Faith And Reason - 2024

മെയ് 13നു ഫിലിപ്പീൻസിനെ ദൈവമാതാവിന് സമർപ്പിക്കും

സ്വന്തം ലേഖകന്‍ 01-05-2020 - Friday

മനില: ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനമായ മെയ് പതിമൂന്നാം തീയതി ഫിലിപ്പീൻസിലെ മെത്രാന്മാർ രാജ്യത്തെ ദൈവമാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിക്കും. വിവിധ രൂപതകളിലെ മെത്രാന്മാർ, കത്തീഡ്രൽ ദേവാലയങ്ങളിൽ മരിയൻ സമർപ്പണത്തിന് നേതൃത്വം നൽകും. വളരെ മനോഹരമായ ഒരു ദൗത്യമായിരിക്കും സമർപ്പണ ശുശ്രൂഷയെന്ന് ദേശീയ മെത്രാൻ സമിതിയുടെ അധ്യക്ഷനായ ബിഷപ്പ് റോമുളോ വാലസ് വിവിധ  രൂപതകൾക്കയച്ച കത്തിൽ പറഞ്ഞു. ഇതിനുമുമ്പും രാജ്യത്തെ മെത്രാന്മാർ  ഫിലിപ്പീൻസിനെ മാതാവിന് സമർപ്പിച്ചിട്ടുണ്ട്.

2013ലെ വിശ്വാസവർഷത്തിൽ ദേശീയ മെത്രാൻ സമിതി, മാതാവിന്റെ അമലോൽഭവ ഹൃദയത്തിന് രാജ്യത്തെ സമർപ്പിച്ചിരുന്നു. രാജ്യ തലസ്ഥാനമായ മനിലയിൽ, ബിഷപ്പ് ബ്രോഡെറിക്  പാബിലോ ആയിരിക്കും കത്തീഡ്രൽ ദേവാലയത്തിൽവച്ച് മരിയൻ സമർപ്പണ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുക. മനില അതിരൂപതയുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന, അഞ്ച് നഗരങ്ങളുടെ മേയർമാർ ചടങ്ങിൽ പങ്കെടുക്കും.  മതമേലധ്യക്ഷന്മാരുടെയും, സിവിൽ ഭരണാധികാരികളുടേയും നേതൃത്വത്തിൽ, ദൈവജനം മുഴുവൻ രാജ്യത്തെ മാതാവിന്റെ സംരക്ഷണത്തിനായി സമർപ്പിക്കുന്നത് മനോഹരമായിരിക്കുമെന്ന് ബിഷപ്പ് പാബിലോ പറഞ്ഞു.

അടുത്തമാസം ആരംഭംമുതൽ മരിയൻ സമർപ്പണത്തിന്റെ ഫലങ്ങളെ പറ്റിയും, ആവശ്യകതയെപ്പറ്റിയും ഓൺലൈൻ പഠനം അതിരൂപത സംഘടിപ്പിക്കുന്നുണ്ട്. ക്വാറന്റീനിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ മാതാവിന്റെ ശക്തമായ മാധ്യസ്ഥം തേടാനായിട്ടാണ്, മരിയൻ സമർപ്പണം നടത്താൻ തീരുമാനിച്ചതെന്ന് ബിഷപ്പ് ബ്രോഡെറിക് പാബിലോ വിശദീകരിച്ചു. നമുക്ക് സ്വർഗ്ഗത്തിൽ നിന്നുള്ള ശക്തി ആവശ്യമാണെന്നും, അത് നേടിത്തരാൻ ഏറ്റവും ഉത്തമയായ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് മാസം മുഴുവൻ കുടുംബങ്ങൾ ഒത്തുചേർന്ന് ജപമാല ചൊല്ലി, വൈറസ് ബാധയ്ക്കെതിരെ  പ്രാർത്ഥിക്കണമെന്ന്, കഴിഞ്ഞ ആഴ്ച  പുറത്തിറക്കിയ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക