Editor's Pick - 2024

പ്രവാചക ശബ്ദത്തിനെതിരെ പുറത്താക്കല്‍ ഭീഷണി മുഴക്കുന്നവര്‍ വായിച്ചറിയാൻ

പ്രവാചക ശബ്ദം 05-05-2020 - Tuesday

വിശ്വാസികൾ ഇന്ന് വളരെ ഭീതിയിലൂടെയാണ് കടന്നുപോകുന്നത്; ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മലയാളികളായ വിശ്വാസി സമൂഹത്തിലെ വലിയൊരു വിഭാഗം കോവിഡ്-19 എന്ന മഹാമാരി മൂലം ഭീതിയുടെ നിഴലിലാണ്. ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തിൽ അവർ ഞായറാഴ്ചകളിൽ അല്പം ആശ്വാസം തേടി വിശുദ്ധ കുർബാനക്കായി ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ്. അങ്ങനെ കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാനക്കായി കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ തുറന്നപ്പോൾ കണ്ടത് വിഗ്രഹാരാധകരുടെ മന്ത്രങ്ങളായിരുന്നു.

ഇതു തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച പ്രവാചക ശബ്ദത്തിനെതിരെ പുറത്താക്കൽ ഭീഷണിയുമായി ഇന്നലെ ഒരു വൈദികൻ രംഗത്തെത്തിയിരുന്നു. പ്രവാചക ശബ്ദത്തിലെ ലേഖനത്തിനുള്ള മറുപടി എന്ന പേരിൽ ആരംഭിക്കുന്ന ഇദ്ദേഹത്തിന്റെ ലേഖനത്തിൽ പ്രവാചക ശബ്ദത്തിലെ ലേഖനത്തിലെ ഒരു വാക്കുപോലും ചൂണ്ടിക്കാണിക്കുകയോ അത് തെറ്റാണെന്നു തെളിയിക്കുവാൻ കഴിയുകയോ ചെയ്യാതെ ഇദ്ദേഹം വിഷമിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. അതിനുപകരം കേരളത്തിലെ സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്ന ചില വ്യക്തികളുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രവാചക ശബ്ദത്തിലെ ലേഖനത്തെ എതിർക്കുന്നത്.

ക്രിസ്തു സ്ഥാപിച്ച കത്തോലിക്കാ സഭയെ, വെറും ഒരു സംഘടനായി മാത്രമേ ഇദ്ദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നത് അദ്ദേഹത്തിന്റെ ലേഖനത്തിൽ നിന്നും വ്യക്തമാണ്. ലേഖനത്തിലുടനീളം ഇദ്ദേഹം "പുറത്താക്കൽ" ഭീഷണി മുഴക്കുന്നുണ്ട്. സഭയിലെ "പുറത്താക്കലിന്റെ" വക്താവായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധം സഭാപ്രബോധങ്ങളുടെ ലിങ്കുകളാണ്.

ഏതെങ്കിലും ഒരു പ്രത്യേക ആശയത്തെക്കുറിച്ച് ഗൂഗിള്‍ ചെയ്‌താൽ ഇന്ന് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ നൂറുകണക്കിനു ലിങ്കുകൾ ലഭ്യമാണ്. ഇത്തരം ലിങ്കുകൾ കൂട്ടിയിണക്കി ഒരു ലേഖനമെഴുതാൻ കേവലം അക്ഷരാഭ്യാസമേ ആവശ്യമുള്ളൂ. നിരീശ്വരവാദികൾ പോലും ഇത്തരം പ്രവർത്തികൾ ഭംഗിയായി ചെയ്യാറുണ്ട്. ഇത്തരം ലിങ്കുകൾ കാണിച്ചു ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ഭീഷണിപ്പെടുത്താം എന്നു കരുതുന്നത് ഇദ്ദേഹത്തിന്റെ വ്യാമോഹമാണ്. മതാന്തര സംവാദത്തിന്റെ ലിങ്കുകൾ തിരയുന്ന ഇദ്ദേഹം എപ്പോഴെങ്കിലും ഒഴിവു സമയങ്ങളിൽ 'യേശു ഏകരക്ഷകൻ' എന്ന് പ്രഘോഷിക്കാനുള്ള വൈദികരുടെ കടമയെക്കുറിച്ച് ഒന്ന് തിരയുന്നതു നന്നായിരിക്കും.

യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് എല്ലാവരെയും സ്വർഗ്ഗരാജ്യത്തിലേക്ക് "ചേർക്കാനാണ്" എന്ന സത്യം അരമന മന്ദിരങ്ങളിൽ ഇരുന്ന് ലേഖനമെഴുതി എല്ലാവരെയും "പുറത്താക്കാൻ" ശ്രമിക്കുന്ന ഈ വൈദികന് ആരെങ്കിലും ഒന്നു ഉപദേശിച്ചു കൊടുത്തിരുന്നെങ്കിൽ. സഭയുടെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മുഖം മറച്ചുപിടിച്ചുകൊണ്ട് വിശ്വാസികളുടെ ഇടയിൽ സഭാമാതാവിന്റെ മുഖം വികൃതമാക്കുന്നത് ഇതുപോലുള്ള വൈദികരാണ്.

ഇന്നലെ സോഷ്യൽ മീഡിയായിൽ ഇദ്ദേഹത്തിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടതുമുതൽ ഇദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക് പേജിൽ ഇദ്ദേഹത്തിനെതിരെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. അതിൽ ഒന്നിനുപോലും മറുപടികൊടുക്കാൻ ഇദ്ദേഹത്തിനായില്ല എന്നു മാത്രമല്ല ഇന്നു ഈ കമന്റുകളെല്ലാം നീക്കം ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന്റെ വാദം ശരിയാണെങ്കിൽ എന്തിനു ഇദ്ദേഹം കമന്റുകളെ ഭയപ്പെടണം? ഇതിൽനിന്നും, ആരുടെ ഭാഗത്താണ് സത്യം എന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞിരിക്കുന്നു.

കത്തോലിക്കാ സഭ ലോകം മുഴുവൻ വ്യാപിച്ചത് വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷികളുടെ വിശ്വാസതീഷ്ണത മൂലമാണെന്ന സത്യം ഇദ്ദേഹം ഒരിക്കലും മറന്നുപോകരുത്. എല്ലാ മതവിശ്വാസങ്ങളും ഒന്നുപോലെയാണെന്ന് ഏറ്റുപറയാനും, അന്യദൈവ കീർത്തനങ്ങൾ ആലപിക്കാനും തയ്യാറായിരുന്നെങ്കിൽ ഇവരിൽ പലർക്കും ജീവൻ വെടിയേണ്ടി വരില്ലായിരുന്നു. ഈ രക്തസാക്ഷികളുടെ ചുടുനിണത്തിൽ പണിയപ്പെട്ടതാണ് ഓരോ അരമന മന്ദിരങ്ങളും എന്ന്, അവിടെയിരുന്നു പുറത്താക്കൽ ഭീഷണി മുഴക്കുന്ന ഈ വൈദികൻ ഓർക്കുന്നത് നന്നായിരിക്കും.

യേശു ഏകരക്ഷകൻ എന്ന സത്യം കലർപ്പില്ലാതെ പ്രഘോഷിക്കാനാണ് പ്രവാചക ശബ്ദം എന്ന ഓൺലൈൻ മാധ്യമം വിളിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ചില വൈദികർ പോലും മറക്കാൻ ശ്രമിക്കുന്ന ഈ സത്യം പ്രഘോഷിക്കുന്നതിന്റെ പേരിൽ കൊഴിഞ്ഞുപോകുന്ന വായനക്കാരെ ഓർത്തു പ്രവാചക ശബ്ദം ആകുലപ്പെടാറില്ല. എല്ലാവരും കൊഴിഞ്ഞുപോയി അവസാനത്തെ വായനക്കാരനും ഇല്ലാതാകുന്നതുവരെ "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്ന സത്യം സഭയോട് ചേർന്നുനിന്നുകൊണ്ട് പ്രവാചക ശബ്ദം ഈ ലോകത്തോട് പ്രഘോഷിക്കുക തന്നെ ചെയ്യും.

ഇതിനെതിരെ പുറത്താക്കല്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നവരുടെ ലേഖനങ്ങളെ തികഞ്ഞ അവഗണനയോടുകൂടി തന്നെ തള്ളിക്കളയുന്നു. അതേസമയം, ക്രിസ്തു സ്ഥാപിച്ച കത്തോലിക്ക സഭയോടുള്ള വിധേയത്വവും, സഭയിലെ വിശ്വാസപ്രമാണത്തിലെ എല്ലാ സത്യങ്ങളും പ്രവാചകശബ്ദം ഏറ്റുപറയുകയും ചെയ്യുന്നു.

Posted by Pravachaka Sabdam on 

More Archives >>

Page 1 of 6