Faith And Reason - 2024

ലോക്ക് ഡൗണിലും ദിവ്യകാരുണ്യ പ്രദക്ഷിണവും ആശീര്‍വാദവും മുടക്കാതെ റോമിലെ മരിയൻ ബസലിക്ക

സ്വന്തം ലേഖകന്‍ 08-05-2020 - Friday

റോം: കൊറോണ വൈറസ് പടരാതിരിക്കാൻ ഭരണകൂടം ഇറ്റലിയിലെ ദേവാലയങ്ങളെല്ലാം അടച്ചിടുവാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോഴും, റോമിലെ സെന്റ് മേരി മേജർ ബസലിക്ക അനുദിന ദിവ്യകാരുണ്യ പ്രദക്ഷിണവും, ആശീർവാദവും മുടക്കിയില്ല. 'സാലുസ് പോപ്പുലി റൊമാനി' എന്ന പ്രശസ്തമായ മരിയൻ ചിത്രം സ്ഥാപിച്ചിരിക്കുന്ന ബസലിക്കയുടെ ഉള്ളിലെ ചാപ്പലിൽ രാവിലെ 11 മണിക്ക് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷമാണ് എല്ലാദിവസവും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുന്നത്. "ബസലിക്കയുടെ കർദ്ദിനാൾ ആർച്ച് പ്രീസ്റ്റും, വൈദികരും, സന്യസ്തരും ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സജീവസാന്നിധ്യത്തിനു സാക്ഷ്യം നൽകുവാൻ ആഗ്രഹിക്കുന്നുവെന്ന്" ദിവ്യകാരുണ്യ ആശീർവാദം ചിത്രീകരിച്ചിരിക്കുന്ന ഒരു വീഡിയോയുടെ ആമുഖത്തിൽ പറയുന്നു.

കോവിഡ് -19 നിയന്ത്രണങ്ങളുടെ രണ്ടാം ഘട്ടത്തിലൂടെയാണ് റോം നഗരം ഇപ്പോൾ കടന്നുപോകുന്നത്. മെയ് നാലാം തീയതി മുതൽ മാസ്ക് ധരിച്ചുകൊണ്ട് ആളുകൾക്ക് പുറത്തിറങ്ങാനുള്ള നിയന്ത്രിത ഇളവ് ലഭിച്ചിരിക്കുന്നതിനാൽ നിരവധി ആളുകൾക്ക് ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും, ആശീർവാദത്തിലും പങ്കെടുക്കാൻ സാധിക്കുന്നുണ്ട്. ദിവ്യകാരുണ്യ പ്രദക്ഷിണം വീക്ഷിക്കാൻ സാധിച്ചത് തനിക്ക് പ്രത്യാശ പകര്‍ന്നുവെന്നും തിരുവോസ്തി രൂപനായ ഈശോയേ കണ്ടപ്പോള്‍ താന്‍ കരഞ്ഞുവെന്നും മൗണ്ടൻ ബുട്ടോറക്ക് എന്ന ടൂർ ഗൈഡ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. എഴുപതു ദിവസം നീണ്ട നിയന്ത്രണങ്ങൾക്ക് ഒടുവിൽ, മെയ് 18നു റോം രൂപതയിലും, ഇറ്റലിയിലുടനീളം പൊതുവായുള്ള വിശുദ്ധ കുർബാന അർപ്പണം പുനരാരംഭിക്കുവാന്‍ ഇന്നലെ തീരുമാനമായിട്ടുണ്ട്.

കൊറോണ വൈറസിൽ നിന്നും ഇറ്റലിയെയും, ലോകത്തേയും രക്ഷിക്കുന്നതിനായി ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് മാർപാപ്പ ഏതാനും ആഴ്ചകൾക്കു മുമ്പ് സെന്റ് മേരി മേജർ ബസലിക്കയിൽ നേരിട്ടു എത്തിയിരുന്നു. ഉർബി ഏത് ഓർബി ആശീർവാദം വത്തിക്കാനിൽ വച്ച് മാർപാപ്പ നൽകിയ സമയത്ത് 'സാലുസ് പോപ്പുലി റൊമാനി' ചിത്രവും മാർപാപ്പയുടെ സമീപത്തായി ഉണ്ടായിരുന്നു. 593ൽ പ്ലേഗിനെതിരെ ഗ്രിഗറി ഒന്നാമൻ മാർപാപ്പ റോമിന്റെ തെരുവുകളിലൂടെ പ്രസ്തുത മരിയൻ ചിത്രവുമായി പ്രദക്ഷിണം നടത്തിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് ജപമാല പ്രാർത്ഥന ബസിലിക്കയിൽ നടക്കുന്നുണ്ട്. ഇത് ഓൺലൈനിലൂടെ വിശ്വാസികൾക്ക് കാണുവാനുള്ള ക്രമീകരണവും അധികൃതർ ഒരുക്കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »