Social Media - 2024

'ഇനി ഓൺലൈൻ കുർബാന പോരെ' എന്ന് പറയുന്നവരോട്

ഫാ. ജെൻസൺ ലാസലെറ്റ് 12-06-2020 - Friday

ദൈവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ചും പരിശുദ്ധ കുർബ്ബാനയെക്കുറിച്ചുമെല്ലാം ധാരാളം ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഈ ദിവസങ്ങളിൽ നടക്കുന്നുണ്ട്. നല്ലതു തന്നെ. എന്നാൽ അവയിൽ ഏറ്റവും വേദനാജനകമായ കാര്യം: "ഇനിയെന്തിനാ പള്ളീൽ പോണേ, ടി.വി.യിൽ കുർബ്ബാന കണ്ടാൽ പോരെ.....ഇത്രയും ദിവസങ്ങൾ അങ്ങനെയായിട്ട് എന്തെങ്കിലും പറ്റിയോ.....?" എന്നിങ്ങനെയുള്ള ചിലരുടെ വാക്കുകളാണ്. തുറക്കാൻ അനുമതി ലഭിച്ചിട്ടും രോഗവ്യാപനം കൂടുന്നതിനാൽ മുൻകരുതലിൻ്റെ ഭാഗമായി പല ദൈവാലയങ്ങളും തുറന്നിട്ടില്ല. ഞങ്ങളുടെ ദൈവാലയവും തുറന്നിട്ടില്ല. ചിലയിടങ്ങളിൽ കരുതലുകളോടെ പള്ളികൾ തുറന്നിട്ടുമുണ്ട്. എന്നാൽ കാലാകാലം ഓൺലൈൻ കുർബാന മതി, ടി.വി.യിൽ കുർബ്ബാന കണ്ടാൽ പോരെ എന്നീ അഭിപ്രായങ്ങൾക്ക് ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ നൂറു ശതമാനവും ഞാൻ എതിരാണ്.

അതിന് കാരണമുണ്ട്: പ്രിയ സുഹൃത്തേ, നിങ്ങളുടെ ജീവിത പങ്കാളിയോടും മക്കളോടുമുള്ള ബന്ധം വീഡിയോ കോൾ വഴി മാത്രം മതി എന്നു പറഞ്ഞാൽ നിങ്ങൾക്കത് എത്രമാത്രം ഉൾക്കൊള്ളാൻ കഴിയും? നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ വീഡീയോ കോൾ വഴി കാണുന്നുണ്ട്

മക്കളുമായ് സംസാരിക്കുന്നുമുണ്ട്. എന്നാൽ അവരുമായി ശാരീരികമായ സാമീപ്യമില്ല. അവർ അടുത്തായിരിക്കണമെന്നും അവരുടെ അടുത്തായിരിക്കണമെന്നും നിങ്ങൾ ഏറെ താത്പര്യപെടുന്നു. അതു കൊണ്ടു തന്നെയല്ലെ എത്രയും പെട്ടന്ന് വീട്ടിൽ എത്തിച്ചേരണം എന്ന് വിദേശത്തുള്ളവരും സ്വദേശത്തുള്ളവരും ആഗ്രഹിക്കുന്നത്?

ഇനി എന്നും വീഡിയോ കോൾ ചെയ്യുന്ന വ്യക്തികൾക്ക് നെറ്റ് വർക്ക് തകരാർ നേരിട്ടാലോ? അന്ന് നേരിൽ കണ്ട് വിളിക്കാൻ കഴിയില്ല. അതും ശരിയല്ലെ? കരണ്ട് പോയതിനാൽടി.വി.യിലെ കുർബാന പോലും പല ദിവസങ്ങളിലും നഷ്ടമായെന്നു പറഞ്ഞ് ദു:ഖിക്കുന്നവരെ എനിക്കറിയാം. അവരിൽ എൻ്റെ മാതാപിതാക്കളും ഉൾപ്പെടും. എൻ്റെ കാഴ്ചപ്പാടിൽ ഒരു വിശ്വാസി ദൈവാലയത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നത് പ്രാർത്ഥിക്കാൻ വേണ്ടി മാത്രമല്ല. മറിച്ച് വി. കുർബാനയിൽ ഇന്നും ജീവിക്കുന്ന ഈശോയെ സ്വീകരിക്കാൻ വേണ്ടി കൂടിയാണ്.

അങ്ങനെയൊരു നല്ല ദിനത്തിനായാണ് വിശ്വാസി കാത്തിരിക്കേണ്ടത്. എന്തെന്നാൽ ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്: ''എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു '' എന്ന് (യോഹ 6 :56). അതു കൊണ്ടു തന്നെ കർത്താവ് കൂടെവസിക്കുന്ന ആ കൂദാശ കൈക്കൊള്ളണമെന്നാഗ്രഹിക്കുന്നത് തെറ്റാണോ?

സത്യത്തിൽ അതിനു വേണ്ടിയല്ലെ ഓരോ വിശ്വാസിയും ആഗ്രഹിക്കേണ്ടതും? അല്ലാതെ യുക്തിസഹമായ് ചിന്തിച്ച് കൂടുതൽ ദൈവനിഷേധവും നിരീശ്വരവാദവും പ്രചരിപ്പിക്കുകയാണോ വേണ്ടത്?

പരിപൂർണ്ണമായ രോഗശമനം ഉണ്ടാകും. എന്നാൽ, അതിന് മുമ്പ് ഭയരഹിതമായി ദൈവാലയത്തിൽ പോകാൻ കഴിയുന്ന ദിവസങ്ങൾ എത്തിച്ചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു. വീട്ടുകാരോടൊപ്പമാകാൻ കാത്തിരിക്കുന്ന ഒരു പ്രവാസിയെ പോലെ വിശ്വാസത്തോടെയും പ്രതീക്ഷയോടെയും നമുക്ക് കാത്തിരിക്കാം. കാത്തിരിപ്പിൻ്റെ ഈ ദിനങ്ങളിൽ ഇനിയും കേട്ടിട്ടില്ലെങ്കിൽ ഷാജി തുമ്പേച്ചിറയിലച്ചൻ്റെ ആ ഗാനം ഒന്നു കേൾക്കണേ... 'എന്നാണിനി എന്നാണിനി എന്ന് നാവിൽ നേരിൽ ഞാൻ കുർബാന കൊള്ളും.....അത്രയ്ക്ക് അർത്ഥവത്താണത്'.

More Archives >>

Page 1 of 17