Christian Prayer - May 2024

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പത്താം തീയതി

സ്വന്തം ലേഖകന്‍ 10-05-2022 - Tuesday

"അവന്‍ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ" (ലൂക്ക 11:27).

പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത

ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. "ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടു കൂടെ" അവള്‍ ഈ വചനം മൂലം അസ്വസ്ഥചിത്തയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചിന്തിച്ചു.

എന്നാല്‍ ദൈവദൂതന്‍ അവളോടു പറഞ്ഞു. "മറിയമേ! നീ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചിരിക്കുന്നു. ഇതാ നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഈശോ എന്നു നീ പേരു വിളിക്കണം. അവന്‍ മഹാനായിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കുന്നതാണ്. യാക്കോബിന്‍റെ ഭവനത്തില്‍ അവന്‍ നിത്യഭരണം നടത്തും. അവന്‍റെ ഭരണത്തിനു അവസാനമുണ്ടാകുകയില്ല".

മറിയം ദൂതനോടു ചോദിച്ചു. ഞാന്‍ കന്യക ആയിരിക്കുന്നുവല്ലോ. പിന്നെ ഇത് എങ്ങനെ സംഭവിക്കും? ദൂതന്‍ പ്രതിവചിച്ചു. പരിശുദ്ധാത്മാവ് എഴുന്നള്ളി വരും അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. അതിനാല്‍ ശിശു പരിശുദ്ധനായിരിക്കും. ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. കൂടാതെ നിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തും അവളുടെ വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു വിളിക്കുന്ന അവള്‍ക്ക് ഇത് ആറാം മാസമാകുന്നു. ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല.

മറിയം പറഞ്ഞു: ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂതന്‍ അവളുടെ അടുക്കല്‍ നിന്നും പോയി. പ. കന്യക "നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ." എന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യ പൂര്‍ണ്ണമായ പ്രവൃത്തി.

അതുവഴി മേരി എല്ലാ മനുഷ്യരെയും ദൈവമക്കളുടെ പരിപൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് അവരോധിച്ചു. കന്യകാ മറിയം മനുഷ്യാവതാര രഹസ്യത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി സമ്മതം നല്‍കി. പരിത്രാണ ക‍ര്‍മ്മത്തില്‍ സഹകരിച്ച്, രക്ഷണീയ കര്‍മം മനുഷ്യാവതാരം വഴി ദൈവവുമായി മര്‍ത്യ വംശത്തെ ഐക്യപ്പെടുത്തിയതിലാണ്‌ അടങ്ങിയിരിക്കുന്നത്. ദൈവത്തിന് മനുഷ്യ സ്വഭാവം നല്‍കാന്‍ പരിശുദ്ധ കന്യക സമ്മതം നല്‍കിയപ്പോള്‍ മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മം എളുപ്പകരമായി.

നിത്യത്വത്തില്‍ ഒരു ശാരീരിക മാതാവിനെ കൂടാതെ പിതാവായ ദൈവത്തില്‍ നിന്നും ജനിച്ച സുതനായ ദൈവം കാലത്തിന്‍റെ പൂര്‍ണതയില്‍ പരിശുദ്ധ കന്യകയില്‍ നിന്നും ഒരു ശാരീരിക പിതാവിനെ കൂടാതെ ജനിക്കുന്നു. പരിശുദ്ധ കന്യകയെ ഞങ്ങളുടെ പരിത്രാണത്തിന്‍റെ വില ദൈവം അങ്ങയെ ഭരമേല്‍പ്പിച്ചിരിക്കുന്നു. "നാഥേ, നീ സമ്മതിക്കുമെങ്കില്‍ ഞങ്ങള്‍ രക്ഷ പ്രാപിക്കും." എന്ന്‍ വി. ബര്‍ണ്ണാദ് പ്രസ്താവിച്ചിരിക്കുന്നു. പരിശുദ്ധ കന്യകയെപ്പോലെ നാമും ദൈവതിരുമനസ്സിനു വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായിത്തീരുന്നു. അപ്പോഴാണ്‌ നമ്മുടെ വ്യക്തിസ്വതന്ത്ര്യം സുരക്ഷിതമാകുന്നത്.

സംഭവം

കാനഡായുടെ തലസ്ഥാനമായ ഒട്ടോവായില്‍ പരിശുദ്ധ കന്യകയുടെ രൂപവും സംവഹിച്ചുകൊണ്ട് വളരെ വിപുലമായ ഒരു പ്രദക്ഷിണം നടത്തി. അനേകം അകത്തോലിക്കരും ആഘോഷ യാത്രയില്‍ സംബന്ധിച്ചിരുന്നു. ഒരു അകത്തോലിക്കനു മാത്രം ഈ പ്രദിക്ഷണം ഒട്ടും രസിച്ചില്ല. അയാള്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ ഒളിച്ചിരുന്ന് മാതാവിന്‍റെ രൂപത്തിനു നേര്‍ക്കു നിറയൊഴിച്ചു. വെടിയുണ്ട തിരുസ്വരൂപത്തെ മറികടന്നു, ഒരു സ്ത്രീയുടെ ദേഹത്തു കൊണ്ട് അവള്‍ തല്‍ക്ഷണം മൃതിയടഞ്ഞു. ജനങ്ങള്‍ വികാരഭരിതരായി. ഘാതകന്‍ വേഗം ഒരു കാറില്‍ കയറി രക്ഷപെടുവാന്‍ പരിശ്രമിച്ചു. രണ്ടു മൂന്നു പോലീസുകാര്‍ അയാളെ പിന്തുടര്‍ന്നു. ഘാതകന്‍ ഒരു സ്ഥലത്ത് കാര്‍ നിറുത്തി. അപ്പോള്‍ പോലീസുകാര്‍ അയാളെ സമീപിച്ച് ഒരു സ്ത്രീ പട്ടണത്തില്‍ മരിച്ചു കിടക്കുന്നു. താങ്കള്‍ വന്ന്‍ അവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ അവരോടൊത്ത് യാത്രയായി. സംഭവ സ്ഥലത്ത് ചെന്നു നോക്കി. അപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. മരിച്ച സ്ത്രീ അയാളുടെ ഭാര്യയായിരുന്നു. അയാള്‍ പശ്ത്താപ വിവശനായി കേണു. അപരാധം ഏറ്റു പറഞ്ഞ് അയാള്‍ മാനസാന്തരപ്പെട്ടു.

പ്രാര്‍ത്ഥന

ദൈവമാതാവായ പരിശുദ്ധ കന്യകയെ, അവിടുന്ന്‍ ദൈവദൂതന്‍റെ സന്ദേശത്തിന് നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളിലൂടെ മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്‍കി മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. സ്വാതന്ത്ര്യ ദുര്‍വിനിയോഗത്താല്‍ നാശഗര്‍ത്തത്തില്‍ നിപതിച്ച മാനവരാശിയ്ക്ക് അവിടുത്തെ സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചു കൊണ്ടു രക്ഷിച്ചു. ഞങ്ങള്‍ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലാക്കി അതനുസരിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവിടുത്തെ തിരുക്കുമാരനെ ദ്രോഹിക്കാതിരിക്കട്ടെ. എപ്പോഴും ദൈവമഹത്വത്തിനും ഞങ്ങളുടെ ആത്മരക്ഷയ്ക്കും ഉപയുക്തമായ വിധം ഞങ്ങള്‍ അത് വിനിയോഗിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാഥേ, അങ്ങ് ഞങ്ങളുടെ മാതൃകയായിരിക്കേണമേ. ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ. അനുസരണം ഏറ്റവും വലിയ സ്വാതന്ത്ര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന....

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന.....

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

ദൈവപുത്രന്‍റെ മാതാവേ, ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍, ഞങ്ങളെ പഠിപ്പിക്കേണമേ.

ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »