Faith And Reason - 2024

പ്രാര്‍ത്ഥനയില്‍ ആശ്രയിച്ച് ലോകം: കൊറോണ കാലത്ത് പ്രാർത്ഥിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വർദ്ധനവ്

സ്വന്തം ലേഖകന്‍ 05-05-2020 - Tuesday

ലണ്ടന്‍: കൊറോണ വൈറസ് ഭീതിയുടെ നാളുകളിൽ പ്രാർത്ഥിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി സർവ്വേ റിപ്പോർട്ട്. ടിയർഫണ്ട് എന്ന ക്രൈസ്തവ സന്നദ്ധ സംഘടന രണ്ടായിരത്തോളം ബ്രിട്ടീഷുകാർക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പ്രായപൂർത്തിയായ 25% പൗരന്മാരെങ്കിലും ലോക്ക്ഡൗൺ ആരംഭിച്ചതിനു ശേഷം മാത്രം ഓൺലൈനിലൂടെയോ, ടെലിവിഷനിലൂടെയോ പ്രാർത്ഥനകളിൽ പങ്കെടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി ആളുകൾ പ്രാർത്ഥനയിലേക്ക് തിരിയുന്നു എന്ന വാദം അടിവരയിട്ട് ഉറപ്പിക്കുന്ന കണക്കുകളാണ് സർവേയിലൂടെ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടണിലെ ഇരുപതിൽ ഒരാൾ കൊറോണ വ്യാപനം ആരംഭിച്ചതിനുശേഷം പുതിയതായി പ്രാർത്ഥിക്കാൻ ആരംഭിച്ചിട്ടുണ്ട്.

തങ്ങളുടെ ഓൺലൈൻ, ടെലിവിഷൻ മതചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ടെന്ന് ആംഗ്ലിക്കൻ സഭ കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി. പ്രാർത്ഥന ഹോട്ട്‌ലൈൻ ആരംഭിച്ച്, 48 മണിക്കൂറുകൾ ആകുന്നതിനു മുൻപേ തന്നെ ആറായിരത്തോളം ആളുകളാണ് അതിൽ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട് വിളിച്ചുവെന്ന് സഭാനേതൃത്വം പറയുന്നു. മറ്റുള്ള സഭകളുടെ ഓൺലൈൻ പ്രാർത്ഥനകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും ഇതേപോലെ വർദ്ധിച്ചിട്ടുണ്ട്. 18-34 നും മധ്യേ പ്രായമുള്ളവരിൽ മൂന്നിലൊരാൾ ഓൺലൈൻ, ടെലിവിഷൻ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ടുണ്ട്.

കൊറോണ കാലത്ത് പ്രാർത്ഥനകളിൽ പങ്കെടുത്ത 20 ശതമാനം ആളുകൾ ഇതുവരെയും ദേവാലയത്തിൽ പോയിട്ടില്ലാത്ത ആളുകളാണ്. 53%വും കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രാർത്ഥിച്ചത്. സുഹൃത്തുക്കൾക്കു വേണ്ടി 34%, ദൈവത്തിനു നന്ദി പ്രകാശനം 24% തുടങ്ങിയ രീതിയിലാണ് മറ്റ് കണക്കുകള്‍. കോവിഡ് 19 രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് വേണ്ടിയും, മറ്റു രാജ്യങ്ങൾക്ക് വേണ്ടിയും നിരവധി ആളുകൾ പ്രാർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വിവിധ കണക്കുകള്‍ പ്രകാരം അമേരിക്കയിലും പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്ന് വ്യക്തമായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »