Life In Christ

പൊരിവെയിലിനെ വകവെക്കാതെ ഭവന നിര്‍മ്മാണം: വീട് കത്തി നശിച്ച കുടുംബത്തിന്റെ കണ്ണീര്‍ തുടച്ച് അദിലാബാദ് ബിഷപ്പും കൂട്ടരും

പ്രവാചക ശബ്ദം 23-05-2020 - Saturday

അദിലാബാദ്: അപ്രതീക്ഷിതമായ തീപിടുത്തത്തില്‍ നശിച്ച പാവപ്പെട്ട കുടുംബത്തിന്റെ ഭവനം പുനര്‍ നിര്‍മ്മിക്കുവാന്‍ നേരിട്ടു ഇറങ്ങിക്കൊണ്ട് തെലുങ്കാനയിലെ സീറോ മലബാര്‍ മിഷന്‍ രൂപതയായ അദിലാബാദിന്റെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍. കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മെത്രാന്‍ ഭവന നിര്‍മ്മാണത്തിന് വൈദികരെ കൂട്ടി നേരിട്ടു ഇറങ്ങുകയായിരിന്നു. പൊരിവെയിലിനെ വകവെക്കാതെ ഉറച്ച മണ്ണില്‍ പണിയെടുക്കുന്ന ബിഷപ്പിന്റെയും വൈദികരുടെയും ദൃശ്യങ്ങള്‍ ഇതിനോടകം മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്.

അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് മൂന്നു ദിവസം മുമ്പ് ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് കത്തി നശിച്ചത്. ഭവനം പൂർണ്ണമായി കത്തി നശിച്ചതോടെ ബിഷപ്പും വൈദികരും, മംചേരിയി ഇടവകയിലെ യുവജനങ്ങളും ചേർന്ന് ഇന്നലെ പുതിയ ഭവന നിർമ്മാണത്തിന് തുടക്കം കുറിക്കുകയായിരിന്നു. പിതാവിനോടൊപ്പം രൂപതയിലെ വൈദീകരായ ഫാ.ഷിറ്റോ, ഫാ.യോഹാൻ, ഫാ.ജീജോ, ബ്രദർ ലിനോ തുടണ്ടിയവരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നുണ്ട്.

മഞ്ചിരിയാല്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബിഷപ്‌സ് ഹൗസിന് സമീപത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്കായി ഇവിടെ അനുദിന ഭക്ഷണ വിതരണം നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ബിഷപ്പ് ആന്റണി പാണേങ്ങാടന്‍ ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതും ഇവരുടെ ഒപ്പമാണെന്നത് ശ്രദ്ധേയമാണ്. തെലുങ്കാനയിലെ നിര്‍ധനരേയും അവഗണിക്കപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുന്ന അദിലാബാദ് രൂപത കാരുണ്യത്തിന്റെ സുവിശേഷത്തിലൂടെ അനേകരെയാണ് യേശുവിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »