Youth Zone - 2024

പ്രതിരോധം തീര്‍ത്ത് യുവജനങ്ങള്‍: വിശുദ്ധ ജൂനിപെറോയുടെ രൂപം തകര്‍ക്കുവാനുള്ള നീക്കം പൊളിഞ്ഞു

പ്രവാചക ശബ്ദം 26-06-2020 - Friday

വെന്റ്യൂര: കാലിഫോര്‍ണിയയിലെ വിശുദ്ധ ജൂനിപെറോയുടെ രൂപം തകര്‍ക്കുവാനുള്ള 'ബ്ലാക്ക് ലിവ്സ് മാറ്റര്‍' പ്രക്ഷോഭകരുടെ ശ്രമം കത്തോലിക്ക യുവജനങ്ങളുടെ വീരോചിതമായ ഇടപെടല്‍ മൂലം നിഷ്ഫലമായി. വെന്റ്യൂരയിലെ സിറ്റി ഹാളിനു മുന്നിലുള്ള വിശുദ്ധന്റെ രൂപം തകര്‍ക്കുവാനുള്ള ശ്രമമാണ് കത്തോലിക്ക യുവതീ യുവാക്കളുടെ ക്രിയാത്മകമായ ഇടപെടല്‍ മൂലം പൊളിഞ്ഞത്. പ്രക്ഷോഭകര്‍ക്കും രൂപത്തിനും ഇടയില്‍ ധൈര്യപൂര്‍വ്വം നിലയുറപ്പിച്ച യുവജനങ്ങള്‍ പ്രതിരോധം തീര്‍ക്കുകയായിരിന്നു. 1936-ലാണ് കാലിഫോര്‍ണിയ പ്രേഷിത മിഷനുകളുടെ സ്ഥാപകനായ വിശുദ്ധ ജൂനിപെറോയുടെ രൂപം സിറ്റി ഹാളിനു മുന്നില്‍ സ്ഥാപിച്ചത്.

രൂപം തകര്‍ക്കുവാന്‍ ജൂണ്‍ 20ന് ഉച്ചയ്ക്ക് ഒരു മണിക്ക് സിറ്റി ഹാളിനു മുന്നില്‍ തടിച്ചുകൂടുവാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ‘അടിമത്വത്തേയും, കൂട്ടക്കൊലയേയും, മാനഭംഗത്തേയും, ഇനിയൊരിക്കലും നമ്മള്‍ ആഘോഷിക്കില്ല’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആഹ്വാനം. “ബ്ലാക്ക് ലിവ്സ് മാറ്റര്‍”, “അവന്‍ വിശുദ്ധനല്ല”, “വംശഹത്യയുടെ പിതാവ്”, തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കികൊണ്ട് ഏതാണ്ട് ഇരുന്നൂറോളം വരുന്ന പ്രക്ഷോഭകര്‍ സിറ്റിഹാളിനു മുന്നില്‍ തടിച്ചുകൂടിയിരിന്നു.

പ്രതിമ തകര്‍ക്കുവാനുള്ള വസ്തുക്കളും ചിലര്‍ കരുതിയിരുന്നു. എന്നാല്‍, ഒരു മണിക്ക് മുന്നേ തന്നെ സിറ്റിഹാളിനു മുന്നില്‍ എത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കത്തോലിക്കാ യുവസമൂഹം “സെറായെ രക്ഷിക്കൂ” എന്നെഴുതിയ പ്ലക്കാര്‍ഡുകളും, പ്രാര്‍ത്ഥനയുമായി രൂപത്തിന് ചുറ്റും ധൈര്യപൂര്‍വ്വം അണിനിരക്കുകയായിരിന്നു. പ്രകോപനത്തേയും, പരിഹാസത്തേയും, സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ജനറേറ്ററിന്റെ പുകയേപ്പോലും വകവെക്കാതെ ധീരമായി നിലകൊണ്ട കത്തോലിക്ക യുവത്വം അക്രമികളുടെ പദ്ധതികളെ തകിടം മറിച്ചു.

ഒരുഘട്ടത്തില്‍, പ്രാസംഗികരില്‍ ഒരാളുടെ പ്രകോപനപരമായ ആഹ്വാനമനുസരിച്ച് പ്രക്ഷോഭകര്‍ പ്രതിമക്ക് നേരെ ഇരമ്പിയടുത്തത് രംഗം വഷളാക്കിയെങ്കിലും നടപ്പാതയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കത്തോലിക്കാ യുവാക്കള്‍ അവരെ തടഞ്ഞു. വെന്റുറ പോലീസ് ഇടപ്പെട്ടതോടെയാണ് രംഗം ശാന്തമായത്. റവ. ഫാ. എലെവോട്ടിന്റെ ആശീര്‍വാദത്തോടെയാണ് യുവജനങ്ങള്‍ പിരിഞ്ഞത്. ഇതിനുമുന്‍പ്, സാന്‍ ഫ്രാന്‍സിസ്കോയിലേയും, ലോസ് ആഞ്ചലസിലേയും രൂപങ്ങള്‍ അക്രമികള്‍ തകര്‍ത്തത് വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 15