 527 ഓഡിയോ വേര്‍ഷനുകളും ഇപ്പോള്‍ ലഭ്യമാണ്. 2033-ഓടെ ലോകത്തെ 95 ശതമാനം ജനസംഖ്യയുടേയും സ്വന്തം ഭാഷയിലുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ തര്‍ജ്ജമ തയ്യാറാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യൂവേര്‍ഷന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »