Friday Mirror

യേശുവിന്റെ തിരുഹൃദയ ദര്‍ശന ഭാഗ്യം ലഭിച്ച 4 വിശുദ്ധരും അവര്‍ക്ക് ലഭിച്ച സന്ദേശങ്ങളും

പ്രവാചക ശബ്ദം 09-06-2020 - Tuesday

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയ്ക്കു പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോയി കൊണ്ടിരിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തോട് പ്രത്യേക ഭക്തി തിരുസഭയില്‍ നേരത്തെ തന്നെയുണ്ട്. അനേകം വിശുദ്ധര്‍ക്കു യേശുവിന്റേയും യേശുവിന്റെ തിരുഹൃദയത്തിന്റേയും ദര്‍ശനം ലഭിച്ചു എന്നവകാശപ്പെടുന്നതുവരെ ഈശോയുടെ തിരുഹൃദയ ഭക്തി ഇത്രയേറെ ജനപ്രിയമായിരുന്നില്ല. ഈ ദര്‍ശനങ്ങളെ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമുണ്ട്. ഓരോ ദര്‍ശനങ്ങളിലും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണ രഹസ്യം, അവന്റെ സത്ത, ദൈവപുത്രന്‍ എന്ന നിലയിലെ അവനിലെ വ്യക്തി, അവിടുത്തെ ജ്ഞാനം, അനന്തമായ കാരുണ്യം, രക്ഷാകര ദൗത്യത്തിന്റെ അടിസ്ഥാനം, മനുഷ്യരാശിയുടെ വിശുദ്ധീകരണം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ സഭ ഈ ദര്‍ശനങ്ങളെ പ്രത്യേക യോഗ്യതകളായായാണ്‌ പരിഗണിക്കുന്നത്.

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ചയാണ് ഈശോയുടെ തിരുഹൃദയ തിരുനാള്‍ സഭ കൊണ്ടാടുന്നത്. വരുന്ന ജൂണ്‍ 19ന് ഇക്കൊല്ലത്തെ ഈശോയുടെ തിരുഹൃദയ തിരുനാള്‍ കൊണ്ടാടുവാന്‍ തയ്യാറെടുക്കുന്ന ഈ അവസരത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന ഭാഗ്യം ലഭിച്ച നാലു വിശുദ്ധരെയും അവര്‍ക്ക് ലഭിച്ച സന്ദേശങ്ങളും നമ്മുക്ക് പരിചയപ്പെടാം.

അയ്‌വിയേഴ്സിലെ വിശുദ്ധ ലുറ്റ്ഗാര്‍ഡിസ് ‍

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ ബെല്‍ജിയത്തിലെ ടോന്‍ഗെരനില്‍ വിശുദ്ധ ലുറ്റ്ഗാര്‍ഡിസ് ജനിക്കുന്നത്. പന്ത്രണ്ടാമത്തെ വയസ്സില്‍ സെന്റ്‌ കാതറിന്‍ ബനഡിക്ടന്‍ മഠത്തില്‍ ചേര്‍ന്ന അവള്‍ക്ക് യേശുവിന്റെയും അവന്റെ മുറിവേറ്റ തിരുഹൃദയത്തിന്റേയും ദര്‍ശനങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഹൃദയങ്ങളുടെ ഒരു കൈമാറ്റം തന്നെയായിരുന്നു അത്. “നിനക്ക് എന്താണ് വേണ്ടത്?” എന്ന യേശുവിന്റെ ചോദ്യത്തിന് “എനിക്ക് നിന്റെ ഹൃദയം വേണം” എന്നായിരുന്നു വിശുദ്ധയുടെ മറുപടി. “നിനക്കെന്റെ ഹൃദയം വേണമെങ്കില്‍ എനിക്ക് നിന്റെ ഹൃദയവും വേണം” എന്നു യേശു പ്രതിവചിച്ചു.

“കര്‍ത്താവേ എടുത്തുകൊള്ളുക. എന്നാല്‍, എന്റെ ഹൃദയം അങ്ങയുടെ സംരക്ഷണയില്‍ ഏറ്റവും സുരക്ഷിതമായിരിക്കുവാന്‍ നിന്റെ ഹൃദയത്തിന്റെ സ്നേഹം എന്റെ ഹൃദയത്തോട് കൂടിച്ചേരുകയും, ഐക്യപ്പെടുകയും ചെയ്യുന്ന വിധത്തില്‍ വേണം ഹൃദയമെടുക്കുവാന്‍” എന്നു വിനീതവിധേയയായി വിശുദ്ധ ലുറ്റ്ഗാര്‍ഡിസ് പ്രതികരിച്ചു. യേശുവിന്റെ തിരുഹൃദയ ഭക്തിയുടെ ആദ്യകാല പ്രചാരകരില്‍ ഒരാള്‍ കൂടിയായിരിന്നു വിശുദ്ധ ലുറ്റ്ഗാര്‍ഡിസ്.

ഹാക്കെബോണിലെ വിശുദ്ധ മെറ്റില്‍ഡ ‍

പതിമൂന്നാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന വിശുദ്ധയാണ് മെറ്റില്‍ഡ. തന്റെ ജീവിതത്തിനിടയില്‍ നിരവധി തവണ അവള്‍ക്ക് ഈശോയുടെ തിരുഹൃദയ ദര്‍ശന ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവള്‍ക്ക് ലഭിച്ച അനുഭവങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്ന ഗ്രന്ഥം വലതുകൈകൊണ്ട് തന്റെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ഒരു ദിവസം യേശു അവള്‍ക്ക് ദര്‍ശനം നല്‍കി. അത് ചുംബിച്ച ശേഷം യേശു അവളോടു പറഞ്ഞു : “ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതെല്ലാം എന്റെ ദിവ്യഹൃദയത്തില്‍ നിന്നും ഒഴുകിയതാണ്”. നീ രാവിലെ ചെയ്യുന്ന ആദ്യ പ്രവര്‍ത്തി എന്റെ ഹൃദയത്തെ അഭിവാദ്യം ചെയ്യുന്നതും, നിന്റെ ഹൃദയം എനിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതാകട്ടെയെന്നും എന്നിലേക്ക് നെടുവീര്‍പ്പിടുന്നവന്‍ എന്നെ തന്നിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നതെന്നും കര്‍ത്താവ് വിശുദ്ധയോട് വെളിപ്പെടുത്തി.

വിശുദ്ധ ജെര്‍ത്രൂദ് ‍

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ജെര്‍ത്രൂദിന് ബനഡിക്ടന്‍ ആശ്രമത്തില്‍ താമസിച്ചുവരവേ തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് ദിവ്യദര്‍ശനങ്ങള്‍ ലഭിച്ചു തുടങ്ങുന്നത്. ഒരിക്കല്‍ അവള്‍ വിശുദ്ധ യോഹന്നാന്‍ ശ്ലീഹായേയും യേശുവിനേയും ദര്‍ശനത്തില്‍ കണ്ടു. തന്റെ ശിരസ്സ് യേശുവിന്റെ തിരുഹൃദയത്തോട് ചേര്‍ത്തുവെച്ചുകൊണ്ട് അവള്‍ വിശുദ്ധ യോഹന്നാനോടു ചോദിച്ചു: “കര്‍ത്താവിന്റെ പ്രിയപ്പെട്ടവനേ, എന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്ന ഈ ഹൃദയമിടിപ്പുകള്‍ അവസാന അത്താഴ സമയത്ത് രക്ഷകന്റെ മടിയില്‍ വിശ്രമിച്ചപ്പോള്‍ അങ്ങയുടെ ആത്മാവിനേയും ആനന്ദിപ്പിച്ചിരുന്നോ?” വിശുദ്ധ യോഹന്നാന്‍ പ്രതിവചിച്ചു- “അതേ. അത് എന്റെ ആത്മാവിന് മാധുര്യമായി വ്യാപിച്ചിരിന്നു”. വിശുദ്ധ ജെര്‍ത്രൂദ് അടുത്ത ചോദ്യം ഉയര്‍ത്തി, "എങ്കില്‍ നീ എന്തുകൊണ്ട് അത് സുവിശേഷത്തില്‍ നിന്നു ഒഴിവാക്കി?”. വിശുദ്ധ യോഹന്നാന്റെ മറുപടി ശ്രദ്ധേയമായിരിന്നു. “നിത്യ വചനത്തെക്കുറിച്ച് എഴുതുക എന്നതായിരുന്നു എന്റെ ദൗത്യം. എന്നാല്‍ വിശുദ്ധ തിരുഹൃദയത്തിന്റെ ആനന്ദകരമായ സ്പന്ദനങ്ങളുടെ ഭാഷ വരുവാനിരിക്കുന്ന കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്, ദൈവ സ്നേഹത്തിന്റെ കാര്യത്തില്‍ നീണ്ട ശൈത്യം ബാധിച്ച ലോകത്തിന് അത്തരം രഹസ്യങ്ങള്‍ ചൂട് പകരും”.

വിശുദ്ധ മാര്‍ഗരറ്റ് മേരി അലകോക്ക് ‍

ഫ്രാന്‍സില്‍ ജനിച്ച വിശുദ്ധ മേരി മാര്‍ഗരറ്റ് അലകോക്ക് ഈശോയുടെ തിരുഹൃദയത്തിന്റെ മറ്റൊരു പ്രേഷിതയാണ്. വിസിറ്റേഷന്‍ മഠത്തില്‍ അംഗമായ വിശുദ്ധക്ക് 1673 മുതല്‍ ഈശോയുടെ വെളിപാടുകളും തിരുഹൃദയത്തിന്റെ ദര്‍ശനങ്ങളും ലഭിച്ചു തുടങ്ങിയതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഹൃദയത്തെ ബഹുമാനിക്കുവാനും ആദരിക്കുവാനും വിശുദ്ധയിലൂടെ കര്‍ത്താവ് ലോകത്തോട്‌ ആഹ്വാനം ചെയ്തു. “തുടര്‍ച്ചയായ ഒന്‍പത് മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ചകളില്‍ മാനസാന്തരത്തിന്റെ കൃപ നേടിക്കൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ കൂദാശകള്‍ സ്വീകരിക്കാതേ മരിക്കുകയില്ല, അവരുടെ അവസാന മണിക്കൂറുകളില്‍ എന്റെ ഹൃദയം അവരുടെ സുരക്ഷിതമായ അഭയകേന്ദ്രമായിരിക്കുമെന്ന് എന്റെ ഹൃദയത്തിന്റെ അതിരുകളില്ലാത്ത കാരുണ്യത്തില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു” എന്നും കര്‍ത്താവ് വിശുദ്ധക്ക് വെളിപ്പെടുത്തി. വിശുദ്ധയിലൂടെ വെളിപ്പെടുത്തിയ 12 വാഗ്ദാനങ്ങള്‍ താഴെ നല്‍കുന്നു.

1. അവിടുന്ന് അവര്‍ക്കെല്ലാം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നല്‍കും.

2. അവിടുന്ന് അവരുടെ ഭവനങ്ങളില്‍ സമാധാനം സ്ഥാപിക്കും.

3. തങ്ങളുടെ കഷ്ടതകളിലെല്ലാം അവിടുന്നവര്‍ക്ക് ആശ്വാസമേകും.

4. അവിടുന്നവര്‍ക്ക് ഈ ജീവിതത്തില്‍ അതിലുമുപരി മരണത്തിലും സുരക്ഷിതമായ അഭയശിലയാകും.

5. തങ്ങളുടെ എല്ലാ ചുവടുവെപ്പുകളിലും അവിടുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയും.

6. പാപികള്‍ അവിടുത്തെ തിരുഹൃദയം കൃപയുടെ വറ്റാത്ത ഉറവയായി കണ്ടെത്തും.

7. തളർന്നു പോയ ആത്മാക്കളെല്ലാം ദൈവസ്നേഹത്താല്‍ നിറയും.

8. ആ ആത്മാക്കളെല്ലാം പെട്ടെന്ന് തന്നെ പരിപൂര്‍ണ്ണമായും കുറ്റമറ്റതാകും.

9. അവിടുത്തെ തിരുഹൃദയ രൂപത്തെ എവിടെയൊക്കെ സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ അവിടമൊക്കെ അവിടുന്ന് അനുഗ്രഹിക്കും.

10. വൈദികര്‍ക്ക് അവിടുന്ന് ഏറ്റവും കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള വരം നല്‍കും.

11. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ അവിടുത്തെ ഹൃദയത്തില്‍ എഴുതി സൂക്ഷിക്കും.

12. ഒന്‍പതു ആദ്യ വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു അത് സ്വീകരിക്കുന്നവര്‍ക്കായ് അവിടുത്തെ കൃപ സമ്പൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്ന് അത്യുഷ്മളമായ സ്നേഹത്തോടെ അനുഗ്രഹ വര്‍ഷമുണ്ടാകും. അവർ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല. മാസാദ്യ വെള്ളിയാഴ്ച ആചരണവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് പന്ത്രണ്ടാമത്തെ വാഗ്ദാനം എന്ന് വ്യക്തമാണ്. ആയതിനാല്‍ തന്നെ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്നതും ഇതാണ്.

ഇത്തരത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശനം ലഭിച്ച അനേകം വിശുദ്ധര്‍ സഭയിലുണ്ട്. നാളിതുവരെ സഭയെ നയിച്ച സഭാപിതാക്കൻമാർ എല്ലാം തന്നെ തിരുഹൃദയ ഭക്തിയെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 19 ഈശോയുടെ തിരുഹൃദയ തിരുനാളിനായി നാം ഒരുങ്ങുമ്പോള്‍ കൃപയുടെ വറ്റാത്ത ഉറവയായ ഈശോയുടെ തിരുഹൃദയത്തിലേക്ക് നമ്മുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും കുടുംബങ്ങളെയും ചേര്‍ത്തുവെക്കാം. അവിടുന്നു നിന്നു പ്രവഹിക്കുന്ന ജീവജലവും തിരുരക്തവും കൃപയുടെ ധാരയായി സ്വീകരിച്ചുകൊണ്ട് നമ്മെ തന്നെ നമ്മുക്ക് വിശുദ്ധീകരിക്കാം.


Related Articles »