Social Media - 2024

'ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക': കൂപ്പുകരങ്ങളോടെ ലെബനീസ് വൈദികന്റെ വീഡിയോ

പ്രവാചക ശബ്ദം 05-08-2020 - Wednesday

ബെയ്‌റൂട്ട്: ഇരട്ട സ്‌ഫോടനങ്ങളിൽ വിറങ്ങലിച്ചു നിൽക്കുന്ന ലെബനീസ് ജനതയ്ക്കു വേണ്ടി കൂപ്പുകരങ്ങളോടെ ആഗോള സമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ച് മാരോണൈറ്റ് വൈദികൻ ഫാ. ചാർബൽ ബെയ്‌റൂത്തിയുടെ വീഡിയോ. സ്ഫോടനം രാജ്യത്തു സൃഷ്ടിച്ച കടുത്ത അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ്, സെന്റ് ചാർബൽ തീർത്ഥാടന കേന്ദ്രത്തിന്റെ മുൻ ഡയറക്ടറായ ഇദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആഗോള സമൂഹത്തിന്റെ പ്രാർത്ഥന യാചിച്ചത്. നമ്മുടെ കർത്താവായ ക്രിസ്തുവിന് സ്തുതി എന്ന വാക്കുകളോടെയാണ് വൈദികന്റെ സന്ദേശം ആരംഭിക്കുന്നത്.



“ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യമായ ലെബനോനു വേണ്ടി പ്രാർത്ഥനാസഹായം യാചിച്ചാണ് ഞാൻ ഈ വീഡിയോ നിർമ്മിക്കുന്നത്. നിങ്ങൾക്കറിയാവുന്നതുപോലെ, ബെയ്‌റൂട്ടിൽ ഒരു വലിയ സ്‌ഫോടനം നടന്നു. നഗരത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കപ്പെട്ടു. ചിലർക്ക് ജീവൻ നഷ്ടപ്പെട്ടു, ധാരാളം ആളുകൾക്ക് പരിക്കേറ്റു. ഞാൻ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ പിന്തുണയ്ക്കുക, കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ. ” ഫാ. ചാർബൽ കൂപ്പുകരങ്ങളോടെ പറഞ്ഞു.

അതേസമയം ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിലേക്ക് കുതിക്കുകയാണ്. ഇതിനോടകം 78 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഭരണകൂടം നൽകുന്ന സൂചന. നാലായിരത്തോളം പേർക്ക് പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായത്. അതേസമയം സ്ഫോടന കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »