News

നൂറ്റാണ്ടില്‍ ആദ്യമായി ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ നിശബ്ദ തിരുനാളാഘോഷം

പ്രവാചക ശബ്ദം 14-05-2020 - Thursday

ഫാത്തിമ: കോവിഡ് പശ്ചാത്തലത്തില്‍ പോർച്ചുഗലിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയില്‍ ഇന്നലെ നടന്നത് നിശബ്ദ തിരുനാളാഘോഷം. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ 103ാംതിരുനാള്‍ ആഘോഷമാണ് വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ലേരിയ- ഫാത്തിമ രൂപതയുടെ ചുമതലയുള്ള കർദ്ദിനാൾ അന്റോണിയോ മാർട്ടോയുടെ നേതൃത്വത്തിൽ നടന്നത്. 1917ൽ മരിയൻ പ്രത്യക്ഷീകരണം നടന്നതിനുശേഷം ആദ്യമായാണ് വിശ്വാസികളുടെ സാന്നിധ്യമില്ലാതെ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. കൊറോണാ വൈറസ് ഭീഷണിയെ അതിജീവിച്ച്, പരിശുദ്ധ ദൈവമാതാവിന് നന്ദി പറയാനായി വിശ്വാസികൾക്ക് ഉടനെ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷ കർദ്ദിനാൾ അന്റോണിയോ മാർട്ടോ പ്രകടിപ്പിച്ചു.

വിശ്വാസികളുടെ സാന്നിധ്യമില്ലാത്തതിനാൽ തീർത്ഥാടനം ദുഃഖകരമമാണെന്നും, എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമെന്നും തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയ ഏതാനും വിശ്വാസികളോടായി കർദ്ദിനാൾ പറഞ്ഞു. കരുണാമയനായ ദൈവത്തെ ലക്ഷ്യമാക്കി ദൈവമാതാവിനോടൊപ്പം നടത്തുന്ന ആത്മീയ യാത്രയാണ് തീർത്ഥാടനമെന്ന ബോധ്യം നൽകാൻ വിശ്വാസികളുടെ ബാഹുല്യമില്ലാത്ത സമയത്തെ യാത്രകൊണ്ട് സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

നമ്മുടെ ജീവിത പ്രതിസന്ധികൾ നമ്മളോടൊപ്പം ആയിരിക്കാനാണ് കരുണാമയനായ ദൈവം, കന്യകാമറിയത്തെ ഈയൊരു വിശുദ്ധ സ്ഥലത്തേക്ക് അയച്ചത്. അതിനാൽ നമ്മുടെ ദുഃഖങ്ങളും, വേദനകളും ദൈവമാതാവുമായി പങ്കുവെക്കണം. വിശ്വാസത്തിന്റെ വെളിച്ചത്താൽ പ്രതിസന്ധികളുടെ മറുവശം കാണാൻ നമുക്ക് സാധിക്കും. എന്താണ് ജീവിതത്തിന്റെ അർത്ഥമെന്നും, തങ്ങൾ ആർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്നുമുള്ള ഹൃദയത്തിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളെ പറ്റി വിചിന്തനം ചെയ്യാൻ പറ്റിയ അവസരമാണ് ഇതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിശ്വാസികൾക്കെല്ലാം ഒരുമിച്ച് തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് കർദ്ദിനാൾ മാർട്ടോ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »