Faith And Reason - 2024

തടവിനിടെ ധൈര്യം പകര്‍ന്നത് ക്രിസ്തുവിലുള്ള വിശ്വാസവും ദൈവവചനവും: കർദ്ദിനാൾ ജോര്‍ജ്ജ് പെൽ

പ്രവാചക ശബ്ദം 17-06-2020 - Wednesday

മെല്‍ബണ്‍: ക്രിസ്തുവിലുള്ള വിശ്വാസവും ദൈവവചനവുമാണ് ജയിൽ ദിനങ്ങൾ അതിജീവിക്കാൻ തനിക്ക് ശക്തിപകർന്നതെന്ന് ലൈംഗീകാരോപണത്തിന്റെ പേരില്‍ 14 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം നിരപരാധിയായി കണ്ട് ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കർദ്ദിനാൾ ജോര്‍ജ്ജ് പെൽ. 'പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസത്തിൽ എങ്ങനെ ഉറച്ചുനിൽക്കാം' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ‘ഓസ്‌ട്രേലിയൻ കാത്തലിക്ക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ’ സംഘടിപ്പിച്ച ഓൺലൈൻ ധ്യാനത്തിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.

തന്റെ പതിമൂന്നു മാസത്തെ തടവുജീവിതം ദുരിതം നിറഞ്ഞതായിരിന്നു. എങ്കിലും സഹനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെന്ന് പറയാനാവില്ല. എന്തെന്നാൽ, ജയിലിലെ നാളുകൾ സഹനത്തെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണത്തിന്റെ യഥാർത്ഥമായ ബോധ്യങ്ങൾ പകരുന്നതായിരുന്നു. അതേ ക്രിസ്തീയ സന്ദേശമാണ് തനിക്ക് ഇപ്പോഴും പറയാനുള്ളത്. താൻ കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ പേരിലല്ല, മറിച്ച് ഈ ക്രിസ്തീയ ബോധ്യമായിരുന്നു അതിജീവിക്കാനുള്ള തന്റെ വലിയ കരുത്തും ശ്രോതസും. കര്‍ദ്ദിനാള്‍ കൂട്ടിച്ചേർത്തു.

1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് കര്‍ദ്ദിനാള്‍ ജയിലിലായത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കുകയായിരിന്നു. തനിക്കെതിരെ പരാതി നല്‍കിയവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്നായിരിന്നു മോചിതനായ സമയത്ത് അദ്ദേഹത്തിന്റെ പ്രസ്താവന.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 36