Meditation. - May 2024

സ്ത്രീകളില്‍ അനുഗ്രഹീതയായ പരിശുദ്ധ അമ്മ

സ്വന്തം ലേഖകന്‍ 14-05-2023 - Sunday

''നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും'' (ഉത്പത്തി 3:15).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ്-14

ഈ മേയ് മാസത്തില്‍, പരിശുദ്ധ അമ്മയിലേക്കാണല്ലോ നാം നമ്മുടെ കണ്ണുകളെ ഉയര്‍ത്തുന്നത്. യേശുവിന്റെ രക്ഷാകര കര്‍മ്മത്തില്‍ തനതായ കാര്‍മ്മികത്വം വഹിച്ച സ്ത്രീരത്‌നമാണ് പരിശുദ്ധ അമ്മ. പിതാവിന്റെ പദ്ധതിയനുസരിച്ച്, സ്വയം ബലിയായി തീര്‍ന്ന് കൊണ്ടാണ് ക്രിസ്തു തന്റെ വേല പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഇതില്‍ ഒരു സ്ത്രീയുടെ സഹകരണം അത്യാവശ്യമായിരുന്നു. അതിനായി, രക്ഷാകര പ്രവര്‍ത്തിയില്‍ ദൈവീക സഹകരണത്തിന്റെ അത്യുന്നത മാതൃകയായി 'വിമല കന്യക' നിലകൊണ്ടു. പഴയനിയമത്തില്‍ ഹവ്വായുടേ പാപം മൂലമുള്ള വീഴ്ചയുടെ കദനകഥയാണ് വിവരിക്കുന്നത്. എന്നിരുന്നാലും, പാപത്തിനും അതിന്റെ അനന്തരഫലങ്ങള്‍ക്കും എതിരായുള്ള പോരാട്ടത്തില്‍ ഒരു സ്ത്രീയെ ദൈവം തിരഞ്ഞെടുത്തുവെന്ന് പരിശുദ്ധ അമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇതിന്റെ വിശദീകരണമാണ് 'മംഗള വാര്‍ത്താ' സംഭവത്തില്‍ നമ്മുക്ക് കാണാന്‍ കഴിയുന്നത്. ദൈവദൂതന്‍ പരിശുദ്ധ അമ്മയോട് ലോകരക്ഷകനെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ പരിശുദ്ധ അമ്മ അത് സന്തോഷത്തോടെ സ്വീകരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇതിനെ അടിവരയിട്ട് പറയുന്നത് ഇങ്ങനെയാണ്, ''മനുഷ്യാവതാരസംഭവത്തിന് മുന്നോടിയായി സ്ത്രീകളില്‍ അനുഗ്രഹീതയായ ഒരു മാതാവിന്റെ സമ്മതം വേണമെന്നാണ് കരുണാസമ്പന്നനായ പിതാവ് ഇച്ഛിച്ചത്; അങ്ങനെ, പാപം മൂലം മരണത്തിന് അര്‍ഹയാക്കിയ ഒരു സ്ത്രീയ്ക്കു പകരമായി, രക്ഷകന് ജന്മം നല്‍കിയതിലൂടെ മറ്റൊരു സ്ത്രീ ജീവനായി ഭവിച്ചു''.

സ്ത്രീ വര്‍ഗ്ഗത്തിന്റെ പരിപൂര്‍ണ്ണമായ സ്വതന്ത്രവല്‍ക്കരണമാണ് മേരിയില്‍ കാണപ്പെടുന്നത്. 'നസറത്തിലെ കന്യക'യെ തന്റെ തിരുകുമാരന് ജന്മം നല്കാന്‍ പിതാവ് ക്ഷണിച്ചപ്പോള്‍ മേരിയുടെ 'ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കുകള്‍ എന്നില്‍ നിറവേറട്ടെ' എന്ന മറുപടി ലോകത്തിലെ ഏറ്റവും മനോഹരമായ മറുപടിയായി മാറി.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പയിസെൻസ, 5.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »