Sunday Mirror

ദൈവം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചില്ലങ്കിലും, നിങ്ങളെ തന്നെ ഒരു അത്ഭുതമാക്കി മാറ്റാൻ അവിടുത്തേക്കു കഴിയും

സ്വന്തം ലേഖകന്‍ 30-12-2023 - Saturday

ആസ്ട്രേലിയയിലെ മെൽബണിൽ അംഗവിഹീനനായി ജനിച്ച നിക്ക് വ്യൂജിക്ക്, ഇന്ന് ലോകം അറിയപ്പെടുന്ന ഒരു സുവിശേഷ പ്രഘോഷകനായി, 60 രാജ്യങ്ങളോളം സന്ദർശിച്ചുകൊണ്ട് ക്രിസ്തുവിന്റെ അത്ഭുത പ്രവർത്തികൾ ലോകത്തോട്‌ വർണ്ണിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ ക്രിസ്തു എന്തെങ്കിലും അത്ഭുതം പ്രവർത്തിച്ചോ എന്നു ചോദിച്ചാൽ, ഇല്ല എന്ന് അദ്ദേഹം മറുപടി പറയും. അംഗവിഹീനനായി ജനിച്ച അദ്ദേഹം ഇന്നും അംഗവിഹീനൻ തന്നെ. പിന്നെ`എങ്ങനെയാണ് ക്രിസ്തുവിന്റെ അത്ഭുത പ്രവർത്തികളെക്കുറിച്ച് പ്രഘോഷിക്കുന്നത്?

എല്ലാ അവയവങ്ങളും ഉണ്ടായിട്ടും ജീവിതത്തിൽ ചെറിയ ഒരു ആവശ്യം വരുമ്പോൾ 'അത്ഭുതത്തിനു' വേണ്ടി കാത്തിരിക്കുന്ന ഓരോ വിശ്വാസിയും അദ്ദേഹത്തിന്റെ മറുപടി ഓർത്തിരിക്കണം. "ദൈവം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചില്ലങ്കിലും നിങ്ങളെ തന്നെ ഒരു അത്ഭുതമാക്കി മാറ്റാൻ അവിടുത്തേക്കു കഴിയും".

ചെറുപ്പത്തിൽ സ്വന്തം കുടുംബത്തിൽ നിന്നും അങ്ങേയറ്റത്തെ സ്നേഹം ലഭിച്ചിരുന്നെങ്കിലും സ്കൂളിൽ ചേർന്നതോടെ അവന് ചുറ്റുമുള്ളവരുടെ പ്രതികരണങ്ങൾ അസഹനീയമായി തോന്നി തുടങ്ങി. പത്താം വയസ്സിൽ ആത്മഹത്യയെ പറ്റി വരെ ആലോചിച്ച ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.

തന്റെ മുമ്പിൽ രണ്ട് സാധ്യതകൾ ഉളളതായി 13-ാം വയസ്സിൽ അദ്ദേഹത്തിന് മനസ്സിലായി. ഒന്നുകിൽ തനിക്ക് ഇല്ലാത്തതിനെ പറ്റിയോർത്ത് ദുഖിച്ച് കാലം കഴിക്കുക. അല്ലെങ്കിൽ തനിക്ക് ഉള്ളതിനെ പറ്റിയോർത്ത് സന്തോഷിച്ച് ജീവിക്കുക.

സാവധാനത്തിൽ അവന് ഒരു കാര്യം മനസ്സിലായി. കൈകാലുകളേക്കാൾ പ്രധാനം ഉദ്ദേശലക്ഷ്യങ്ങളാണ്. അതോടൊപ്പം, യേശു കുരുടന് കാഴ്ച്ചകൊടുക്കുന്ന സുവിശേഷ ഭാഗം ആഴത്തിൽ പഠിച്ചപ്പോൾ, അവന് മറ്റൊരു കാര്യം കൂടി വ്യക്തമായി- നമ്മുടെ പ്രവർത്തനങ്ങൾക്ക് ദൈവത്തിന്റെ പദ്ധതിയുടെ വിശദാംശങ്ങൾ നമ്മൾ അറിഞ്ഞിരിക്കണമെന്നില്ല.

പിന്നീടൊരിക്കൽ, തന്റെ ജീവിതം അംഗവിഹീനനായി ജനിച്ച മറ്റൊരു കുട്ടിക്ക് പ്രചോദനമായി മാറുന്നത് വ്യൂജിക്ക് കണ്ടു. അദ്ദേഹം പറയുന്നു. "എന്റെ ജീവിതത്തിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പക്ഷേ, ഞാൻ മറ്റുള്ളവർക്ക് ഒരു അത്ഭുതമാണെന്ന് 24-മത്തെ വയസ്സിൽ എനിക്കു മനസ്സിലായി !"

ഇന്ന് ലോകം അറിയപ്പെടുന്ന ശക്തരായ വചനപ്രഘോഷകരിൽ ഒരാളാണ് നിക്ക് വ്യൂജിക്ക്.

#Repost

More Archives >>

Page 1 of 3