Social Media - 2020

ബന്ധനത്തിൻ ചങ്ങലകൾ അഴിഞ്ഞിരുന്നെങ്കിൽ..!

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ ഒസിഡി 01-08-2020 - Saturday

ആഗോള കത്തോലിക്ക സഭാചരിത്രത്തിൽ ആദ്യമായി ഒരു മാര്‍പാപ്പ, ഹോണോറിയൂസ് പാപ്പാ, ആദ്യമായി പ്രഖ്യാപിച്ച, 'പോര്‍സ്യുങ്കുള സമ്പൂർണ ദണ്ഡവിമോചനം' നേടാന്‍ ഇതാ സുഹൃത്തേ നിനക്കും ഒരു അവസരം, പാഴാക്കരുത്!!. ഇന്നു ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. മറക്കരുത്, 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'.

വിശുദ്ധ പത്രോസ് ശ്ളീഹാ, തടവറയിലെ ചങ്ങലകളിൽ നിന്നും മോചിതനായതിന്റെ ഓർമ്മദിനമാണ് ഓഗസ്റ്റ് ഒന്ന്‍. "പെട്ടെന്ന്‌ കര്‍ത്താവിന്‍െറ ഒരു ദൂതന്‍ പ്രത്യക്‌ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവന്‍ പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേല്‍ക്കൂ. അപ്പോള്‍ അവന്‍െറ കൈകളില്‍നിന്നു ചങ്ങലകള്‍ താഴെ വീണു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 7). ഇന്നേദിനം, എല്ലാ പാപികള്‍ക്കും, തങ്ങളുടെ പാപമാകുന്ന ചങ്ങലകളില്‍ നിന്നും മോചനം നേടുവാന്‍ കഴിയുന്ന ദിനമാക്കി മാറ്റാൻ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി ആഗ്രഹിച്ചു.

നമ്മുക്കറിയാം, പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്. ഇന്ന് ഒരു വിചിന്തനത്തിന്റെ ദിനമാകട്ടെ ! മറക്കരുത്, ഓരോരുത്തർക്കും ഓരോ ചങ്ങലകൾ ഉണ്ട്‌, തന്നെ ബന്ധനത്തിലാക്കുന്ന ചങ്ങലകൾ !! ഏസാവിനു ഒരു കോപ്പ പായസമായിരുന്നു, ദാവീദിന് ബേത്ഷബയായിരുന്നു, സാംസണ്‌ ദലീലയായിരുന്നു, യൂദാസിന് മുപ്പത് വെള്ളിനാണയങ്ങൾ ആയിരുന്നു, അവരെ ബന്ധനത്തിലാക്കിയ ചങ്ങലകൾ. !!! സുഹൃത്തേ, നീയും ഏതെങ്കിലും ബന്ധനത്തിൽ ആണോ?നിനക്കു ചുറ്റും ചങ്ങലകൾ നീ കാണുന്നോ?

സത്യത്തിൽ, ഏതെങ്കിലും ഒരു കുറ്റത്താൽ പിടിക്കപ്പെട്ടു, കൈവിലങ്ങു വെച്ചു ജയിലിൽ ആയവരോട് ചോദിച്ചു നോക്ക് അതിന്റെ സുഖം!! ഞാൻ ഓർക്കുന്നു, ഒരിക്കൽ പേരാവൂർ ആശ്രമത്തിൽ ഞാൻ ആയിരിക്കുമ്പോൾ, ഒരു രാത്രിയിൽ, ഒരു മദ്യപാനിയായ വ്യക്തി കുടിച്ചു വന്നിട്ടു, കല്ലുവെച്ചെറിഞ്ഞു ജനലിന്റെ ചില്ലുകൾ പൊട്ടിച്ചു. ആകപ്പാടെ, ഭയങ്കര ഒച്ചപ്പാട്, ബഹളം!! നിവർത്തി ഇല്ലാതെ പോലീസിൽ വിവരം അറിയിച്ചു. അവർ വന്ന് അയാളെ വിലങ്ങു വെച്ച് കൊണ്ടുപോയി.

പിറ്റേ ദിവസം സുഹൃത്തായ പോലീസുകാരൻ വിളിച്ചു പറഞ്ഞു, "അച്ചാ, ആ കള്ളുകുടിയൻ പോലീസ് സ്റ്റേഷനിലും ഷോ ഇറക്കി, നിവർത്തി ഇല്ലാതെ ചങ്ങലയിൽ തന്നെ മണിക്കൂറുകൾ സെല്ലിൽ നിർത്തി." കള്ള് ഇറങ്ങിയപ്പോൾ ആണ് പുള്ളിക്കാരന് ബോധം വന്നത്. അപ്പോൾ അയാൾ പോലീസുകാരനോട് കരഞ്ഞുകൊണ്ട് പറഞ്ഞു, "സാറെ, എനിക്ക് പത്തു സെന്റു സ്ഥലവും, ഒരു ചെറിയ വീടും ഉണ്ട്‌, അതു വേണമെങ്കിൽ സാറിന് എഴുതിതരാം, എന്നെ ചങ്ങലയിൽ നിന്നും മോചിക്കണേ!". പോലീസുകാരൻ പറഞ്ഞു, "നോക്ക് അച്ചാ, വെറുതെ ഒരു ജനാല പൊട്ടിക്കാൻ തോന്നിയത് കൊണ്ട്, ഇപ്പോൾ പത്തു സെൻറ് സ്ഥലവും വീടും എഴുതി കൊടുക്കാൻ തയ്യാറായി ഒരു മഹാൻ!

അതേ, സത്യത്തിൽ ഒരു വ്യക്തി ചങ്ങലയിൽ അകപ്പെട്ടു കഴിയുമ്പോൾ ആണ് അതിന്റെ വിഷമം മനസ്സിൽ ആക്കുന്നത്.!! കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറയുന്നു, "ഒരു പക്ഷിയെ നൂലു കൊണ്ട് ബന്ധിച്ചാലും, ചങ്ങലകൊണ്ട് ബന്ധിച്ചാലും, ബന്ധനം ബന്ധനം തന്നെ !!

സുഹൃത്തേ, നീയും അഴിച്ചു മാറ്റേണ്ട ചങ്ങലകൾ തിരിച്ചറിയുക, അത് പൊട്ടിച്ചെറിഞ്ഞ്, സ്വാതന്ത്ര്യതിന്റെ സുഖം കണ്ടെത്തുക, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി ഇന്ന് നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു, പൂർണ ദണ്ഡവിമോചനം നേടാൻ ക്ഷണിക്കുന്നു. ദൈവവചനം പറയുന്നു, "പൗലോസായ ഞാന്‍, സ്വന്തം കൈകൊണ്ടുതന്നെ ഈ അഭിവാദനം എഴുതുന്നു. എന്‍െറ ചങ്ങലകള്‍ നിങ്ങള്‍ ഓര്‍മിക്കുവിന്‍. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ" (കൊളോസോസ്‌ 4 : 18).

ഇറ്റലിയിലെ അസീസ്സിയിലുള്ള, സെന്റ്‌ മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്കയിലാണ് ഇപ്പോള്‍ പോര്‍സ്യുങ്കുള ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്. ദൈവാനുഗ്രഹത്താൽ എനിക്കും അസ്സീസിയിലെ ഈ ചാപ്പലിൽ പോയി പ്രാർത്ഥിക്കാൻ അവസരം ലഭിച്ചു. ദൈവമേ, ഇനിയെങ്കിലും എല്ലാ ചങ്ങലകളും അഴിഞ്ഞിരുന്നെങ്കിൽ!

ഓർക്കുക, സുഹൃത്തേ, പൂർണദണ്ഡ വിമോചനം നേടുവാൻവേണ്ടി, നാളെ ഓഗസ്റ്റ്‌ 2ന്, 8 ദിവസങ്ങള്‍ മുന്‍പോ, ശേഷമോ നല്ല കുമ്പസാരം നടത്തുക. നാളെ (ഓഗസ്റ്റ് 2) വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ച്‌, അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക. അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദേവാലയത്തില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസ പ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക. (കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍, കൂദാശാ സ്വീകരണത്തിനു സഭ നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുക). "ഇതാ, നിന്‍െറ കൈകളില്‍നിന്നു ഞാന്‍ ചങ്ങല അഴിച്ചു മാറ്റുന്നു." (ജറെമിയാ 40 : 4).


Related Articles »