Faith And Reason

പോളണ്ടിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം അനേകരെ യേശുവിലേക്ക് അടുപ്പിക്കുന്നു

പ്രവാചക ശബ്ദം 12-06-2020 - Friday

വാർസോ: പോളണ്ടിലെ ലെഗ്നിക്കായിൽ സ്ഥിതിചെയ്യുന്ന സെന്റ് ഹയാസിന്ത് ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി പേർക്ക് ഇവിടെയെത്തി മാനസാന്തരം പ്രാപിച്ചതായി വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2013 ലെ ക്രിസ്തുമസ് ദിനത്തില്‍ ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം വിശദമായ പഠനങ്ങള്‍ക്കു ശേഷം 2016-ല്‍ വത്തിക്കാന്‍ അംഗീകാരം നല്‍കിയിരിന്നു.

ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ വൈദികൻ കൂദാശ ചെയ്ത ഒരു തിരുവോസ്തി നിലത്തുവീണിരിന്നു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്- ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിച്ചു ആ വെള്ളം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവണ്ണം വെള്ളം ഒഴുകുന്ന വിധം ഒഴുക്കി കളയുക. ഇതിന്‍ പ്രകാരം അലിയിച്ചു കളയാനായി വെള്ളത്തില്‍ നിക്ഷേപിച്ചു. ഉടനെതന്നെ തിരുവോസ്തിയില്‍നിന്നും രക്തത്തിന്റെ അംശങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയിരിന്നു.

രക്തത്തിൽ കുതിർന്ന മാംസ ഭാഗം കണ്ടതായി ഇടവകയുടെ ചുമതല വഹിച്ചിരുന്ന ഫാ. ആന്ധേജ് സിയോബ്ര സാക്ഷ്യപ്പെടുത്തിയതോടെ ഇത് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചു. ഇതിനെപ്പറ്റി പഠിക്കാനായി ലെഗ്നിക്ക ബിഷപ്പ് സ്റ്റീഫൻ സിച്ചി ഒരു കമ്മീഷനെ നിയോഗിച്ചു. 2014 ഫെബ്രുവരി മാസം രണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ ഡിപ്പാർട്ട്മെന്റുകൾ മാംസഭാഗം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. മാനസിക സമ്മർദ്ദം നേരിട്ട ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഗമാണ് അപ്പക്കഷണത്തിന് മേൽ കണ്ടതെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി.

തിരുവോസ്തിയില്‍ 'Cross Striated Muscle' അവസ്ഥയിലുള്ള മസില്‍ ഭാഗങ്ങള്‍ കാണപ്പെട്ടു, ഇത് 'ഹൃദയത്തിന്‍റെ' ഭാഗങ്ങളാണ് തുടങ്ങി നിരവധി ഫലമാണ് പഠനത്തില്‍ നിന്നു വ്യക്തമായത്. 2016ൽ വിശ്വാസത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം ലെഗ്നിക്കായിലെ ദിവ്യകാരുണ്യം വണക്കത്തിന് യോഗ്യമാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ കൂടുതൽ പഠനങ്ങൾ സഭ ഇന്നും തുടരുകയാണ്. അത്ഭുതത്തിന് ആത്മീയമായ ഫലങ്ങൾ നൽകാൻ സാധിക്കുന്നുണ്ടോ എന്നും സഭ പരിശോധിക്കുന്നു. ദിവ്യകാരുണ്യ അത്ഭുതം കാണാൻ തീർത്ഥാടകർ എത്തുന്നുണ്ടോ, മാനസാന്തരങ്ങൾ ഉണ്ടാകുന്നുണ്ടോ, രോഗസൗഖ്യങ്ങൾ നടക്കുന്നുണ്ടോ എന്നതിനെപ്പറ്റി വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ് തന്റെ ഇപ്പോഴത്തെ ദൗത്യമെന്ന് ഫാ. ആന്ധേജ് സിയോബ്ര വെളിപ്പെടുത്തി.

ശേഖരിച്ച വിവരങ്ങളെല്ലാം ഇനി വത്തിക്കാനു കൈമാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏഷ്യയിൽ നിന്നും, അമേരിക്കയിൽ നിന്ന് പോലും ആളുകൾ ദിവ്യകാരുണ്യ അത്ഭുതം കാണാൻ ജർമനി- ചെക്ക് റിപ്പബ്ലിക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ലെഗ്നിക്കയിൽ എത്താറുണ്ടെന്ന് ഫാ. സിയോബ്ര പറഞ്ഞു. നിരവധി മാനസാന്തരങ്ങൾ ഇവിടെ ഉണ്ടാകാറുണ്ടെങ്കിലും വർഷങ്ങളായി സഭാവിരുദ്ധത പ്രകടിപ്പിച്ച ഒരാളുടെ മാനസാന്തരമാണ് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടുന്നത്. ദിവ്യകാരുണ്യ അത്ഭുതമായ തിരുവോസ്തി കണ്ടതിന് ശേഷം ആത്മീയ തലത്തിൽ ആ വ്യക്തിയുടെ വലിയ മാറ്റത്തിന് കാരണമായെന്നും 50 വർഷത്തിനുശേഷം കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വൈദികന്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »