Social Media - 2024

എന്റെ സ്വർണമേ, നിന്നെകൊണ്ട് ഞാൻ തോറ്റു..!

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ ഒസിഡി 12-07-2020 - Sunday

ഈ നാളുകളിൽ കേരളക്കരയാകെ ചർച്ചാവിഷയം, "സ്വർണ്ണമയം നിറഞ്ഞതാണ്". കഴിഞ്ഞ നാളിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗിൽ, അഥവാ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ അനുമതി ഇല്ലാത്ത രാജ്യത്തിന്റെ രഹസ്യസ്വഭാവമുള്ള ലഗേജിൽ, 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണ്ണ കള്ളക്കടത്ത് ആസൂത്രിതമായി പിടിച്ചെടുത്തത്, രാജ്യാന്തരതലത്തിൽ, കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. അതേ, അനുവാദമില്ലാത്ത വഴികളിലൂടെ, കള്ളത്തരങ്ങളിലൂടെ, നേട്ടങ്ങൾ കൊയ്യാനും, സുഖിച്ച് ജീവിക്കാനും ആഗ്രഹിക്കുന്ന മനുഷ്യർ എല്ലാ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകുകയും ചെയ്യും.!

ഓർമ്മയില്ലേ, "മിന്നുന്നതെല്ലാം പൊന്നല്ല" എന്ന പഴഞ്ചൊല്ല്! അതേ, ചരിത്രാതീത കാലം മുതൽ "വിലപിടിച്ച സ്വർണം" മനുഷ്യനെ ഒത്തിരി ഭ്രമിപ്പിക്കുകയും, മത്തു പിടിപ്പിക്കുകയും, അതിനു വേണ്ടിയുള്ള പരക്കംപാച്ചിൽ, അവനെ പല കെണിയിലും, അപകടത്തിലും ചെന്നെത്തിക്കുകയും ചെയ്തിട്ടുണ്ട്. ദൈവവചനം പറയുന്നു, "സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്‌; രാജാക്കന്‍മാരെ വഴിതെറ്റിച്ചിട്ടുണ്ട്‌" (പ്രഭാഷകന്‍ 8 : 2). ജീവനുപോലും ഭീഷണിയായ കൊറോണയിൽ നിന്നും രക്ഷപ്പെടാനായിട്ട്, എല്ലാവരും മാസ്ക് ധരിക്കണം എന്ന നിയമം വന്നപ്പോൾ, ധനികനായ ഒരു മനുഷ്യൻ രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒരു 'സ്വർണ്ണമാസ്ക്' ധരിച്ച്, ധീരനായി നിൽക്കുന്ന ഒരു ചിത്രം ഈ നാളുകളിൽ വൈറലായിരുന്നു!!! എന്റെ സ്വർണ്ണമേ, നിന്നെ കൊണ്ട് ഞാൻ തോറ്റു.

സത്യം പറഞ്ഞാൽ, ഒരു തരി പൊന്ന് കുറഞ്ഞുപോയതിന്റെ പേരിൽ എത്രയോ കുടുംബബന്ധങ്ങളാണ് ശിഥിലമാക്കപ്പെട്ടിട്ടുള്ളത്! ഭാര്യയുടെ, സ്വർണം മുഴുവനും വിറ്റു തുലച്ചു, കുടിച്ചു കൂത്താടി, കുടുംബം നരകം ആക്കിമാറ്റുന്ന, എത്രയോ കള്ളുകുടിയന്മാർ നമുക്കു ചുറ്റുമുണ്ട്! കഴിഞ്ഞദിവസം, ഒരു സ്വർണക്കടയിൽ നിന്നും, സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ ഭാര്യയും, ഭർത്താവും ചേർന്ന്, സ്വർണ്ണ മോതിരം കട്ടെടുക്കുന്ന രംഗം സിസിടിവിയിൽ പതിഞ്ഞ ഒരു വീഡിയോ കാണാനിടയായി. അതെ, സ്വർണ്ണം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും വഴിതെറ്റിക്കും എന്നതിന്റെ നേർക്കാഴ്ചകളാണ് ഇതൊക്കെ! എന്റെ സ്വർണ്ണമേ, നിന്നെ കൊണ്ട് ഞാൻ തോറ്റു!

ആറാം തമ്പുരാൻ എന്ന സിനിമയിൽ, ഹൃദയസ്പർശിയായ ഒരു രംഗമുണ്ട്. ഒരു നുള്ള് പൊന്ന് ആഗ്രഹിച്ച തന്റെ മകൾക്കു വേണ്ടി, നിർധനനായ, വൃദ്ധനായ ആ പിതാവ്, തന്റെ ജീവനായിരുന്ന ഹാർമോണിയപെട്ടി, വിറ്റുകിട്ടിയ രൂപയുമായി ഒരു സ്വർണമൂക്കുത്തി വാങ്ങി വരുന്ന രംഗം. അതെ, സ്വർണ്ണത്തിന്റെ വില അതില്ലാത്തവർക്കേ അറിയൂ! പലസ്ഥലങ്ങളിലും വിവാഹം സ്വർണ്ണയാടയാഭരണങ്ങൾ കൊണ്ട് സമൃദ്ധമാക്കപ്പെടുമ്പോൾ, മകളുടെ വിവാഹത്തിന് താലിമാല പോലും വാങ്ങിക്കാൻ നിർവാഹമില്ലാത്ത എത്രയോ നിർധനരാണ് നമുക്ക് ചുറ്റും ഉള്ളത്!

ഞാൻ കഴിഞ്ഞദിവസം, വിശുദ്ധ ബലിയർപ്പിക്കാനായി, കർമ്മലമാതാവിന്റെ നാമത്തിലുള്ള, ഞങ്ങളുടെ അടുത്ത ഇടവകയിൽ പോകാൻ ഇടയായി. ഇറ്റലിയിൽ, കലാബ്രിയയിൽ, സ്‌പെസാനോ എന്ന സ്ഥലമാണത്. കർമ്മല മാതാവിന്റെ തിരുനാളിന് ഒരുക്കമായി, മാതാവിന്റെ തിരുസ്വരൂപത്തിൽ സ്വർണ മാലയും, കമ്മലും, കിരീടവും ഒക്കെ ചാർത്തുന്ന ആഘോഷമായ ഒരു ചടങ്ങുണ്ടായിരുന്നു. സ്വർണത്തിൽ പൊതിഞ്ഞു നിൽക്കുന്ന മാതാവിന്റെ രൂപത്തിന് ഒരു പ്രത്യേക, സ്വർഗീയഭംഗി ആയിരുന്നു.

അതു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, സത്യം പറഞ്ഞാൽ സ്ത്രീകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സ്വർണ്ണം സ്ത്രീകൾക്ക് ഒരു അഴകാണ്‌! നാലാൾ കൂടുന്നിടത്ത്, ഒരു തരി പോന്നു പോലും ഇടാൻ ഇല്ലാതെ പോകേണ്ടിവരുന്ന ഒരു സ്ത്രീയുടെ മനോദുഃഖം ആർക്കു മനസ്സിലാക്കാൻ സാധിക്കും? എന്റെ അമ്മയുടെ മുഖം ഓർമ്മ വരുന്നു, കെട്ടിവന്ന നാളുകളിൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം തന്റെ സ്വർണ്ണം ചില മാറ്റകച്ചവടം നടത്തിയതിനാൽ, ഒരു തരി പൊന്നിട്ടു നടക്കാൻ കൊതിച്ച നാളുകൾ, അമ്മ പറഞ്ഞത് ഇപ്പോൾ ഓർമ്മയിൽ വരുന്നു! ശരിയാ, ഒരു തരി പൊന്നേ ഉള്ളെങ്കിലും, സ്വർണം സ്വർണ്ണം തന്നെയാണ്, മുക്കുപണ്ടം, മുക്കുപണ്ടവും!

കഴിഞ്ഞയാഴ്ച, എന്റെ ഒരു ബന്ധുവായ ഒരു അമ്മ വിളിച്ചു പറഞ്ഞു, "അച്ചാ, അച്ചൻ ഒന്നു പ്രത്യേകം പ്രാർത്ഥിക്കണം. 40 വർഷത്തിലേറെയായി പൊന്നുപോലെ സൂക്ഷിച്ച താലിമാല കളഞ്ഞുപോയി. നടന്ന വഴികളിലൊക്കെ, ഒത്തിരി അന്വേഷിച്ചിട്ടും കിട്ടിയില്ല, ഒരാഴ്ചയായിട്ട് ഉറക്കം പോലും നഷ്ടപ്പെട്ടു. ഒരു തരി പൊന്നെ ഉള്ളുവെങ്കിലും, അതിന് എന്റെ ജീവന്റെ വിലയുണ്ട്. ഒന്നു പ്രത്യേകം പ്രാർത്ഥിക്കണേ..." ഹാവൂ! അങ്ങനെ എന്റെ പ്രാർത്ഥനയും ദൈവം കേട്ടു. ഇന്നലെ ആ അമ്മ വിളിച്ചുപറഞ്ഞു, "അച്ചാ, ദൈവാനുഗ്രഹം, നഷ്ടപ്പെട്ടു പോയ താലിമാല തിരിച്ചുകിട്ടി, അത് മുറ്റത്ത് കിടപ്പുണ്ടായിരുന്നു." ഇതു പറയുമ്പോൾ ആ അമ്മയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. ദൈവത്തിനു സ്തുതി!

ഈ സ്വർണ്ണത്തിന് ഇത്രയ്ക്ക് വിലയാണോ? ഇത്രയ്ക്ക് ഭംഗിയാണോ? ഓ പിന്നേ, എനിക്ക് അത്ര വലിയ ഇഷ്ടം ഒന്നുമില്ല സ്വർണ്ണം! ഉവ്വ്, ഉവ്വ്,... കിട്ടാത്ത മുന്തിരി പുളിക്കും! അതേ സുഹൃത്തേ, സ്വർണം ഇപ്പോഴും ചിലരെ സന്തോഷിപ്പിക്കുകയും, മറ്റുചിലരെ നൊമ്പരപ്പെടുത്തും, വേദനിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ സ്വർണ്ണമേ, നിന്നെ കൊണ്ട് ഞാൻ തോറ്റു!

ഒന്നു പറഞ്ഞോട്ടെ സുഹൃത്തേ, കള്ളത്തരങ്ങളിലൂടെ സ്വർണ്ണവും, അതുപോലെ മറ്റുവിലപിടിച്ചതൊക്കെ സ്വന്തമാക്കാൻ ശ്രമിച്ചവർക്ക്, ആത്യന്തികമായി എന്നും പരാജയങ്ങളെ ഉണ്ടായിട്ടുള്ളൂ. മിക്കപ്പോഴും ജയിൽവാസം തന്നെയാണ് അവരെ കാത്തിരിക്കുന്നത്!!! എന്തിനാണ് വെറുതെ പോലീസിന്റെ അടിമേടിച്ചിട്ടു ആരോഗ്യം കളയുന്നത്!! ദൈവവചനം ഓർമിപ്പിക്കുന്നു, "ആരോഗ്യം സ്വര്‍ണത്തെക്കാള്‍ ശ്രേഷ്‌ഠമാണ്‌" (പ്രഭാഷകന്‍ 30 : 15).

"പത്രോസ്‌ പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്‍െറ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 6). ദൈവമേ, ഇനിയെങ്കിലും മനുഷ്യർ ഈ സ്വർണ്ണത്തിന്റെ പുറകെയുള്ള ഓട്ടം നിർത്തിയിരുന്നെങ്കിൽ, എത്രയോ പേർക്ക് സൗഖ്യം ഉണ്ടാകുമായിരുന്നു, എത്രയോ പേർക്ക് സമാധാനം ഉണ്ടാകുമായിരുന്നു, എത്രയോ കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു! പക്ഷേ ആരോട് പറയാൻ...!


Related Articles »