Social Media - 2024

അല്ല, ഇത് ഞാൻ അറിഞ്ഞ സന്യാസമല്ല..!

ഫാ. മാത്യു നെരിയാട്ടിൽ 15-05-2020 - Friday

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പാണ് ആദ്യമായി ഞാനൊരു സന്യസ്ഥയെ കാണുന്നത്, 1993-ൽ. അന്നെനിക്ക് വയസ്സ് ഒൻപത്. പത്തു മിനിറ്റ് നടന്നാൽ വനാതിർത്തിയിൽ എത്താവുന്ന, ഇന്നും പുലി ഇറങ്ങുന്ന, രാത്രികളിൽ പൊതുവഴികളിൽ പോലും കാട്ടുപന്നികൾ വിഹരിക്കുന്ന എന്റെ ഗ്രാമത്തിലെ കൊച്ചു പള്ളിയിൽ ഒരു പക്ഷെ ആദ്യമായെത്തിയ മിഷനറി, സി. ശുഭ ജോസ് ഡി. എം. കുറെയധികം വർഷങ്ങളായി ആദ്യ കുർബാന സ്വീകരണങ്ങളോ കാര്യമായ വിശ്വാസ പരിശീലനങ്ങളോ നടന്നിട്ടില്ലാത്ത എന്റെ പള്ളിയിൽ തുടർന്നൊരു ദശാബ്ദത്തിലധികം മുടങ്ങാതെ എത്തിയിരുന്നു ആ മാലാഖമാർ കാർമല മഠത്തിൽ നിന്നും. അന്ന് മുതലിന്നു വരെ എന്റെ ഹൃദയത്തിൽ മാതാപിതാക്കൾക്കൊപ്പം ഒരു സ്ഥാനം നൽകിയിട്ടുള്ള കുറേ അമ്മമാരും കൂടപ്പിറപ്പുകൾ കണക്കെ സ്നേഹിക്കുന്ന ഒരുപിടി സഹോദരിമാരും ഉണ്ടായിട്ടുണ്ട്.

കാരുണ്യത്തിന്റെ ദൈവമുഖം എന്നും ഉള്ളിൽ നിറക്കുന്ന കുമ്പസാരക്കൂടിന്റെ ഇരുവശങ്ങളും അനുതാപിയായും ആത്മവൈദ്യനായും ഇന്ന് ഞാൻ അറിയുമ്പോൾ, ഓരോ ദിനവും അർത്ഥപൂർണമാക്കുന്ന ബലിവേദികളിൽ ദൈവത്തെ ഞാൻ തൊടുമ്പോൾ ആദ്യ കുമ്പസാരത്തിനും ആദ്യ കുർബാനയ്ക്കും ഒരുക്കിയ ശുഭ സിസ്റ്ററെ ഞാൻ മറക്കുന്നതെങ്ങനെ? വൈദിക ജീവിതത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കുമ്പോൾ അതിലേക്കെന്നെ ഏറെ പ്രചോദിപ്പിച്ചതും വൈദികരേക്കാളും സിസ്റ്റർമാരുടെ സ്നേഹവും വാത്സല്യവും തന്നെ. വൈദികർ വി. കുർബാനക്കും ശുശ്രൂഷക്കും മാത്രം എത്തി കൊണ്ടിരുന്ന എന്റെ ഇടവകയിൽ ഞാനടക്കമുള്ള അന്നത്തെ കുട്ടികൾക്ക് സമർപ്പണജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും ഹൃദയത്തിലനുഭവിപ്പിച്ച കുറേ സന്യസ്ഥരുണ്ട്.

ഓരോ ഞായറാഴ്ചകളിലും സൺഡേ സ്കൂളിന് ശേഷം കളികളും പാട്ടു പഠനവും ഉപദേശങ്ങളും മുറ്റം വൃത്തിയാക്കലും ഭവനസന്ദർശനവും മറ്റുമായി ഞങ്ങളുടെ ബാല്യകാലത്തെ നിറമുള്ള ഓർമകളാക്കിയ പ്രിയപ്പെട്ടവരെ പ്രായമെത്രയായാലും നിങ്ങൾക്കും നിങ്ങളുടെ സ്മരണകൾക്കും എന്റെയുള്ളിലെന്നും ബാല്യത്തിന്റെ പ്രസരിപ്പുള്ള നിറമാണ്. വെറുതെയല്ല, ആ കാലത്തു വെറും മുപ്പതോളം വീടുകൾ മാത്രമുണ്ടായിരുന്ന എന്റെ പള്ളിയിൽ എന്റെ സഹോദരനടക്കം ഞങ്ങൾ മൂന്ന് പേർ പൗരോഹിത്യവഴി അടുത്തടുത്ത വർഷങ്ങളിൽ തിരഞ്ഞെടുത്തത്.

ആദ്യമായി മോണോ ആക്ട് പഠിപ്പിച്ചു മത്സരത്തിനയച്ച സി. പ്രശോഭിത, എന്റെ ഇരട്ടി വലുപ്പമുള്ള സ്നാപക യോഹന്നാനെ ഹേറോദിന്റെ മുന്നിൽ കൊണ്ട് പോകാൻ ഒരു പടയാളിയായി നാടകവേദിയിൽ ആദ്യമായി എന്നെ കയറ്റിയ സി. അഭയ, സെമിനാരിയിലേക്കു പ്രാർത്ഥനയോടെ എന്നെ യാത്രയാക്കിയ നാളു മുതലിന്ന് വരെ ഒരു മൂത്ത പെങ്ങളുടെ സ്വാതന്ത്ര്യത്തോടെയും അവകാശത്തോടെയും കൃത്യമായ ഇടവേളകളിൽ വിശേഷങ്ങൾ അന്വേഷിക്കുകയും തിരുത്തുകയും ശാസിക്കുകയും ഒക്കെ ചെയ്യുന്ന സാഫല്യ സിസ്റ്റർ,

വൈദിക ശുശ്രൂഷയിൽ ഞാൻ ആഗ്രഹിക്കുന്നതിനപ്പുറം ഒപ്പം നിന്ന് ഇടവകകളിൽ സഹോദരതുല്യ സ്നേഹത്തോടെ സേവനമനുഷ്ഠിച്ച, പലവിധ വേദികളിൽ തമ്പുരാന് വേണ്ടി ഒരുമിച്ചു നിൽക്കാനും പരസ്പരം പ്രാർത്ഥിച്ചു ബലപ്പെടുത്താനും കൂടെ നടന്ന കുറേയധികം സന്യാസിനികൾ...!

എനിക്കുള്ളതിനേക്കാളുമധികം സന്യാസത്തിന്റെ ആഴമുള്ള സ്നേഹത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഉള്ളൊരു ലോകമാണിത്‌. ലോകത്തിനു ക്രിസ്തു നൽകിയ ബലിപീഠ ശക്തിയാണ് പൗരോഹിത്യമെങ്കിൽ ലോകത്തിനു ക്രിസ്തു നൽകിയ അളവില്ലാകാരുണ്യത്തിന്റെ ശാന്തസമുദ്രമാണ് ക്രിസ്തീയ സന്യാസം.

ഒരിക്കലെങ്കിലും സന്യാസമഠത്തിന്റ പടിവാതിൽ കയറിയിട്ട് പോലുമില്ലാത്ത, സംസ്‍കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ ന്യൂജൻ സാംസ്കാരിക കോമരങ്ങളും സ്വന്തം അമ്മയെ പോലും കാമം കൊണ്ടല്ലാതെ നോക്കുവാൻ കഴിയാത്ത കുറേ സദാചാരതൊഴിലാളികളും അടിസ്ഥാന മൂല്യങ്ങൾ പോലും മനസ്സിലും വാക്കിലുമില്ലാത്ത കുറേ കപട ഫെമിനിസ്റ്റുകളും ശവം തീനികളെ പോലെ സന്യാസ മഠങ്ങളെ വേട്ടയാടുമ്പോൾ നെഞ്ച് പിടയുന്ന ലക്ഷക്കണക്കിന് ജീവിതങ്ങൾക്കൊപ്പം ഞാനുമുണ്ട്.

അല്ല, എനിക്കറിയാവുന്ന സന്യാസമിതല്ല. നിങ്ങളുടെ വിഷം വമിക്കുന്ന വാക്കുകളിൽ അളക്കാവുന്നതല്ല നൂറ്റാണ്ടുകൾ പരക്കുന്ന സന്യാസജീവിതത്തിന്റെ കാരുണ്യത്തിന്റെയും സമർപ്പണത്തിന്റെയും വീരചരിതങ്ങൾ. അറിവിന്റെയും ആതുരസ്നേഹത്തിന്റെയും കരങ്ങൾ നീട്ടി നല്‍കാന്‍ സ്വജീവിതം ക്രിസ്തുവിനായി സമ്പൂർണ സമർപ്പണം ചെയ്ത ലക്ഷക്കണക്കിന് സന്യാസിനികളും സഭയും ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ് മലയാളി നീ അഭിമാനിക്കുന്ന കേരളം സാംസ്കാരികമായത്.

സത്യസന്ധതയുടെ കണിക ഒരല്പമെങ്കിലും ഹൃദയത്തിൽ അവശേഷിച്ചിട്ടുള്ള ഒരാൾക്കും തമസ്കരിക്കാൻ കഴിയാത്ത ചരിത്രബോധത്തോടെയും ചങ്കുറപ്പോടെയും എനിക്ക് പറയാൻ കഴിയും, വിവേകാനന്ദന്റെ ഭ്രാന്താലയത്തിൽ നിന്ന് ഇന്നിന്റെ കേരളത്തിലേക്കുള്ള അകലം നമ്മൾ ഏറെ താണ്ടിയത് ഈ നാട്ടിൽ ക്രിസ്തുവിന്റെ സഭയും അതിന്റെ മുന്നണിയിൽ ഈ സന്യസ്ഥരുമുള്ളതു കൊണ്ട് തന്നെയാണ്. ഒരപേക്ഷയുണ്ട്, നന്ദികേട് ഒരത്ഭുതമല്ലാത്ത ഒരു സമൂഹത്തിൽ നന്ദി കാണിക്കണം എന്നൊന്നും പറയുന്നില്ല.

പക്ഷെ, ഒന്നറിയണം- ചില സിനിമകളിൽ വികലമാക്കപ്പെട്ട കണക്ക് പ്രണയനൈരാശ്യവും ദാരിദ്ര്യവും കുടുംബകലഹങ്ങളും നേർച്ചകടങ്ങളും നിർബന്ധിച്ചിട്ടല്ല ഒരാളും സന്യാസിനിയാവുന്നത്. അതൊരു ശ്രേഷ്ഠമായ വിളിയുടെ തിരിച്ചറിവും തിരഞ്ഞെടുപ്പുമാണ്.

ശരിയാണ്, അങ്ങനെയല്ലാതെ ചിലരെങ്കിലും ഇതിനുള്ളിൽ കയറി പറ്റിയിട്ടുണ്ടാകാം. തങ്ങളുടെ കാമപൂരണങ്ങൾക്കും വിടുവായത്തരത്തിനും തോന്ന്യാസത്തിനും പറ്റുന്നൊരിടമല്ലത് എന്ന് ബോധ്യപ്പെട്ടപ്പോൾ, സഹ സന്യസ്തരെ എത്ര ശ്രമിച്ചിട്ടും തങ്ങളെപ്പോലെ രൂപപ്പെടുത്താൻ പറ്റാതെ വന്നപ്പോൾ, വർഷങ്ങൾ മൂടി വച്ച പൊയ്മുഖങ്ങൾ ഇനി മറയ്ക്കാനാവില്ല എന്നുറപ്പായപ്പോൾ അങ്ങനെയുള്ളവരാണ് ഇപ്പോൾ സന്യാസവേഷത്തെക്കാളും ചുരിദാറിനെ ഇഷ്ടപ്പെടുന്നതും ആവൃതിക്ക് പുറത്തിറങ്ങി അശ്ലീലകഥകൾ മെനയുന്നതും. ഇനിയാരെങ്കിലും ഈ വിധം ഉള്ളിലുണ്ടെങ്കിൽ ഒന്നുകിൽ തിരുത്തട്ടെ അല്ലെങ്കിൽ വേഗം പുറത്ത് പോകട്ടെയെന്നാണ് പ്രാർത്ഥന. സ്വർഗീയ ഇടങ്ങളിൽ പവിത്രതയിൽ ലൂസിഫറിന്റെ സന്തതികൾക്ക് സ്ഥാനമില്ല...!

കുറച്ചു പേരുടെ കാമാസക്തമായ പൈങ്കിളി കഥകൾ കേട്ടു രക്തത്തിലലിഞ്ഞ പൈശാചികതയിൽ ഞങ്ങളുടെ സന്യാസിനികളുടെ നേരെ നിങ്ങളുടെ മഞ്ഞ മുഖം കാട്ടി ഇളിക്കരുത്. നിങ്ങൾ വേശ്യാലയങ്ങൾ എന്ന് വിളിക്കുന്ന ആ ദൈവാലയങ്ങളിൽ രാപകലില്ലാതെ ഉയരുന്ന പ്രാർത്ഥനാ മന്ത്രങ്ങൾ കൊണ്ട് കൂടിയാണ് ഈ പ്രഭാതം കാണാൻ നമ്മളൊക്കെ ഈ മണ്ണിൽ ജീവിച്ചിരിക്കുന്നത്.

ഒന്നുറപ്പിക്കാം നിങ്ങൾക്ക്, ഞങ്ങളുടെ സഹോദരിമാർക്ക് നേരെ ഉയർന്ന കൈകൾ വെട്ടാനും ആ നാവുകൾ അരിയാനുമൊന്നും ഇവിടെയാരും വരില്ല. അങ്ങനെ സാധ്യതയുള്ളിടങ്ങളിൽ അനസ്യൂതം നടമാടുന്ന കൊള്ളരുതായ്മകളും അനീതിയുമൊന്നും നിങ്ങൾ അറിയില്ല, കാണില്ല, കേൾക്കില്ല. ജീവനിൽ കൊതിയില്ലാത്ത ആരാണുള്ളത് അല്ലേ? ഞങ്ങളെ ആരും ഭയക്കേണ്ട. കാരണം ഞങ്ങൾ വിശ്വസിക്കുന്നത് അധിക്ഷേപിക്കപ്പെട്ടവർക്കും അപഹസിക്കുന്ന നിങ്ങൾക്കും വേണ്ടി കൂടി മരിച്ച ഒരുവനിലാണ്. അതെ, ദൈവപുത്രനായ യേശുക്രിസ്‌തുവിൽ തന്നെ.

സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു, ഒരു തിരിച്ചറിവിന്റെ ഉഷസ്സിലേക്കു നിങ്ങൾ ഉണരട്ടെ എന്ന്. എത്ര മറക്കാൻ ശ്രമിച്ചാലും എത്ര മായ്ക്കാൻ ശ്രമിച്ചാലും കിഴക്കേ ചക്രവാളത്തിൽ ഉദയ രശ്മി ഉദിക്കും കാലം വരേയും മനുഷ്യവംശത്തിന്റെ ചരിത്രനഭസ്സിൽ എന്നും വിളങ്ങി നിൽക്കുക തന്നെ ചെയ്യും പകരം വയ്ക്കാനാവാത്ത ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ക്രിസ്തീയ സന്യാസ ചരിതങ്ങൾ.

More Archives >>

Page 1 of 16