News

ജീവിക്കുന്ന രക്തസാക്ഷിയായ വൈദികന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 07-05-2016 - Saturday

വത്തിക്കാന്‍: അല്‍ബേനിയായിലെ ജീവിക്കുന്ന രക്തസാക്ഷിയെന്നറിയപ്പെടുന്ന വൈദികന്‍ വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ടു. 28 വര്‍ഷം കമ്യൂണിസ്റ്റ് ഭരണകൂടം ക്രൂരമായി തടവിലാക്കി പീഡനങ്ങള്‍ക്കു വിധേയനാക്കിയ എര്‍ണെസ്റ്റ് സിമോണിയാണു പരിശുദ്ധ പിതാവുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ലക്ഷകണക്കിനു വിശ്വാസികളുടെ നടുവില്‍ ഏപ്രില്‍ 20-ന് എര്‍ണെസ്റ്റ് സിമോണിയായെ കണ്ട ഫ്രാന്‍സിസ് പാപ്പ ഇതാ അല്‍ബേനിയായിലെ രക്തസാക്ഷിയെന്നു പറഞ്ഞാണു അദ്ദേഹത്തിന്റെ അരികിലേക്ക് എത്തിയത്.

വൈദികനെ കണ്ടപാടെ മാര്‍പാപ്പ അദ്ദേഹത്തെ ചേര്‍ത്തു പിടിച്ച് ആലിംഗനം ചെയ്തു. 2014 നവംബറില്‍ അല്‍ബേനിയന്‍ നഗരമായ ടിറാനയില്‍ വച്ച് ഇതിനു മുമ്പു പാപ്പ സിമോണിയെ കണ്ടിട്ടുണ്ട്. സിമോണിയയുടെ ജയില്‍ ജീവിതവും സാക്ഷ്യവും കേട്ട മാര്‍പാപ്പയുടെ മിഴികള്‍ അന്നു നിറഞ്ഞിരുന്നു.

1967-ല്‍ ദൈവവിശ്വാസം നിരോധിച്ച രാഷ്ട്രമായി അല്‍ബേനിയ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനും നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്, 1963-ലെ ഒരു ക്രിസ്തുമസ് രാത്രിയില്‍ വൈദികനായിരുന്ന എര്‍ണെസ്റ്റ് സിമോണിയായേ ഭരണകൂടം പിടികൂടി. ഒരു തെറ്റും ചെയ്യാത്ത സിമോണിയാ പിടികൂടപ്പെട്ടതു വൈദികനാണെന്ന ഒറ്റ കാരണത്താലാണ്. ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്നു ഭരണകൂടം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിനു താന്‍ ഒരുക്കമല്ലെന്നു പറഞ്ഞ വൈദികനെ 11 ദിവസം കൊടിയ പീഡനങ്ങള്‍ക്കാണു പട്ടാളം ഇരയാക്കിയത്.

തടവറയില്‍ കൂടെ കഴിഞ്ഞിരുന്ന സഹതടവുകാരോടു പട്ടാളം വൈദികനെ പ്രകോപിപ്പിച്ച് പട്ടാളത്തിനെതിരെ സംസാരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പ്രകോപനപരമായി സംസാരിച്ച ശേഷം പട്ടാളത്തിനെതിരേ തിരഞ്ഞുവെന്ന കുറ്റം ചുമത്തി വൈദികനെ വധിക്കാനായിരുന്നു പട്ടാളത്തിന്റെ പദ്ധതി. എന്നാല്‍ സഹതടവുകാരുടെ പരിഹാസത്തിന്റെയും പ്രകോപനങ്ങളുടെയും ഇടയില്‍ ദൈവവിശ്വാസത്തില്‍ ഉറച്ച് അവരോടു ക്ഷമിച്ച് സിമോണി പിടിച്ചു നിന്നു. പട്ടാളത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ സിമോണിയുടെ വായില്‍ നിന്നും ഒരു വാക്കുപോലും ശത്രൂക്കള്‍ക്കു വീണു കിട്ടിയില്ല.

പട്ടാളത്തിനെതിരേ ശബ്ദിക്കാത്ത സിമോണിയയെ വധശിക്ഷയ്ക്കു വിധിക്കുവാന്‍ ഇതിനാല്‍ തന്നെ കഴിഞ്ഞില്ല. അല്‍ബേനിയന്‍ സ്വേഛാധിപതിയായിരുന്ന എന്‍വര്‍ ഹോസ്ഹായുടെ പട്ടാളം 25 വര്‍ഷം ഖനിയില്‍ അടിമയെ പോലെ പണിയെടുപ്പിച്ചാണു വൈദികനോടുള്ള ദേഷ്യം തീര്‍ത്തത്. ഖനിയില്‍ പണിയെടുത്തപ്പോഴും ജയില്‍ ജീവിതം നയിച്ചപ്പോഴുമെല്ലാം അദ്ദേഹം ഒരു ഉത്തമ വൈദികനായി തന്നെ തുടര്‍ന്നു.

തടവറയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ പ്രകാശരശ്മികള്‍ സിമോണിയായിലേക്കു വീണ്ടും വന്നു പതിക്കുന്നത് 1990 സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ്. ദൈവം തനിക്കു നല്‍കിയ സ്വാതന്ത്ര്യം സിമോണി ദൈവത്തിനായി മടക്കി നല്‍കിയതു സജീവ സേവകനായ ഒരു വൈദികനായി തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടാണ്. കിലോമീറ്ററുകള്‍ അകലെ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ പുതിയ ദൈവിക കൂട്ടായ്മകള്‍ക്ക് എര്‍ണെസ്റ്റ് സിമോണി നേതൃത്വം നല്‍കി. ശാരീരിക അവശതകള്‍ വകവയ്ക്കാതെ 89-കാരനായ ഈ വൈദികന്‍ കുമ്പസാരവും വിശുദ്ധ ബലിയും അര്‍പ്പിച്ച് തന്റെ നാഥനു പ്രയോജനകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

"ഫ്രാന്‍സിസ് പാപ്പ ദൈവവചനത്തില്‍ ആഴത്തില്‍ വേരോടിയ വ്യക്തിയാണു. അദ്ദേഹം വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരുടേയും പിതാവാണ്. ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ ലോകത്തിനു മുഴുവനായും കിട്ടിയ രക്ഷയുടെ അനുഭവത്തെ ഫ്രാന്‍സിസ് പാപ്പ ആളുകളെ സ്‌നേഹിക്കുന്നതിലൂടെയും പാവപ്പെടവനോടുള്ള കരുതലിലൂടെയും നമുക്കു കാണിച്ചു തരുന്നു". പാപ്പയെ കുറിച്ചുള്ള സിമോണിയുടെ വാക്കുകളാണിവ.

2015 ജൂലൈയില്‍ അല്‍ബേനിയ സന്ദര്‍ശിച്ച മാര്‍പാപ്പ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് നിക്കോളി വിന്‍സെന്‍സ് പ്രണൂഷിയുടേയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന 37 പേരുടേയും രക്തസാക്ഷിത്വം ഓര്‍മ്മിച്ചിരുന്നു. ഈ കഴിഞ്ഞ ഏപ്രില്‍ 26-നു ഇവരുടെ രക്തസാക്ഷ്യത്വം ഔദ്യോഗികമായി പാപ്പ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ക്കും അനുമതി നല്‍കിയിരുന്നു.