India - 2024

സീറോ മലബാര്‍ സഭാകാര്യാലയത്തില്‍ പുതിയ നിയമനങ്ങള്‍

പ്രവാചക ശബ്ദം 02-07-2020 - Thursday

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സെബി കൊളങ്ങരയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. അലക്‌സ് ഓണംപള്ളിയും നിയമിതരായി. ഫാ. ജോബി മാപ്രക്കാവില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. സെബി കൊളങ്ങരയുടെ നിയമനം. പരീക്കാട്ടുകര സെന്റ് മേരീസ് ഇടവകാംഗമായ ഇദ്ദേഹം രൂപത വൈസ് ചാന്‍സലറായും മീഡിയ സെന്ററായ ദര്‍ശന്‍ മീഡിയയുടെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. വെണ്ണൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായി പ്രവര്‍ത്തിച്ചുവരുമ്പോഴാണു പുതിയ നിയമനം.

ഫാ. ആന്റണി തലച്ചെല്ലൂര്‍ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണു മാനന്തവാടി രൂപതാംഗമായ ഫാ. അലക്‌സ് ഓണംപള്ളി മീഡിയ കമ്മീഷന്‍ സെക്രട്ടറിയായത്. ബോസ്പാറ സെന്റ് ജോസഫ്‌സ് ഇടവകാംഗമാണ്. കല്യാണ്‍ രൂപതയിലെ സേവനത്തിനുശേഷം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ നിസ്കോര്‍ട്ട് മീഡിയ കോളജില്‍ അസി. പ്രഫസറായി പ്രവര്‍ത്തിച്ചു. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ഗവേഷണവും നടത്തിവരുന്നു. വലിയകൊല്ലി ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചു വരുമ്പോഴാണു പുതിയ നിയമനം.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സ്ഥലംമാറിപ്പോകുന്ന വൈദികര്‍ക്കു യാത്രയയപ്പു നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇന്റര്‍നെറ്റ് മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, വൈസ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍, മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, സഭാകാര്യാലയത്തില്‍ സേവനം ചെയ്യുന്ന വൈദികര്‍, സമര്‍പ്പിതര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ആറു വര്‍ഷം സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഫാ. ജോബി മാപ്രക്കാവില്‍ സഭയിലെ വിവിധ രൂപതകളുടെയും ഇടവകകളുടെയും വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കുന്നതിലും സീറോ മലബാര്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിലും ശ്രദ്ധിച്ചു. എംഎസ്ടി സമൂഹത്തിന്റെ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. 2019ല്‍ രൂപപ്പെട്ട മീഡിയ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായി ഒരുവര്‍ഷം സേവനം ചെയ്ത ഫാ. ആന്റണി തലച്ചെല്ലൂര്‍ ഇനി സഭാനിയമത്തില്‍ ഉപരിപഠനം നടത്തും.


Related Articles »