Faith And Reason

പ്ലേഗില്‍ നിന്ന് ഇറ്റലിയെ രക്ഷിച്ച ക്രൂശിത രൂപത്തിന്റെ അത്ഭുത ശക്തി കോവിഡ് കാലത്തും?

പ്രവാചക ശബ്ദം 26-05-2020 - Tuesday

മില്‍വോക്കി: പതിനാറാം നൂറ്റാണ്ടില്‍ പടര്‍ന്ന് പിടിച്ച പ്ലേഗ് മഹാമാരിയില്‍ നിന്നും ഇറ്റലിയെ രക്ഷിച്ച അത്ഭുത കുരിശു രൂപം കൊറോണ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ ചത്വരത്തില്‍ സ്ഥാപിച്ചു ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചതിന് ശേഷം രോഗവ്യാപന നിരക്കില്‍ കാര്യമായി കുറവുണ്ടായതായി കണക്കുകള്‍. 1522-ലെ പ്ലേഗ് ബാധയില്‍ നിന്നും റോമിനെ രക്ഷിച്ചതെന്ന് റോമാക്കാര്‍ വിശ്വസിക്കുന്ന അത്ഭുത കുരിശുരൂപത്തിന്റെ മുന്നില്‍ ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ച മാര്‍ച്ച് 27 മുതലാണ് ഇറ്റലിയിലെ മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയതെന്നു മില്‍വോക്കി അതിരൂപതാംഗമായ ഫാ. ജോണ്‍ ലോക്കോക്കൊ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇറ്റലിയിലെ കൊറോണ മരണനിരക്കിന്റെ ചാര്‍ട്ടും പാപ്പയുടെ ദിവ്യകാരുണ്യ ആശീര്‍വാദത്തിന്റെയും ചിത്രങ്ങള്‍ സഹിതമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഫാ. ലോക്കോക്കൊയുടെ ചാര്‍ട്ട് പ്രകാരം മാര്‍ച്ച് 27-നാണ് ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണം നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് (919 പേര്‍). ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച മാര്‍ച്ച് 27-ന് തന്നെ ഫ്രാന്‍സിസ് പാപ്പ ‘സാന്‍ മാര്‍സെല്ലോ അല്‍ കോര്‍സോ’ ദേവാലയത്തില്‍ നിന്നും കൊണ്ടുവന്ന അത്ഭുത കുരിശുരൂപത്തിന്റെ മുന്നില്‍ പ്രാര്‍ത്ഥിക്കുകയും, ഈസ്റ്റര്‍, ക്രിസ്തുമസ് പോലെയുള്ള അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രം നല്‍കാറുള്ള അപ്പസ്തോലിക ആശീര്‍വാദമായ “ഉര്‍ബി ഏത് ഓര്‍ബി” (നഗരത്തിനും, ലോകത്തിനും) നല്‍കുകയും ചെയ്തിരിന്നു. ഇതിന് ശേഷമാണ് ഇറ്റലിയിലെ കൊറോണ മരണനിരക്ക് ക്രമേണ കുറഞ്ഞുവന്നതെന്നാണ് ഫാ. ലോക്കോക്കൊ തന്റെ ചാര്‍ട്ടിന്റെ സഹായത്തോടെ വ്യക്തമാക്കുന്നത്.

1519 മെയ് 23നുണ്ടായ അഗ്നിബാധയില്‍ ദേവാലയവും അള്‍ത്താരയിലെ സകല ചിത്രങ്ങളും, രൂപങ്ങളും പൂര്‍ണ്ണമായി കത്തിയെരിഞ്ഞപ്പോഴും യാതൊരു കേടുപാടും കൂടാതെ നിലകൊണ്ടത് ഈ അത്ഭുത ഈ കുരിശുരൂപം മാത്രമായിരിന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കറുത്ത പ്ലേഗ് എന്ന മഹാമാരി റോമിനെ പിടികൂടിയപ്പോള്‍, വിശ്വാസികളുടെ ആവശ്യപ്രകാരം ‘സെര്‍വന്റ്സ് ഓഫ് മേരി വിയാ ഡെല്‍ കോര്‍സൊ’ കോണ്‍വെന്റില്‍ നിന്നും വത്തിക്കാന്‍ സ്ക്വയറിലേക്ക് പ്രദക്ഷിണമായി രൂപം കൊണ്ടുവരികയായിരുന്നു. 1522 ഓഗസ്റ്റ് 4 മുതല്‍ 20 വരെ റോമിന്റെ ഓരോ മൂലയിലും നിര്‍ത്തിയുള്ള 16 ദിവസങ്ങളോളം നീണ്ട ഈ പ്രദിക്ഷണം സെന്റ്‌ മാര്‍സെല്ലൂസിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും പ്ലേഗ് റോമില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

കൊറോണ പകര്‍ച്ച വ്യാധിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി കന്യകാമാതാവിന്റെ ‘സാലുസ് പോപുലി റൊമാനി’ എന്നറിയപ്പെടുന്ന രൂപത്തിന്റെ മുന്നിലും പരിശുദ്ധ പിതാവ് മാര്‍ച്ച് 27നു പ്രാര്‍ത്ഥിച്ചിരുന്നു. യൂറോപ്പില്‍ കോവിഡ്-19 ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇറ്റലിയില്‍ രോഗവ്യാപന നിരക്കും മരണ നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തു ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. ദേവാലയങ്ങളിലെ പൊതു ബലിയര്‍പ്പണം ഇതിനോടകം പുനഃരാരംഭിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »