Faith And Reason - 2024

50,000 പേരെ പ്രതീക്ഷിച്ചു, പങ്കുചേര്‍ന്നത് രണ്ട് ലക്ഷം പേര്‍: മെക്സിക്കന്‍ താരത്തിന്റെ ജപമാല ആഹ്വാനത്തിന് മികച്ച പ്രതികരണം

സ്വന്തം ലേഖകന്‍ 15-05-2020 - Friday

മെക്‌സിക്കോ സിറ്റി: ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനമായ മെയ് 13ന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിലൂടെ ജപമാല കൂട്ടായ്മയില്‍ പങ്കുചേരുവാന്‍ പ്രശസ്ത മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, മോഡലുമായ എഡുറാഡോ വേരാസ്റ്റെഗുയി നല്കിയ ആഹ്വാനത്തിനു മികച്ച പ്രതികരണം. അരലക്ഷം പേര്‍ പങ്കെടുക്കുമെന്നു അനുമാനിച്ചെങ്കിലും മെക്സിക്കന്‍ സിറ്റി സമയം ഉച്ചകഴിഞ്ഞ് 1 മണിക്ക് ആരംഭിച്ച ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത് രണ്ട് ലക്ഷത്തോളം വിശ്വാസികളായിരിന്നു. ലോകമെമ്പാടുമായി പതിനായിരങ്ങള്‍ കൊറോണ മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ ഫാത്തിമ തിരുനാള്‍ ദിനത്തില്‍ ജപമാലയില്‍ പങ്കുചേരുവാന്‍ മെയ് ആറിനാണ് അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം നല്‍കിയത്.

മെക്‌സിക്കോയിൽനിന്നും സ്‌പെയിനിൽ നിന്നുമുള്ളവരെയാണ് പ്രധാനമായും ജപമാലയത്നത്തില്‍ ലക്ഷ്യംവെച്ചതെങ്കിലും ഇറ്റലി, ജപ്പാൻ, അർജന്റീന, പ്യുർട്ടോറിക്ക, എൽ സാൽവദോർ, ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ജപമാല അർപ്പണത്തിൽ അണിചേരുകയായിരുന്നു. ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിന് അരികെ നിന്നുകൊണ്ടാണ് അദ്ദേഹം ജപമാല പ്രാര്‍ത്ഥന ചൊല്ലിയത്. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ‌സി‌ഐ പ്രെന്‍സയുടെ ഫേസ്ബുക്ക് പേജിലും ഇതര പേജുകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിന്നു. പ്രതീക്ഷിച്ചതിലും പതിമടങ്ങ് ആളുകള്‍ പങ്കുചേര്‍ന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിവാ മെക്സിക്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ വേരാസ്റ്റെഗുയി അറിയപ്പെടുന്ന മനുഷ്യാവകാശ നേതാവ് കൂടിയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »