India - 2024

മാർ ജോസഫ് കല്ലറങ്ങാട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി

09-08-2020 - Sunday

പാലാ: തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദർശിച്ചു. ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനും നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിനുമായി പൂർവ്വികർ കെട്ടിപ്പടുത്ത സ്കൂളുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുറന്നു നൽകുന്നതിൽ അഭിമാനിക്കുന്നതായും കൂടുതൽ സ്ഥാപനങ്ങൾ അടിയന്തര ഘട്ടങ്ങളിൽ വിട്ടു നൽകുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

തീക്കോയി സെന്റ് മേരിസ് ഫൊറോനാ ഇടവകയുടെയും പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് ഇടവകയുടെയും സ്കൂളുകൾ ആണ് തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകളുടെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും വോളണ്ടിയേഴ്സിനെയും പോലീസ് അധികാരികളെയും ഇടവകാധികൃതരെയും ബിഷപ്പ് അഭിനന്ദിച്ചു. ബിഷപ്പിന്റെ സന്ദർശനം ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കും ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നവർക്കും വലിയ ആശ്വാസമായി.

തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. തോമസ് മേനാച്ചേരി, പെരിങ്ങളം പള്ളി വികാരി ഫാ. മാത്യു പാറത്തൊട്ടി, പാലാ രൂപതാ സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ, പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ജോയൽ പണ്ടാരപറമ്പിൽ, ലേബർ മൂവ്മെന്റ് ഡയറക്ടർ ഫാ. ജോർജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, എസ് എം വൈ എം ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, അടിവാരം പള്ളി വികാരി ഫാ. ജിസിൽ കോലത്ത്, തീക്കോയി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പുരയിടത്തി മാട്ടേൽ എന്നിവർ ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.

പി. സി. ജോർജ് എംഎൽഎ, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുറപ്പന്താനം, മെമ്പർ പയസ് കവളംമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി, പൂഞ്ഞാർ പഞ്ചായത്ത് മെമ്പർമാരായ സജി സിബി, ഷൈനി, എസ് ഐ സുരേഷ്, എ എസ് ഐ ബിനോയി എന്നിവർ മെത്രാന്റെ സന്ദർശക സംഘത്തെ സ്വാഗതം ചെയ്തു. സ്കൂളുകൾ, കോളേജ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള ക്രൈസ്തവ സ്ഥാപനങ്ങളും പള്ളികളോടനുബന്ധിച്ചുള്ള പാരിഷ് ഹോളുകൾ ഉൾപ്പെടെയുള്ള മറ്റു കെട്ടിടങ്ങളും കോവിഡ് പ്രവർത്തനങ്ങൾക്കും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വിട്ടുനൽകി വീണ്ടും മാതൃകയാവുകയാണ് പാലാ രൂപത.


Related Articles »