Social Media - 2020

'മാനോ പോ': നമ്മുക്ക് പരസ്പരം അനുഗ്രഹിക്കാം

ഫാ. ജെൻസൺ ലാസലെറ്റ് 21-05-2020 - Thursday

'മാനോ പോ' ആ വാക്ക് എന്താണെന്നല്ലെ? പറയാം. ഫിലിപ്പീൻസിൽ ഉപയോഗിക്കുന്ന ഒരു വാക്കാണത്: 'മാനോ പോ ' ആശീർവദിച്ചാലും, എന്നെ അനുഗ്രഹിക്കൂ എന്നൊക്കെയാണ് അതിനർത്ഥം. മക്കൾ വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും മാതാപിതാക്കളുടെയും മുതിർന്നവരുടെയും അരികിൽ ചെന്ന് അവരുടെ വലതു കരം പിടിച്ച് 'മാനോ പോ' എന്നു പറയും. അവർ തങ്ങളുടെ കരം മക്കളുടെ നെറ്റിയിലോ ശിരസിലോ വച്ച് അവരെ അനുഗ്രഹിക്കും. പള്ളിയിൽ ചെന്നാൽ വൈദികരുടെയും സിസ്സ്റ്റേഴ്സിൻ്റെയും അടുക്കൽ നിന്നും അങ്ങനെ അനുഗ്രഹം വാങ്ങിക്കുക എന്നതും അവരുടെ സംസ്ക്കാരമാണ്.

നമ്മുടെ നാട്ടിലെ ചില സിസ്റ്റേഴ്സിൻ്റെ സന്യാസ സഭകളിലുമുണ്ട് അനുഗ്രഹം വാങ്ങിക്കുന്ന മറ്റൊരു രീതി; മഠത്തിൽ നിന്നും അംഗങ്ങൾ യാത്രയ്ക്കു പോകുമ്പോൾ സുപ്പീരിയറിൻ്റെ അടുത്തുചെന്ന് അവർ സ്തുതി ചൊല്ലും. സുപ്പീരിയർ അനുഗ്രഹിച്ച് അവരെ യാത്രയാക്കും.

സിഗ്നൽ ന്യൂസ് എന്ന ഒരു സോഷ്യൽ മീഡിയ ചാനലിൽ കുട്ടികൾ നന്നായി പരീക്ഷയെഴുതാനായി എന്തു ചെയ്യണം എന്നൊരു പ്രോഗ്രാം വന്നിരുന്നു. അതിൽപല കാര്യങ്ങളും പറയുന്നതോടെപ്പം ഒരു സുപ്രധാന കാര്യമായ് അവതാരകൻ ചൂണ്ടിക്കാട്ടിയത് പരീക്ഷയ്ക്ക് പോകും മുമ്പ് മാതാപിതാക്കളുടെയും ഗുരുഭൂതരുടെയും അനുഗ്രഹം വാങ്ങിക്കുക എന്നതാണ്.

നിങ്ങൾക്കോർമയുണ്ടോ എന്നറിയില്ല, ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയുടെ തലവനായ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ലോകത്തെ ആശീർവദിക്കുന്നതിനു മുമ്പ് ചെയ്ത കാര്യം?'നിങ്ങളെ ആശീർവദിക്കുന്നതിനായി നിങ്ങൾ ആദ്യം എന്നെ അനുഗ്രഹിക്കു...' എന്നു പറഞ്ഞ് ജനങ്ങൾക്കു മുന്നിൽ അദ്ദേഹം ശിരസു നമിച്ചു, 2013 മാർച്ച് 13-ാം തിയ്യതി. ഏവരുടെയും മിഴി നനയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നത്. ഇനി ക്രിസ്തുവിലേക്ക് തിരിഞ്ഞാലോ?

തൻ്റെ ശിഷ്യരിൽ ക്രിസ്തുവിനെ തള്ളി പറഞ്ഞവരും ഉപേക്ഷിച്ചു പോയവരും വേദനിപ്പിച്ചവരും അവിശ്വസിച്ചവരും ഉണ്ടായിരുന്നു. എന്നിട്ടുപോലും തൻ്റെ കരങ്ങൾ ഉയര്‍ത്തി അവരെയെല്ലാം അനുഗ്രഹിച്ചു കൊണ്ടാണ് അവിടുന്ന് സ്വർഗ്ഗാരോഹിതനായത് ( Ref:ലൂക്കാ 24:50, 51, അപ്പ 1:9-11). ആ അനുഗ്രഹത്തിൻ്റെ ഊർജമാണ് സത്യത്തിൽ അവരെ മുന്നോട്ട് നയിച്ചതും. നമ്മളിൽ ആർക്കാണ് അനുഗ്രഹം ആവശ്യമില്ലാത്തത്? എല്ലാവർക്കും വേണം അല്ലെ? അതിനൊരെളുപ്പവഴി പറയട്ടെ?

ഒന്നാമതായി നിങ്ങളുടെ ഭവനത്തിലും സമൂഹത്തിലും സ്ഥാപനത്തിലുമെല്ലാമുള്ള മുതിർന്നവരോട് നിങ്ങളെ അനുഗ്രഹിക്കണമെന്നും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ദിവസത്തിൽ ഒരു തവണയെങ്കിലും പറയുക. രണ്ടാമതായി നിങ്ങൾ ഒരാളെ കാണുമ്പോൾ ആ വ്യക്തിക്ക് നല്ലതു വരട്ടെ എന്ന ആഗ്രഹത്തോടെ 'God bless you - ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...' എന്ന് നിങ്ങളുടെ മനസിൽ പറയുക. സാധിക്കുമോ നിങ്ങൾക്ക്?

എങ്കിൽ ഇതെഴുതിയ ഞാൻ നിങ്ങളുടെ അരികിലുണ്ടെന്ന ധാരണയോടെ ഒന്ന് പറഞ്ഞേ, 'GOD BLESS YOU' ന്ന് !! നന്ദി!

ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ! സ്വർഗ്ഗാരോഹണ തിരുന്നാൾ മംഗളങ്ങൾ!

( ഈ കുറിപ്പിനോടൊപ്പം നല്‍കിയ ചിത്രം: - ‍ പൗരോഹിത്യം സ്വീകരിച്ച യുവ നവ വൈദികനില്‍ നിന്ന്‍ ആശീര്‍വ്വാദം സ്വീകരിക്കുന്ന ഫ്രാന്‍സിസ് പാപ്പ

** ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »