Social Media - 2024

പീലാത്തോസിനെ പോലെ കൈകഴുകാൻ നിന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടോ?

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ ഒസിഡി 11-08-2020 - Tuesday

"ദേവാലയം പോലും അശുദ്ധമാക്കാന്‍ ഇവന്‍ ശ്രമിക്കുകയുണ്ടായി" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 24 : 6). അതേ ഈ നാളുകൾ, ക്രിസ്തീയ ദേവാലയങ്ങൾ പോലും കൊള്ളയടിക്കപ്പെടുന്ന കാലം! ദൈവീക പ്രതിപുരുഷരെയും, സമർപ്പിതരെയും, ഏതു വിധത്തിലും താറടിച്ചു കാണിക്കുന്ന കാലം! ദൈവവും, ദൈവവിശ്വാസവും വിലയില്ലാത്തതായി കരുതുന്ന കാലം! മതസൗഹാർദ്ദത്തിന്റെ പേരിൽ, സ്വന്തം ദൈവത്തെ വെറും ഏഴാംകൂലിയായി, തരം താഴ്ത്തുന്ന, വിശ്വാസികളുടെ കാലം!

ദൈവമേ, ഒരു വേള, തിരുസഭയെയും, തിരുസഭാ പഠനങ്ങളെയും, ദൈവവചനത്തെയും, ദേവാലയത്തെയും എത്രയോ ലാഘവത്തോടെയാണ് ഞാനും കണ്ടു പോയിട്ടുള്ളത്! പല ദേവാലയങ്ങളിലും പോയത്, കൊത്തുപണികൾ കാണാനും, ഫോട്ടോ എടുത്തു രസിക്കാനും മാത്രമായിരുന്നോ? ദൈവമേ, ദേവാലയം "ദൈവത്തെ കണ്ടുമുട്ടാനുള്ള ഇഷ്ടമാണെന്ന്" ഓർക്കാതെ പോയതിന് മാപ്പ്..! ഈ നാളുകളിൽ, എന്തു കൊണ്ടാണ് സഭ ഇത്രമാത്രം അവഹേളിക്കപെടുന്നത്?സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുന്ന ക്രിസ്തുവിന്റെ സഭയെ എന്തിനാണ് ശത്രുക്കൾ ഇത്രമാത്രം പേടിക്കുന്നത്? ദിനംപ്രതി വാർത്തകളിൽ നാം കാണുന്നുണ്ട്, ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളും, ആക്രമണങ്ങളും!!

ദേവാലയങ്ങളിൽ മറ്റു മതസ്ഥരുടെ കടന്നുകയറ്റം, ദേവാലയങ്ങൾക്ക് തീപിടുത്തം, ദേവാലയങ്ങൾക്കു നേരെ ബോംബാക്രമണം, വിശുദ്ധ വസ്തുക്കൾ നശിപ്പിക്കൽ, പുരോഹിതരെ തട്ടിക്കൊണ്ടുപോകൽ, ക്രൈസ്തവരെ വെടിവെച്ചു കൊല്ലൽ! അതേ ചരിത്രത്തിൽ വേറൊരു മതവിഭാഗവും ഇതുപോലെ മർദ്ദനങ്ങളിലൂടെ കടന്നുപോയിട്ടില്ല, ക്രൈസ്തവ സഭയല്ലാതെ..!

ആദിമ ക്രൈസ്തവരുടെ നാളിൽ, റോമാ സാമ്രാജ്യത്വത്തിന്റെ മതമർദ്ദനമായും, പിന്നീട് വിശ്വാസ പ്രതിസന്ധി തീർക്കുന്ന പാഷണ്ഡതകളായും, സഭയെ പിളർക്കാനുള്ള വിപ്ലവങ്ങളായും, നാരകീയ ശക്തികൾ സഭക്കെതിരെ ആഞ്ഞടിച്ചു. കോടിക്കണക്കിന് രക്തസാക്ഷികളുടെ ചുടുനിണംവീണു..! അപ്പോഴും അവയ്ക്കൊന്നും സഭയെ തകർക്കാൻ പറ്റിയില്ല. കാരണം നശിക്കാതിരിക്കാൻ "ദൈവത്തിന്റെ ആശീർവാദം" കിട്ടിയവളാണ് തിരുസഭ.

അതേ സുഹൃത്തേ, ഞാനും നീയും വിശ്വസിക്കുന്ന, ആശ്വസിക്കുന്ന, ശ്വസിക്കുന്ന, സഭയുടെ ശിരസ്, ക്രിസ്തുവാണ്. പത്രോസാകുന്ന പാറമേലാണ് തിരുസഭ സ്ഥാപിച്ചിരിക്കുന്നത്. ഒരു നാരകീയ ശക്തിക്കും, ഒരു നാളിലും, ഈ തിരുസഭയെ തകർക്കാൻ പറ്റില്ല...! അതുകൊണ്ട് തന്നെ, ദൈവവിശ്വാസികളുടെ, രക്തസാക്ഷികളുടെ ചുടുനിണം വീഴുന്ന ഈ മണ്ണിൽ തിരുസഭ തഴച്ചുവളരുക തന്നെ ചെയ്യും. ഈ അടുത്ത നാളിൽ, ഹാഗിയ സോഫിയ ക്രൈസ്തവ ദൈവാലയത്തിൽ, മുസ്ലിം ബാങ്ക് വിളികൾ മുഴുകിയപ്പോൾ ഓരോ വിശ്വാസികൾക്കും അത് വിലാപത്തിന്റെ ദിനമായി മാറി. !!

പക്ഷെ ഇന്ന് ചിന്തിക്കുമ്പോൾ ഒരു ഹാഗിയ സോഫിയയെ കുറിച്ച് മാത്രമല്ല നാം കരയേണ്ടതും, വിലപിക്കേണ്ടതും! ഒപ്പം, തകർക്കപ്പെട്ടതും, കൊള്ളയടിക്കപ്പെട്ടതും, വിറ്റതും, വിൽക്കാത്തതുമായ, ലോകത്തിലുള്ള എല്ലാ ക്രൈസ്തവ ദൈവാലയങ്ങളെ കുറിച്ചും കരയേണ്ട, വിലപിക്കേണ്ട സമയം അതിക്രമിച്ചു! ഒരിക്കൽ, "യൂറോപ്പിൻ രാജ്യങ്ങളിൽ ദേവാലയങ്ങൾ വിൽക്കപ്പെടുന്നു" എന്ന വാർത്ത പത്രത്തിൽ കണ്ടപ്പോൾ ഞാനും വിചാരിച്ചു തമാശ ആണെന്ന്.! എന്നാൽ ഇപ്പോൾ ഇറ്റലിയിൽ വന്നപ്പോൾ മനസ്സിലായി, ദേവാലയത്തിൽ ദിവ്യബലിക്കായി, പുതിയ തലമുറയെ കാണാൻപോലും ഇല്ല! പ്രായമായ കുറച്ചുപേർ, വല്ലപ്പോഴും ദൈവാലയത്തിൽ വരും. ഇങ്ങനെ പോയാൽ, ഇരുപതു വർഷത്തിനുള്ളിൽ, മറ്റു അത്ഭുതമൊന്നും നടന്നില്ലങ്കിൽ യൂറോപ്പിലെ എല്ലാ ദേവാലയവും അടച്ചു പൂട്ടും!

അതെ, പല രാജ്യങ്ങളിലും, പരിശുദ്ധ കുർബാന അർപ്പിച്ച ദേവാലയങ്ങളിപ്പോൾ ഡാൻസ് ബാറുകളും, ക്ലബ്ബുകളും ജിംനേഷ്യങ്ങളും, വ്യഭിചാര ശാലകളും, ബ്ലാക്ക് മാസ് കേന്ദ്രങ്ങളും ഒക്കെയായി മാറിക്കഴിഞ്ഞു. സുഹൃത്തേ, ആരാണ് ഇതിന് ഉത്തരവാദി ! പീലാത്തോസിനെ പോലെ കൈകഴുകാൻ നിന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടോ? "ഓ, നമ്മുടെ നാട്ടിൽ അങ്ങനെയൊന്നും സംഭവിക്കില്ല"എന്നല്ലേ നീയും ഇപ്പോൾ ചിന്തിക്കുന്നത്?

കൊറോണ, മറ്റു രാജ്യങ്ങളിൽ വന്നപ്പോൾ, 'ഓ പിന്നെ, നമ്മുടെ നാട്ടിലും, പഞ്ചായത്തിലും, വരില്ല' എന്ന് ചിന്തിച്ചതു പോലെ തന്നെയാണ് ഇതും !!ഓർക്കുക, നിന്റെ ഇടവക പള്ളിയും പൂട്ടും, ഇങ്ങനെ പോയാൽ! അല്ല ചോദിക്കട്ടെ, എത്ര നാളായി, നീ പള്ളിയിൽ പോയിട്ട്? അതേ, തുടക്കം ഇങ്ങനെ തന്നെയാ!!! പല കാരണങ്ങളാൽ, ദേവാലയങ്ങൾ അവഗണിക്കുമ്പോൾ, തകർച്ച ഒരു കല്ലേറ് ദൂരം എത്തിയെന്നു ഓർത്താൽ നല്ലത്..!

ഒത്തിരി വേദനിപ്പിക്കുന്ന ഒരു സത്യമാണ്, ഇന്ന്, കേരളത്തിൽ പോലും പല ക്രിസ്ത്യൻ ദേവാലയങ്ങളും, മതസൗഹാർദ്ദത്തിന്റെ പേരിൽ മുസ്ലിം സഹോദരങ്ങൾക്കു നമസ്കാരം നടത്താൻ തുറന്നു കൊടുക്കുന്നു. ഹിന്ദു സഹോദരങ്ങൾക്കു പൂജിക്കാൻ വിട്ടുകൊടുക്കുന്നു. ഒപ്പം വിശുദ്ധമായ ദേവാലയത്തിൽ, മറ്റു മതസ്ഥരുടെ രീതിയിൽ തിരുക്കർമങ്ങളെ വളച്ചൊടിക്കുന്നു, ചില ദൈവശാസ്ത്രം പഠിച്ചവർ! ഇതെല്ലാം കണ്ട് സോഷ്യൽ മീഡിയയിലൂടെ, സഭയെ പൊങ്കാല ഇടുന്ന കുറേ പേർ..! ദേവാലയത്തിൽ ദൈവത്തിനു സ്ഥാനം നിഷേധിക്കുന്നത് പലപ്പോഴും അറിവില്ലായ്മയോ, അഹങ്കാരമോ, ആളാകാൻ ഉള്ള ആഗ്രഹമോ, കാരണം എന്തുതന്നെ ആയാലും ശരി, പരിണതഫലം എന്താകും എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. "എന്‍െറ പിതാവിന്‍െറ ആലയം നിങ്ങള്‍ കച്ചവടസ്‌ഥലമാക്കരുത്‌" (യോഹന്നാന്‍ 2 : 16).

മറക്കരുത്, 'ദൈവം വേണ്ട' എന്ന് ചിന്തിക്കുന്ന ഒരു തലമുറ നമ്മുക്കു ചുറ്റും ഉയർന്നു വരുന്നു. ആരാണ്‌ ദൈവം? എന്ത് ദൈവം? എന്തിനാണ് ദൈവം? ദൈവം മനുഷ്യനെ പറ്റിക്കാനുള്ള ഒരു 'സങ്കൽപം' മാത്രം! ദൈവം വെറും ഒരു 'തോന്നൽ' മാത്രം ! പലരും ഇങ്ങനെ ചിന്തിച്ചു ദൈവത്തിൽ നിന്നും അകലുമ്പോൾ, ആരാണ് ഇതിനു കാരണക്കാർ? ആരെ കുറ്റം വിധിക്കും? "ഓരോരത്തര്‍ക്കും ദൈവത്തെ ആവശ്യമുണ്ടെന്നും അവിടുത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് മിഥ്യയാണെന്നും" ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ ഫ്രാന്‍സിസ് പാപ്പ ആഗസ്റ്റ് എട്ടാം തിയ്യതി, ശനിയാഴ്ച, ട്വിറ്ററിൽ പങ്കുവച്ചു! ഇനി, മലയാളത്തിൽ മാർപാപ്പ പറയാത്തത് കൊണ്ടാണോ പലർക്കും മനസ്സിലാകാതെ പോയത്?

കഴിഞ്ഞ ദിവസം ഒരു വാർത്ത കേട്ടു, 'ആരാധനാലയങ്ങള്‍ അത്യാവശ്യമല്ല' എന്ന പെന്നിസില്‍വാനിയയുടെ ഗവര്‍ണര്‍ ടോം വൂള്‍ഫിന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ക്രൈസ്തവ വിശ്വാസികള്‍ വാള്‍മാര്‍ട്ടിനുള്ളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി, തങ്ങളുടെ വിശ്വാസം ഭരണകൂടത്തിന് മുന്നില്‍ പ്രകടിപ്പിച്ചു എന്ന്‌! അതേ ഇതുപോലെ ചങ്കൂറ്റം ഉള്ളവർ സഭയിൽ തീർച്ചയായും കടന്നുവരും. സുഹൃത്തേ, നീ മൂലം സഭ വളരുന്നോ, അതോ..?

ഇന്ന് ക്രിസ്തുവിന്റെ സഭയെ തകർക്കാൻ പറ്റാത്ത നാരകീയശക്തികൾ, പിശാചുകൾ, ഗാർഹീക സഭയായ കുടുംബത്തെ തകർക്കാനുള്ള ശ്രമത്തിലാണ്. മനുഷ്യരുടെ ഉള്ളിൽ വഞ്ചനയും, കാപട്യവും, വിദ്വേഷവും, പകയും, അനീതിയും, അവിശ്വസ്തതയും, അക്രമങ്ങളും, കുത്തിനിറച്ചുകൊണ്ട് ! ഓർക്കുക, ജീവിത പങ്കാളിയോട്, മാതാപിതാക്കളോട്, മക്കളോട്, സഹോദരങ്ങളോട് ഒക്കെ സ്നേഹമില്ലാതെ, വിശ്വസ്തതയില്ലാതെ, പുണ്യമില്ലാതെ, ജീവിക്കുമ്പോൾ തകരുന്നത് സഭ തന്നെയാണ്! ഐ എസ് ഭീകരർ തകർക്കാൻ നോക്കിയിട്ടും, തകരാത്ത തിരുസഭയെ, വിളിയോട് വിശ്വസ്തത ഇല്ലാത്ത ജീവിതം വഴി, സിമ്പിളായി തകർക്കാൻ നീയും ശ്രമിക്കുന്നുണ്ടോ? "യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്‌ധരിക്കും" (യോഹന്നാന്‍ 2 : 19).

സുഹൃത്തേ, പത്രോസിനെ പോലെ വിജാതിയരുടെ മുൻപിൽ ക്രിസ്തുവിനെ, "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു" എന്ന് പ്രഖ്യാപിക്കുവാൻ ചങ്കുറ്റം ഉണ്ടോ? ഇതൊരു തിരിച്ചറിവിന്റെ നിമിഷം ആണ്. ഒരിക്കൽ കൂടി, ദേവാലയത്തിലേക്ക് കടന്നുവരാം. ദൈവത്തെ കണ്ടുമുട്ടാം. കുരിശിൽ നിനക്കുവേണ്ടി പ്രാണൻ വെടിഞ്ഞ ക്രിസ്തുവിലേക്ക് നോക്കാം. കാരണം വചനം പറയുന്നു, "അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല" (സങ്കീര്‍ത്തനങ്ങള്‍ 34 : 5). ദൈവജനം ഉണരട്ടെ! ദേവാലയങ്ങൾ തുറക്കട്ടെ..!

More Archives >>

Page 1 of 19